കൊച്ചി : സിപിഎം കളമശേരി ഏരിയ സെക്രട്ടറി വി.എ.സക്കീര്‍ ഹുസൈനെ സ്ഥാനത്തുനിന്നു നീക്കി. സിപിഐഎം കളമശ്ശേരി ഏരിയ സെക്രട്ടറി, എറണാകുളം ജില്ലാ കമ്മറ്റി അംഗം എന്നീ സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്. അനധികൃതസ്വത്തിന്റെ പേരില്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. സി.എം.ദിനേശ് മണി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടിയെടുത്തത്. ഒട്ടേറെ വിഷയങ്ങളില്‍ ആരോപണവിധേയനാണു സക്കീര്‍ ഹുസൈന്‍.
സക്കീർ ഹുസൈന് നാല് വീടുകൾ ഉണ്ടെന്നാണ് സൂചന. ഇതിൻ്റെയൊക്കെ അടിസ്ഥാനത്തിലാണ് തീരുമാനം. നേരത്തെ, വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിൽ ഇദ്ദേഹം നേരത്തെ അറസ്റ്റിലായിരുന്നു. തുടർന്ന് കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. പിന്നീട് വീണ്ടും അദ്ദേഹം ഈ സ്ഥാനത്ത് എത്തുകയായിരുന്നു.
കുസാറ്റിലെ വിദ്യാർഥി ആക്രമണവുമായി ബന്ധപ്പെട്ടു സക്കീറും സ്ഥലം എസ്ഐ അമൃത് രംഗനും ഫോണിലൂടെ ഏറ്റുമുട്ടിയതു സമൂഹമാധ്യമങ്ങളിൽ െവെറലായിരുന്നു. ലോക്ഡൗൺ സമയത്ത് പൊലീസ് ഉദ്യോഗസ്ഥനോട് കയർത്തതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു.സിപിഐഎം നേതാവും അയ്യനാട് സഹകരണ ബാങ്കിലെ ബോർഡംഗവുമായ സിയാദ് ആത്മഹത്യ ചെയ്ത സംഭവത്തിലും സക്കീർ ഹുസൈനു പങ്കുണ്ടായിരുന്നു. തന്റെ ആത്മഹത്യക്ക് കാരണം സിപിഐഎം കളമശേരി ഏരിയാ സെക്രട്ടറിയും മറ്റ് രണ്ട് പ്രാദേശിക നേതാക്കളുമാണെന്ന് ആത്മഹത്യാ കുറിപ്പിൽ സിയാദ് എഴുതിയിരുന്നു. ആത്മഹത്യാക്കുറിപ്പ് സിയാദിന്റെ സഹോദരൻ തൃക്കാക്കര പൊലീസിന് കൈമാറി.
കളമശേരി സിപിഐഎം ഏരിയാ സെക്രട്ടറി വി.എ സക്കീർ ഹുസൈൻ തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് സിയാദ് കുറിപ്പിൽ പറഞ്ഞത്. ലോക്കൽ സെക്രട്ടറിയും ബാങ്കിന്റെ പ്രസിഡന്റായ കെ.എ ജയചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി കെ.പി നിസാർ എന്നിവരുടെ പേരും ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിരുന്നു.