തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള കൈക്കൂലി ആരോപണം ഗൂഢാലോചനയാണെന്നും ചില വ്യക്തികളും മാധ്യമങ്ങളുമാണ് ഇതിന് പിന്നിലെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം പരിഹാസ്യമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് സിപിഐഎമ്മില്‍ നിന്നും ഇടത് മുന്നണിയില്‍ നിന്നുമാകുമെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന അഖില്‍ സജീവ് ആരാണ്? സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന ഇയാള്‍ നേരത്തെയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ജില്ലയിലെ ഉത്തരവാദിത്തപ്പെട്ട സിപിഎം നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ക്ക് ഇപ്പോഴും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും വി.ഡി സതീശന്‍.
അഖില്‍ സജീവിന്റെ സംരക്ഷകര്‍ ആരൊക്കെയാണ് എന്നത് കൂടി അന്വേഷിക്കണം. അപ്പോള്‍ ആരാണ് ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമാകുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.