തൊടുപുഴ: ഇടുക്കി വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ പ്രധാന പ്രതി അനീഷ് പിടിയിലായതോടെ കൊലപാതകികളുടെ ക്രൂരതകല്‍ ഓരോന്നായി പുറത്ത് വരികയാണ്. കൃത്യം നടത്തിയ ശേഷം പ്രതികള്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും മൃതദേഹങ്ങളോട് അനാദരവ് കാണിച്ചെന്നും വെളിപ്പെടുത്തല്‍. അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയതായി, അറസ്റ്റിലായ പ്രതി ലിബീഷിന്റെ മൊഴി.
ഇതേത്തുടര്‍ന്ന്, പ്രതികളുടെപേരില്‍ കൊലപാതകത്തിനുപുറമേ മാനഭംഗത്തിനും കേസെടുത്തു. തിങ്കളാഴ്ച അറസ്റ്റുചെയ്ത പ്രതി ലിബീഷിനെ അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ച ഉച്ചയോടെ തൊടുപുഴ മുട്ടം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസിന്റെ ആവശ്യപ്രകാരമാണ് കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വിട്ടത്. കമ്പകക്കാനത്തെ വീട്ടിലെത്തിച്ചും തെളിവെടുത്തു. കമ്പകക്കാനം കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരാണ് ജൂലായ് 29-ന് അര്‍ധരാത്രിയില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേങ്ങള്‍ ഓഗസ്റ്റ് ഒന്നിനാണ് വീടിനുപിന്നില്‍ ഒരുകുഴിയില്‍ മണ്ണിട്ടുമൂടിയ നിലയില്‍ കണ്ടെത്തിയത്.
അതേസമയം, എറണാകുളം നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് മുഖ്യപ്രതി അനീഷിനെ അന്വേഷണസംഘം പിടികൂടിയത്. സുഹൃത്ത് വാടകയ്ക്ക് എടുത്ത വീട്ടിലെ കുളിമുറിയില്‍ കിടന്നുറങ്ങുകയായിരുന്ന പ്രതിയെ കഴിഞ്ഞ രാത്രിയിലാണ് പിടികൂടിയത്. മന്ത്രസിദ്ധി കൈക്കലാക്കുന്നതിനു നടത്തിയ കൊലപാതകം ആസൂത്രണം ചെയ്തത് അനീഷാണെന്നു പൊലീസ് പറയുന്നു.