കട്ടപ്പന: വണ്ടന്മേട് നെറ്റിത്തൊഴു പാലാക്കണ്ടം കുറ്റിപ്പുറത്ത് ഷിജോയുടെ ഭാര്യ ജിന്‍സി(25) മകള്‍ അലിയ (രണ്ട്)നെ കൊലപ്പെടുത്തി തീകൊളുത്തി ആത്മഹത്യ ചെയ്തത് ഭര്‍ത്തൃസഹോദരനുമായുള്ള നിരന്തര വഴക്കിനെ തുടര്‍ന്നെന്ന് പൊലീസ്. കുടുംബപ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്നാണ് യുവതി കടുംകൈ ചെയ്തത്.
ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ഷിജോയും മാതാവും ഭാര്യയും മകളും ഒരുമിച്ചാണു താമസിച്ചിരുന്നത്. സമീപത്തെ അണ്‍ എയ്ഡഡ് സ്‌കൂളില്‍ അദ്ധ്യാപികയായ ജിന്‍സി ഇന്നലെ രാവിലെ സഹപ്രവര്‍ത്തകരുമായി സംസാരിച്ചശേഷം വീട്ടിലേക്കു മടങ്ങി. ഈ സമയം ഭര്‍തൃമാതാവ് കൂലിപ്പണിക്കും ഓട്ടോറിക്ഷാ ഡ്രൈവറായ ഷിജോ ടൗണിലേക്കും പോയിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ ഡീസലുപയോഗിച്ചാണ് ജിന്‍സി ആത്മഹത്യ ചെയ്തത്.
നെറ്റിത്തൊഴു സെവന്‍ത് ഡേ അഡ്വെന്റിസ്റ്റ് സ്‌കൂളില്‍ അദ്ധ്യാപികയായിരുന്ന ജിന്‍സി രാവിലെ കുഞ്ഞിനെ അടുത്ത വീട്ടില്‍ ഏല്‍പ്പിച്ചശേഷം സ്‌കൂളിലേക്കു പോയിരുന്നു. പിന്നീടു തിരിച്ചെത്തി കുട്ടിയെ വാങ്ങി ഡീസല്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഓട്ടോയില്‍ ഉപയോഗിക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഡീസല്‍ ഉപയോഗിച്ചാണ് തീകൊളുത്തിയത്. വീട്ടില്‍നിന്നു പുക ഉയരുന്നതു കണ്ട അയല്‍വാസി വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷിജോ എത്തി അയല്‍വാസികളെയും കൂട്ടി വാതില്‍ പൊളിച്ച് അകത്തുകടന്നെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല.
ഷിജുവിന്റെ ജേഷ്ഠന്റെ വീട്ടുകാരുമായി ഇവര്‍ നിരന്തരം കലഹത്തിലായിരുന്നതായി പൊലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇന്നലെ മറ്റൊരു വീട്ടിലേക്കു മാറിത്താമസിക്കാന്‍ ഷിജു തീരുമാനിച്ചിരുന്നു. എന്നാല്‍ വീടു മാറിത്താമസിക്കുന്നത് അപമാനമായതിനാല്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് അറിയുന്നത്.
വണ്ടന്മേട് പൊലീസ് നടത്തിയ പരിശോധനയില്‍ ഭര്‍ത്താവിന്റെ പേരില്‍ ജിന്‍സിയെഴുതിയ ആത്മഹത്യാക്കുറിപ്പ് ലഭിച്ചു. അപമാനം സഹിച്ചു ജീവിക്കാനാകില്ലെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. തഹസില്‍ദാര്‍ പി.പി. ജോയി, കട്ടപ്പന ഡിവൈഎസ്പി പി.കെ. ജഗദീഷ്, നെടുങ്കണ്ടം സിഐ കെ.കെ. ബാബുക്കുട്ടന്‍, വണ്ടന്മേട് എഎസ്‌ഐ കെ.വി. വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി. സംസ്‌കാരം ഇന്നു കൊച്ചറ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയില്‍. അണക്കര കടശിക്കടവ് കളപ്പുരയ്ക്കല്‍ തങ്കച്ചന്റെ മകളാണ് ജിന്‍സി.