വെരിക്കോസ് വെയിനുകള്‍: തടയാന്‍ വിഷമം ,സങ്കീര്‍ണമായാല്‍ അപകടം

കാലിലെ സിരകളില്‍ (വെയിനുകള്‍) ഉണ്ടാവുന്ന തടിപ്പിനെയാണ് വെരിക്കോസ് വെയിനുകള്‍ എന്നുപറയുന്നത്. കാലുകളില്‍ നിന്ന് അശുദ്ധരക്തം ഹൃദയത്തിലേക്ക് വഹിച്ചുകൊണ്ടുപോകുന്ന സിരകളിലെ വാല്‍വുകളിലുണ്ടാകുന്ന തകരാറാണ് ഇതിനു കാരണം. അതിന്റെ ഫലമായി അശുദ്ധരക്തം കെട്ടിക്കിടക്കുന്നതുകൊണ്ട് കാലില്‍ സിരകള്‍ തടിച്ചുവീര്‍ത്ത് ചുരുണ്ടു കിടക്കുന്നതായി കാണപ്പെടുന്നു.
കാരണങ്ങള്‍
സിരകളിലെ വാല്‍വുകള്‍ ഇല്ലാതിരിക്കുകയോ, ഉണ്ടെങ്കില്‍ അവയ്ക്ക് ശക്തികുറയുകയോ ചെയ്യുമ്പോള്‍ വെരിക്കോസ് വെയിനുകള്‍ ഉണ്ടാവുന്നു. കാരണം, വാല്‍വുകളാണ് രക്തം പുറകോട്ടൊഴുകുന്നത് തടയുന്നത്. ഇത് പാരമ്പര്യമായി ഉണ്ടാവാന്‍ സാധ്യത കൂടുതലാണ് എന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് ഏതുപ്രായത്തിലും ഉണ്ടാവാം. പക്ഷേ, സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കും ഇതുണ്ടാവാനുള്ള സാധ്യത കൂടുന്നു. വ്യായാമക്കുറവ്, അലസമായ ജീവിതശൈലി, പൊണ്ണത്തടി, കൂടുതല്‍ നേരം നില്‍ക്കുക, ഗര്‍ഭാവസ്ഥ എന്നിവയെല്ലാം വെരിക്കോസ് വെയിനുകള്‍ ഉണ്ടാക്കാനിടയുണ്ട്. അതിനുപുറമെ ചില രോഗങ്ങളും (ഉദാ: സിരകളെ ബാധിക്കുന്ന ഫ്‌ളിബൈറ്റിസ് എന്ന രോഗം, സിരകളില്‍ രക്തക്കട്ട കൊണ്ട് ഉണ്ടാവുന്ന തടസ്‌സം, സിരകള്‍ക്ക് ജന്മനാ ഉണ്ടാവുന്ന വൈകല്യങ്ങള്‍) ഇതിനു കാരണമാവാം.
ലക്ഷണങ്ങള്‍
കാല്‍വണ്ണയില്‍ നീര്, കറുപ്പ് നിറം, ചൊറിച്ചില്‍, ചര്‍മ്മത്തിനു കട്ടികൂടുക, കാലില്‍ സിരകള്‍ തടിച്ചു ചുരുണ്ടുകിടക്കുക, കാലിനു ഭാരവും വേദനയും തളര്‍ച്ചയും എന്നിവ ലക്ഷണങ്ങളില്‍പ്പെടുന്നു. കാല്‍ പൊക്കിവയ്ക്കുമ്പോള്‍ ആശ്വാസം തോന്നാം.

സങ്കീര്‍ണ്ണതകള്‍
* രക്തസ്രാവം – തടിച്ചുനില്‍ക്കുന്ന സിരകള്‍ പൊട്ടിയാല്‍ രക്തസ്രാവമുണ്ടാവും.
* സിരകള്‍ക്കുള്ളില്‍ രക്തം കട്ടപിടിച്ച് രക്തക്കട്ട ഉണ്ടാവുക
* കാല്‍വണ്ണയിലെ ചര്‍മ്മത്തിനു കട്ടികൂടുക, കറുപ്പുനിറം, ചൊറിച്ചില്‍, എക്‌സീമ പോലുള്ള ചര്‍മ്മരോഗം
* ഉണങ്ങാത്ത വ്രണം- ഈ വ്രണത്തില്‍ നിന്ന് നീരോ പഴുപ്പോ വരികയും ചിലപ്പോള്‍ , പിന്നീട് കാന്‍സര്‍ ആയിത്തീരുകയും ചെയ്യുന്നു.
തടയുന്നതെങ്ങിനെ?
വെരിക്കോസ് വെയിനുകള്‍ ഉണ്ടാവുന്നത് തടയാന്‍ വിഷമമാണ്. നേരത്തെ ഉള്ള വെരിക്കോസ് വെയിനുകള്‍ കൂടുതലാവാതിരിക്കാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
* കാലുകള്‍ ഇടയ്ക്കിടെ ഉയര്‍ത്തിവയ്ക്കുക
* കൂടുതല്‍ നേരം നില്‍ക്കുന്നത് ഒഴിവാക്കുക
* കാലില്‍ സപ്പോര്‍ട്ട് നല്കാനായി സോക്‌സ് ധരിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചാല്‍ അങ്ങനെ ചെയ്യണം.
* കൃത്യമായി വ്യായാമം ചെയ്യുക. വ്യായാമം കൊണ്ട് സിരകളിലെ രക്തപ്രവാഹം മെച്ചപ്പെടും.
* ഇരിക്കുമ്പോള്‍ ഒരു കാല്‍ മറ്റേകാലിനു മുകളില്‍ അമരുന്ന തരത്തില്‍ വെക്കാതെ ശ്രദ്ധിക്കുക.
* ശരീരത്തിന്റെ തൂക്കം അധികം കൂടാതെ നോക്കുക.
* പൊണ്ണത്തടിയുണ്ടെങ്കില്‍ അതു കുറയ്ക്കുക.
* ഇരിക്കുമ്പോഴും കിടകുമ്പോഴും ഉറങ്ങുമ്പോഴും വിശ്രമിക്കുമ്പോഴും കാലുയര്‍ത്തി വയ്ക്കുക.
* അധികം ഇറുക്കമുള്ള വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക.
* അധികനേരം ഹൈഹീലുള്ള ചെരിപ്പുകള്‍ ധരിക്കാതിരിക്കുക..

Top