തിരുവനന്തപുരം: ക്ളീൻ ഇമേജ് കാത്തുസൂക്ഷിച്ച ജി കാർത്തികേയന്റെ മരുമകൾ അഴിമതിയുടെ കുരുക്കിൽ .കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കൈവശക്കാരിക്കു തിരിച്ചുകൊടുത്ത ദിവ്യ എസ്. അയ്യരെ തിരുവനന്തപുരം സബ് കലക്‌ടര്‍ സ്‌ഥാനത്തുനിന്നു മാറ്റിയേക്കും. ഭൂമി വിട്ടുകൊടുത്ത നടപടി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ സ്‌റ്റേ ചെയ്‌തു. വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്‍ഡ് റവന്യു കമ്മിഷണറെ ചുമതലപ്പെടുത്തി.കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയുടെ ഭാര്യ കൂടിയാണു ദിവ്യ എസ്. അയ്യര്‍. ഇവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നു സി.പി.എമ്മില്‍നിന്ന് ആവശ്യമുയര്‍ന്നു. ശബരീനാഥന്റെ കുടുംബസുഹൃത്തും ഡി.സി.സി. അംഗത്തിന്റെ അടുത്ത ബന്ധുവുമായ അയിരൂര്‍ സ്വദേശിനി ലിജിക്കാണു ഭൂമി പതിച്ചുനല്‍കിയത്.
വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ സംസ്‌ഥാനപാതയോടു ചേര്‍ന്നുള്ള 27 സെന്റാണു വിവാദഭൂമി. വര്‍ഷങ്ങളായി അനധികൃതമായി കൈവശംവച്ചിരുന്ന സര്‍ക്കാര്‍ പുറമ്പോക്ക് തഹസില്‍ദാരാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റെടുത്തത്. ഇവിടെ സര്‍ക്കാര്‍ ഭൂമിയെന്നു ബോര്‍ഡ് വച്ചു. പോലീസ് സ്‌റ്റേഷന്‍ നിര്‍മ്മാണത്തിനായി ഒഴിച്ചിടുകയും ചെയ്‌തു.ഭൂമി ഏറ്റെടുത്തതിനെതിരേ ലിജി ഹൈക്കോടതിയെ സമീപിച്ചു. വാദിയെ നേരില്‍ കേട്ട് തീരുമാനമെടുക്കാന്‍ ആര്‍.ഡി.ഒ. കൂടിയായ സബ് കലക്‌ടറെ കോടതി ചുമതലപ്പെടുത്തി.
ഭൂമി ഏറ്റെടുത്ത തഹസില്‍ദാരെപ്പോലും അറിയിക്കാതെ പരാതിക്കാരിയുടെ ഭാഗം മാത്രം കേട്ടാണ് സബ് കലക്‌ടര്‍ അനുകൂല തീരുമാനമെടുത്തതെന്നാണ് ആരോപണം. പഞ്ചായത്ത് അധികൃതരെയോ ഉദ്യോഗസ്‌ഥരെയോ ഹിയറിങ് വിവരം അറിയിച്ചിരുന്നില്ല. ഇലകമണ്‍ പഞ്ചായത്തും വി. ജോയി എം.എല്‍.എയുമാണ് റവന്യു മന്ത്രിക്കു പരാതി നല്‍കിയത്. സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സബ് കലക്‌ടര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണവും ആവശ്യപ്പെട്ടു.
അതേസമയം വർക്കലയിലെ ഭൂമികൈമാറ്റം സംബന്ധിച്ച വിവാദത്തിൽ സിപിഎം രാഷ്ട്രീയ ധാർമികത കാട്ടിയില്ലെന്ന് കെ.എസ്. ശബരീനാഥൻ എംഎൽഎ. വിവാദത്തിൽ തന്റെ കുടുംബത്തെ വലിച്ചിഴച്ചത് ശരിയായില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ദിവ്യ എസ്. അയ്യരും താനുമൊക്കെ ഉത്തരവാദിത്തത്തോടെ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് പറഞ്ഞ ശബരീനാഥൻ ഭൂമി കൈമാറ്റ ആരോപണം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും ആരോപിച്ചു.
സർക്കാരിന്റെ ഭാഗമായി ആത്‌മാർഥമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്‌ഥ കോടതിവിധിയെയും തെളിവുകളെയും ആസ്പദമാക്കി എടുത്ത തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കിൽ അതിനു നിയമപരമായി മുന്നോട്ടുപോകുന്നത് സാധാരണമാണ്. എന്നാൽ ഇവിടെ സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയധർമമല്ലെന്ന് ശബരിനാഥൻ സമൂഹമാധ്യമത്തിൽ കുറിക്കുകയും ചെയ്തു.ദിവ്യ എസ്. അയ്യരുമായുള്ള വിവാഹസമയത്തു പറഞ്ഞതുപോലെ ഔദ്യോഗികവൃത്തിയിൽ പരസ്പരം ഇടപെടാറില്ല. പദവികൾ ഉപയോഗിച്ച് ജനത്തെ സേവിക്കാൻ മാത്രം ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ സൽപ്പേര് താറുമാറാക്കാൻ പരിശ്രമിക്കുന്നവർക്കു ഇതിൽ ആനന്ദം ലഭിക്കുന്നുണ്ടെങ്കിൽ തെറ്റിപ്പോയി. പൊതുജനങ്ങൾക്കു ഞങ്ങളിൽ വിശ്വാസമുണ്ട്, അത് നമ്മൾ ഭദ്രമായി കാത്തുസൂക്ഷിക്കും- ശബരീനാഥൻ വ്യക്തമാക്കി.
വിവാദം പിറന്നത് ഇങ്ങനെ
ഒരു കോടിരൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ദിവ്യ എസ്.അയ്യര്‍ സ്വകാര്യവ്യക്തിക്കു വിട്ടുകൊടുത്തതാണു വിവാദമായത്. വര്‍ക്കല വില്ലിക്കടവില്‍ സംസ്ഥാന പാതയോരത്തു സ്വകാര്യ വ്യക്തി അനധികൃതമായി കൈവശംവച്ചിരുന്ന ഭൂമി കഴിഞ്ഞ ജൂലൈയില്‍ റവന്യുവകുപ്പ് ഏറ്റെടുത്തിരുന്നു. നടപടിക്കെതിരെ സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സബ് കലക്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതെത്തുടര്‍ന്നാണു ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്തു ദിവ്യ എസ്.അയ്യര്‍ ഉത്തരവിറക്കിയത്.
വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ വില്ലിക്കടവില്‍ വര്‍ക്കല – പാരിപ്പള്ളി സംസ്ഥാനപാതയോരത്തെ സ്ഥലം സ്വകാര്യ വ്യക്തിക്കു പതിച്ചു നല്‍കിയ നടപടിയാണു വിവാദമായിരിക്കുന്നത്. 27 സെന്റ് റോഡ് പുറമ്പോക്ക് സ്വകാര്യ വ്യക്തി അനധികൃതമായി കൈവശംവച്ചിരിക്കുന്നതായി കണ്ടെത്തി വര്‍ക്കല തഹസില്‍ദാര്‍ കഴിഞ്ഞ ജൂലൈ 19ന് ഏറ്റെടുത്തു. ഇവിടെ അയിരൂര്‍ പൊലീസ് സ്റ്റേഷനു കെട്ടിടം നിര്‍മിക്കണമെന്നു തീരുമാനിച്ച് ഒഴിച്ചിടുകയും ചെയ്തു. എന്നാല്‍ റവന്യു വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു ഭൂമി കൈവശം വച്ചിരുന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ചു. ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്കു നിര്‍ദേശം നല്‍കി. തുടര്‍ന്ന് സബ് കലക്ടര്‍ പരാതിക്കാരിയുടെ ഭാഗം കേട്ടതിനുശേഷം തഹസീല്‍ദാറുടെ നടപടി റദ്ദാക്കുകയായിരുന്നു. ഇതാണു വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിരിക്കുന്നത്.
ഭൂമി ഏറ്റെടുത്ത തഹസിൽദാറിന്റെ നടപടിക്കെതിരെ ലിജി ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ ആദ്യഘട്ടത്തിൽ ദിവ്യ എസ് അയ്യർ കക്ഷിയായിരുന്നില്ല. എന്നാൽ ഉന്നതല സ്വാധീനത്താൽ പിന്നീട് ആർ ഡി ഒ കൂടിയായ ഇവരെ ആറാം എതിർ കക്ഷിയായി ഉൾപ്പെടുത്തി. വാദിയെ നേരിൽ കേട്ട് തീരുമാനമെടുക്കാൻ ആർഡിഒയെ കഴിഞ്ഞവർഷം ഒക്ടോബർ 31ന് ഹൈക്കോടതി ചുമലപ്പെടുത്തി. ഈ ഉത്തരവിന്റെ മറവിലാണ് ദിവ്യ ഭൂമി ദാനം ചെയ്തത്. ഇതാകട്ടെ കേസിൽ കക്ഷികളായ, പഞ്ചായത്ത്, വില്ലേജ്, റവന്യൂ അധികൃതരെ അറിയിക്കാതെ ഏകപക്ഷീയമായി ഹിയറിങ് നടത്തിയെന്ന് സിപിഎം ആരോപിക്കുന്നു.