വാളയാർ കേസിൽ സിബിഐക്കായി കുട്ടികളുടെ അമ്മ..!! ബാലവകാശ കമ്മിഷൻ സന്ദർശനം അറിയിച്ചില്ലെന്നും അമ്മ

വാളയാറില്‍ പീഡനത്തിനിരയായി ദലിത് സഹോദരിമാര്‍ മരണപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്. കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മരിച്ച പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചു. രണ്ടുദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ ഇതിനുള്ള അപ്പീല്‍ ഫയല്‍ ചെയ്യും.

ബാലവകാശ കമ്മിഷൻ കാണാൻ വരുന്നതിനെക്കുറിച്ച് അറിയില്ലായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. അറിഞ്ഞിരുന്നെങ്കിൽ കാണാൻ ശ്രമിക്കുമായിരുന്നു. അതേസമയം കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് പെൺകുട്ടികളുടെ വീട് സന്ദർശിക്കും. ഉപവാസ സമരവും ഹർത്താലുമുൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾക്കാണ് യു.ഡി.എഫ് പദ്ധതിയിട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലക്കാട് പൊക്‌സോ കോടതി ദിവസങ്ങൾക്ക് മുമ്പ് കേസിലെ പ്രതികളായിരുന്ന വി.മധു, എം. മധു, ഷിബു എന്നിവരെ വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിൽ മൂന്നാം പ്രതിയെ നേരത്തെ തന്നെ പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. മറ്റ് മൂന്ന് പ്രതികളെയാണ് ഒക്ടോബർ മാസം അവസാനം കോടതി വെറുതെ വിട്ടത്. കേസിലെ പ്രായപൂർത്തിയാകാത്ത ഒരു പ്രതിക്കെതിരെയുള്ള കേസ് ജുവനൈൽ കോടതിയിൽ ഈ മാസം 15ന് പരിഗണിക്കും.

പ്രതികളെ വെറുതെ വിട്ടുകൊണ്ടിള്ള കോടതി വിധിക്ക് പിന്നാലെ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെൺകുട്ടികളുടെ അമ്മ എത്തിയിരുന്നു. ‘മൂത്ത കുട്ടി മരിച്ചപ്പോൾ അവളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസുകാർ ഞങ്ങളെ കാണിച്ചില്ല. രണ്ടാമത്തെ കുട്ടിയും മരിച്ചപ്പോഴാണ് അവരത് കാണിച്ചത്. എല്ലാ കാര്യങ്ങളും കോടതിയിൽ പറഞ്ഞതാണ്. എന്നിട്ടും എന്തുകൊണ്ടാണ് തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിട്ടതെന്ന് അറിയില്ല. കേസന്വേഷണത്തിൽ വീഴ്ചയുണ്ട്. മൂത്തകുട്ടിയെ പീഡിപ്പിക്കുന്നത് നേരിൽ കണ്ടത് പൊലീസുകാരോട് പറഞ്ഞതാണ്. കേസിന്റെ ഒരു കാര്യവും ആരും ഞങ്ങളെ അറിയിച്ചിരുന്നില്ല’- അമ്മ നേരത്തേ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

അതേസമയം, വാളയാര്‍ കേസില്‍ ഇരകള്‍ക്കു നീതി ആവശ്യപ്പെട്ട് ക്ലാസ് മുറിയില്‍ പോസ്റ്റര്‍ പതിച്ച പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കു സസ്പെന്‍ഷന്‍. തിരുവനന്തപുരം വിളവൂര്‍ക്കല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മൂന്നുപേരെയാണ് സസ്പെന്‍ഡ് ചെയ്തത്. മൂന്നുദിവസത്തേക്കാണ് സസ്പെന്‍ഷന്‍. അനുമതി ഇല്ലാതെ പോസ്റ്റര്‍ ഒട്ടിച്ചെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.

മാതൃകാപരമായി പ്രതികരിച്ച വിദ്യാര്‍ഥികളെ അന്യായമായി ശിക്ഷിക്കുകയായിരുന്നുവെന്നായിരുന്നു രക്ഷിതാക്കളുടെ പ്രതികരണം. സ്കൂള്‍ അസംബ്ലിയില്‍ പരസ്യമായി മാപ്പുപറയാന്‍ വിദ്യാര്‍ഥികള്‍ തയാറായിട്ടും സ്കൂള്‍ അധികൃതര്‍ ചെവിക്കൊണ്ടില്ലെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

 

Top