വനിതാ മതില്‍: കളക്ടര്‍മാര്‍ക്ക് പണി കിട്ടും; കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്

വനിതാ മതിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കോടതി കയറ്റാന്‍ കോണ്‍ഗ്രസ്. വനിതാ മതിലുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. മതിലില്‍ പങ്കെടുത്ത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി. പ്രചാരണവിഭാഗം ചെയര്‍മാന്‍ കെ. മുരളീധരന്‍ എംഎല്‍എ പറഞ്ഞു.

ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയ വേദികളില്‍ എന്താണ് കാര്യമെന്നും മുരളീധരന്‍ ചോദിച്ചു. പ്രളയാനന്തര പ്രവര്‍ത്തത്തിന് നേതൃത്വം നല്‍കേണ്ട കളക്ടര്‍ വൃന്ദാ കാരാട്ടിന് സമീപത്ത് നിന്ന് വനിതാ മതിലില്‍ അണിചേരുന്നതാണ് കണ്ടത്.

ജില്ലാ വികസന സമിതി യോഗത്തില്‍ പോലും പങ്കെടുക്കാത്ത കളക്ടറാണ് വൃന്ദാ കാരാട്ടിന് സമീപത്തു നിന്നത്. ഇവിടെ നടത്തിയ പ്രസംഗത്തില്‍ രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനെ വൃന്ദാ കാരാട്ട് വിമര്‍ശിച്ച് സംസാരിച്ചു. ഇത് കേട്ട് സന്തോഷിച്ചിരിക്കാന്‍ വാസുകിക്ക് എന്ത് അധികാരമാണുള്ളത്.

സര്‍ക്കാര്‍ പരിപാടിയാണെങ്കില്‍ വൃന്ദാ കാരാട്ടിന് അവിടെ എന്താണ് കാര്യം. ഇവിടെ രാഷ്ട്രീയപ്രസംഗം നടത്താന്‍ അനുവദിക്കുന്നത് ശരിയാണോ. ജില്ലാ വികസന സമിതി യോഗത്തില്‍ വരാതിരിക്കാന്‍ ഓരോ തവണയും ഓരോ കാരണം പറയുന്ന കളക്ടര്‍ക്ക് മതിലില്‍ കൈകോര്‍ക്കാന്‍ സമയമുണ്ട്

ശബരിമല വിഷയത്തില്‍ ബി.ജെ.പി. നിരാഹാര സമരം അവസാനിപ്പിച്ച് ഡല്‍ഹിയില്‍ പോയി ഓര്‍ഡിനന്‍സിനായി പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്. ഇനിയുള്ള ദിവസങ്ങളില്‍ പ്രതിപക്ഷത്തിന്റെ കരുത്ത് ബോധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top