സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും വ്യവസായങ്ങള്‍ അടപ്പിക്കുക സര്‍ക്കാര്‍ നയമല്ലെന്നും തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. ഈ മാസം 21 ന് മാതമംഗലം വിഷയം പരിഹരിക്കാനുള്ള ഉഭയകക്ഷി ചര്‍ച്ച നടക്കും. ലേബര്‍ കമ്മീഷണര്‍ എസ്. ചിത്ര ഐ എ എസിന്റെ നേതൃത്വത്തിലായിരിക്കും ചര്‍ച്ച. സ്ഥാപനമുടമയുമായും തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായും ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും.
വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തൊഴില്‍മന്ത്രി വി ശിവന്‍കുട്ടിയാണ് പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ലേബര്‍ കമ്മീഷണറെ ചുമതലപ്പെടുത്തിയത്. വാണിജ്യ – വ്യവസായ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചു.
തൊഴില്‍ പ്രശ്‌നങ്ങളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഇടപെടുകയും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയും ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൊഴിലാളി – തൊഴിലുടമ ബന്ധം ശക്തമാക്കാനുള്ള നടപടികളാണ് തൊഴില്‍ വകുപ്പ് സ്വീകരിച്ചുവരുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സംസ്ഥാനത്തെ തൊഴിലന്തരീക്ഷം മോശമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ല.
തൊഴിലാളി ക്ഷേമ നടപടികളില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് കേരളം. സംസ്ഥാനത്ത് തൊഴിലാളികളുടെ ക്ഷേമം, സമാധാനപരമായ തൊഴില്‍ അന്തരീക്ഷം എന്നിവയോടൊപ്പം പുതിയ തൊഴിലവസര സൃഷ്ടിയും കൂടി ലക്ഷ്യം വെച്ചുള്ള വികസന കാഴ്ച്ചപ്പാടാണ് സര്‍ക്കാരിനുള്ളത്.
തൊഴിലാളി, തൊഴിലുടമ, സര്‍ക്കാര്‍ എന്നിങ്ങനെ ത്രികക്ഷി സമ്പ്രദായം ശക്തിപ്പെടുത്തി ഉഭയകക്ഷി ചര്‍ച്ചകളിലൂടെ എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. മാതമംഗലത്തും മാടായിയിലും സര്‍ക്കാരിന്റെ നിലപാട് ഇതുതന്നെയാണ്.
തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണെന്നും തൊഴിലുടമകളും തൊഴിലാളികളും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ തൊഴില്‍ ബന്ധങ്ങളും തൊഴില്‍ സംസ്‌കാരവും ആണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.