ലവ് ജിഹാദെന്ന് പഴികേട്ട മുസ്‌ലിം-ദലിത് ഐഎഎസ് ദമ്പതിമാര്‍ വീണ്ടും വാര്‍ത്തയാവുന്നു

2018 ഏപ്രില്‍ മാസത്തിലാണ് ഇവര്‍ വിവാഹിതരായത്. അതൊരു ചരിത്ര സംഭവമായിരുന്നു. പല കാരണങ്ങള്‍ കൊണ്ടായിരുന്നു ഇവരുടെ വിവാഹം ചരിത്രത്തിലിടം നേടിയത്. വധു ടീന ദാബി ചരിത്രത്തിലാദ്യമായി 2015ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കൈപ്പിടിയിലൊതുക്കിയ ദളിത് പെണ്‍കുട്ടി.

വരന്‍ അത്തര്‍ ഖാന്‍ രണ്ടാം റാങ്കുകാരനായ മുസ്ലീം യുവാവ്. മസൂറിയിലെ ഐഎഎസ് പരിശീലനത്തിനൊടുവിലാണ് ഇരുവരും പ്രണയത്തിലായത്. എന്നാല്‍ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. മതം, ജാതി, സാമൂഹ്യപദവി. ഇവയെല്ലാം എതിരുനിന്നു. സമുദായം ഇവര്‍ക്കെതിരെ വാളോങ്ങി. ലവ് ജിഹാദെന്ന് വരെ വിമര്‍ശനമുയര്‍ന്നു. ഇവരുടെ കുടുംബത്തിന് മതനേതാക്കളില്‍ നിന്ന് ഭീഷണികള്‍ നേരിടേണ്ടി വന്നു.

ഘര്‍ വാപസിക്ക് തയ്യാറാകട്ടെ എന്നായിരുന്നു ഹിന്ദു മഹാജന സഭയുടെ നിര്‍ദ്ദേശം. എന്നാല്‍ ഈ എതിര്‍പ്പുകളെയെല്ലാം അതിജീവിച്ചാണ് ഇവര്‍ ഇരുവരും ഒന്നായത്. വിവാഹം കഴിഞ്ഞ് ആറ് മാസങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും മാധ്യമങ്ങളില്‍ ഇടം പിടിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് ഇവരെ വീണ്ടും ശ്രദ്ധാകേന്ദ്രങ്ങളാക്കിയത്.

സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ജോലി എന്നൊരു വിചാരം മാത്രമേയുള്ളൂ എന്ന് കരുതുന്നവരുണ്ട്. പ്രത്യേകിച്ച് സിവില്‍ സര്‍വ്വീസ് പോലെയുള്ള തിരക്കേറിയ ജോലികള്‍. അവര്‍ക്കൊന്ന് ചിരിക്കാന്‍ പോലും സമയമുണ്ടാകില്ല എന്നാകും മിക്കവരും ചിന്തിക്കുന്നത്.

എന്നാല്‍ ധാരണകളെയെല്ലാം കാറ്റില്‍ പറത്തി പ്രണയകുടീരമായ താജ്മഹലിന് മുന്നില്‍ നിന്ന് നിറഞ്ഞു ചിരിക്കുന്ന ഈ ദമ്പതികളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ലോകത്തെ സംസാര വിഷയം.  ടീനദാബിയുടെയും അത്തര്‍ ആമിര്‍ ഖാന്റെയും ആഗ്രാ യാത്രയിലെ ഫോട്ടോകളാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ടീനയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോയും ചിത്രങ്ങളും പങ്ക് വച്ചത്. ആദ്യകാഴ്ചയില്‍ തന്നെ രണ്ടുപേര്‍ക്കും പ്രണയം തോന്നിയെന്ന് റ്റിനാ ദാബി പറയുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണ്‍ ആന്റ് ട്രെയിനിംഗില്‍ ഓഫീസില്‍ വച്ചാണ് ഇരുവരും ആദ്യം കാണുന്നത്.

രാവിലെ കണ്ടുമുട്ടിയവര്‍, വൈകുന്നേരം പരസ്പരം പ്രണയം വെളിപ്പെടുത്തിയ കൗതുകവുമുണ്ട് ഇവരുടെ ജീവിതത്തില്‍.  വളരെപ്പെട്ടെന്ന് തന്നെ ഇവര്‍ വിവാഹം കഴിക്കാനും തീരുമാനിച്ചു. വളരെ ആകര്‍ഷണീയമായ വ്യക്തിത്വത്തിനുടമയാണ് അമീര്‍ എന്നാണ് റ്റിന പറയുന്നത്. തന്നെ പ്രണയത്തില്‍ വീഴ്ത്തിക്കളഞ്ഞത് അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലതയും നര്‍മ്മബോധവുമാണ്. അതുകൊണ്ടാകാം വളരെ പെട്ടെന്ന് തന്നെ തമ്മിലൊരു ആത്മബന്ധം രൂപപ്പെട്ടിരുന്നു.

എന്നാല്‍ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവരായത് കൊണ്ട് വിമര്‍ശനങ്ങളും ഇരുവര്‍ക്കും കേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചാണ് ഇവര്‍ ഒന്നായത്. തങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വരെ ആ സമയങ്ങളില്‍ വായിക്കാതെ മാറ്റി വച്ചിരുന്നുവെന്ന് അമീര്‍ പറയുന്നു. നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെങ്കിലും പ്രണയത്തില്‍ നിന്ന് ഇരുവരും പിന്നോട്ട് പോയില്ല. ജാതിക്കും മതത്തിനും അതീതരായി വിവാഹം ചെയ്ത ഈ ദമ്പതികള്‍ക്ക് രാഹുല്‍ ഗാന്ധി പ്രത്യേക ആശംസകള്‍ അറിയിച്ചിരുന്നു.

Top