തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയത് വി.മുരളീധരനല്ലെന്ന് കുമ്മനം രാജശേഖരന്‍. സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര നേതൃത്വം പുറത്തിറക്കുമ്പോള്‍ മുരളീധരന്‍ വിദേശത്തായിരുന്നുവെന്നും കുമ്മനം പറഞ്ഞു. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് കുമ്മനത്തിന്റെ പേര് വെട്ടിയതിന് പിന്നില്‍ വി.മുരളീധരന്റെ ഇടപെടലാണെന്നുള്ള വാർത്തകളെ തള്ളിക്കളയുകയാണ് കുമ്മനം രാജശേഖരൻ.
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മത്സരിക്കുമെന്ന രീതിയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി തിരുവനന്തപുരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് മത്സരിക്കാനെത്തിയതോടെ പാർട്ടിക്കുള്ളിൽ പിളർപ്പാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലാണ് കുമ്മനത്തെ വെട്ടാൻ കാരണമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
മുരളീധരൻ തന്റെ അടുത്ത സുഹൃത്താണെന്നും, പേര് വെട്ടി എന്ന് പറയുന്നവർ പാർട്ടിയിൽ പിളർപ്പുണ്ടാക്കി മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നവരാണെന്നും, അവർ നിരാശരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കേന്ദ്ര നേതൃത്വത്തിന് നൽകിയത് മൂന്ന് പേരുടെ പട്ടികയാണ്. അതിൽ ഒരാളെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്. ദേശീയ നേതൃത്വം എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സീറ്റും സ്ഥാനവും ലഭിച്ചില്ലെങ്കിലും പാർട്ടിക്കൊപ്പം അടിയുറച്ച് നിൽക്കും’- കുമ്മനം പറഞ്ഞു.