വാരാണസി: സിനിമാ കഥകളെ പോലും വെല്ലുന്നതാണ് ഈ അച്ഛന്റെയും മകന്റെയും ജീവിത കഥ. 2007 ബാച്ച് ഐഎഎസ് ഓഫീസറായ ഗോവിന്ദിന്റെ ജീവിത വിജയങ്ങള്‍ അദ്ദേഹത്തിന്റെ പിതാവ് നാരായണ്‍ ജെയ്‌സ്വാളിന് കൂടി അവകാശപ്പെട്ടതാണ്. ഒരു സാധാരണ റിക്ഷാ തൊഴിലാളിയുടെ ചുരുങ്ങിയ വരുമാനത്തിനുള്ളില്‍ നിന്ന് തന്റെ മകനെ ഒരു ഐഎഎസ്‌കാരനായി വളര്‍ത്തിയെടുക്കാന്‍ ഈ പിതാവ് ഏറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചു. അതുകൊണ്ട് തന്നെ താന്‍ റിക്ഷയോടിച്ച് തളര്‍ന്ന് കിടന്നുറങ്ങിയ റോഡരികില്‍ മകന്‍ പുതുതായി കെട്ടി ഉയര്‍ത്തിയ മനോഹര ഭവനത്തിലിരുന്നു, കടന്നു പോയ പഴയ കാലങ്ങളെ കുറിച്ചാലോചിക്കുമ്പോള്‍ നാരായണ്‍ ജെയ്‌സ്വാളിന്റെ മനസ്സില്‍ ഇന്നും ആ കഷ്ടപ്പാടിന്റെ കയപ്പ് നിറയും. ഗോവിന്ദ് ജെയ്‌സ്വാള്‍ എന്ന ഐഎഎസ്‌കാരന്‍ പിറവിയെടുക്കുന്നതിന് പിന്നില്‍ ഒരു പ്രതികാരത്തിന്റെ കഥ കൂടിയുണ്ട്. 11 ാം വയസ്സില്‍ പാവപ്പെട്ടവനാണെന്ന കാരണത്താല്‍ സമ്പന്നനായ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഇറക്കി വിട്ടതാണ് ഗോവിന്ദിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. സമ്പന്നരായ വീട്ടുകാരുടെ മക്കളോട് ഇനി ഭാവിയിലും കൂട്ട് കൂടാന്‍ ശ്രമിക്കരുതെന്ന് പറഞ്ഞ് അന്ന് ആ വീട്ടുകാര്‍ ഗോവിന്ദിനെ ശാസിച്ചു. വലുതാകുമ്പോള്‍ ഒരു ഐഎഎസ്‌കാരനാകണമെന്ന് ഗോവിന്ദ് അന്നേ മനസ്സില്‍ കുറിച്ചിട്ടു. പിന്നീടുള്ള ഓരോ ദിവസങ്ങളും ലക്ഷ്യത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളിലായിരുന്നു. മൂന്ന് ചേച്ചിമാരുടെ ഇളയ അനുജനായിരുന്നു ഗോവിന്ദ്. സര്‍ക്കാര്‍ കോളജിലെ പഠനത്തിന് ശേഷം ഗോവിന്ദിന് ഡല്‍ഹിയിലുള്ള ഐഎഎസ് കോച്ചിംഗിന് പോകുവാനായി നാരായണ്‍ തന്റെ പക്കലുണ്ടായിരുന്ന ചെറിയ സ്ഥലവും വിറ്റു. ഡല്‍ഹിയില്‍ വെച്ച് പലപ്പോഴും ഗോവിന്ദിന്റെ കൈയില്‍ ഭക്ഷണം കഴിക്കാന്‍ പോലും പണമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അത്രയും സമയം കൂടി പഠിക്കുവാനായി ലഭിച്ചുവെന്ന് ഗോവിന്ദ് ഇപ്പോള്‍ ചിരിച്ച് കൊണ്ടോര്‍ക്കുന്നു. ദിവസവും 18 മണിക്കൂര്‍ വരെ പഠിക്കാനായി ചിലവഴിച്ചു. മൂന്ന് ചേച്ചിമാരെ കല്യാണം കഴിപ്പിച്ച് അയക്കാനുള്ളത് കൊണ്ട് തന്നെ ആദ്യ അവസരത്തില്‍ തന്നെ ഐഎഎസ് സ്വന്തമാക്കണമെന്നത് ഗോവിന്ദിന്റെ ആഗ്രഹത്തെക്കാളുപരി ആവശ്യവും കൂടിയായിരുന്നു. അവസാനം 2006 ല്‍ നടന്ന പരീക്ഷയില്‍ ഗോവിന്ദ് 48 ാം റാങ്കോടെ തന്റെ സ്വപ്‌നം സഫലമാക്കി. മകന്റെ പരീക്ഷാ റിസല്‍ട്ട് വരുന്നതിന് 10 ദിവസങ്ങള്‍ക്ക് മുന്നെ തന്നെ നാരായണിന്റെ ഉറക്കം നഷ്ടപ്പെട്ടിരുന്നതായി ഗോവിന്ദിന്റെ സഹോദരി പറയുന്നു. ആദ്യ അവസരത്തില്‍ തന്നെ ഗോവിന്ദിന് ഐഎഎസ് നേടിയെടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഈ കുടുംബത്തിന്റെ അവസ്ഥ ഇന്ന് എങ്ങനെയായിരിക്കുമെന്ന് ഓര്‍ക്കാന്‍ കൂടി കഴിയില്ലെന്ന് സഹോദരി പറയുന്നു.