ഒന്നര കിലോമീറ്റര്‍ ക്യൂ, കലക്ടര്‍ അനുപമ രംഗത്തെത്തി; ടോള്‍ ബൂത്ത് തുറന്ന് വിട്ടു

തൃശൂര്‍: രാത്രി 11.30നും പാലിയേക്കര ടോള്‍പ്ലാസയില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതോടെ വാഹനക്കുരുക്കില്‍ കുടുങ്ങിയ തൃശൂര്‍ ജില്ലാ കലക്ടര്‍ ടി.വി.അനുപമ ടോള്‍ബൂത്ത് തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു. ടോള്‍പ്ലാസ ജീവനക്കാരെയും പൊലീസിനെയും അനുപമ രൂക്ഷമായി വിമര്‍ശിച്ചു. തുടര്‍ന്ന് ടോള്‍ബൂത്ത് തുറന്നുകൊടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ജില്ലാ കലക്ടര്‍മാരുടെ യോഗം കഴിഞ്ഞു വരികയായിരുന്നു അനുപമ. ഈ സമയം ടോള്‍പ്ലാസയ്ക്ക് ഇരുവശത്തും ഒന്നരക്കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. ദേശീയപാതയിലെ വാഹനത്തിരക്കില്‍പ്പെട്ട കലക്ടര്‍ 15 മിനിറ്റ് കാത്തുനിന്നശേഷമാണ് ടോള്‍ബൂത്തിനു മുന്നിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടോള്‍പ്ലാസ സെന്ററിനുള്ളില്‍ കാര്‍ നിര്‍ത്തിയ കലക്ടര്‍ ജീവനക്കാരെ വിളിച്ചുവരുത്തി. ഇത്രയും വലിയ വാഹനത്തിരക്കുണ്ടായിട്ടും യാത്രക്കാരെ കാത്തുനിര്‍ത്തി വലയ്ക്കുന്നതിന്റെ കാരണമാരാഞ്ഞു. തുടര്‍ന്ന് ടോള്‍പ്ലാസയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ടോള്‍ബൂത്ത് തുറന്നുകൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ദീര്‍ഘദൂരയാത്രക്കാര്‍ ഏറെനേരം കാത്തുനില്‍ക്കുമ്പോഴും പൊലീസ് പ്രശ്‌നത്തില്‍ ഇടപെടുന്നില്ല എന്നതാണ് കലക്ടറെ ചൊടിപ്പിച്ചത്. അരമണിക്കൂറോളം ടോള്‍പ്ലാസയില്‍ നിന്ന കളക്ടര്‍ ഗതാഗതക്കുരുക്ക് പൂര്‍ണമായും പരിഹരിച്ചശേഷമാണ് തൃശൂരിലേക്ക് പോയത്.

Top