സ്വന്തം ലേഖകൻ
പാലക്കാട്: പണം പലിശയ്ക്ക് നൽകിയവരുടെ ഭീഷണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. പലോടി സ്വദേശിയായ വേലുക്കുട്ടിയാണ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.
പലിശയ്ക്കാരിൽ നിന്നായി വാങ്ങിയ മൂന്ന് ലക്ഷത്തിന് പകരം പത്ത് ലക്ഷത്തിലധികം രൂപ പലതവണയായി് തിരികെ നൽകിയിട്ടും വീണ്ടും പണത്തിനായി ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
കോവിഡ് കാലത്ത് കിടപ്പാടം ഉൾപ്പടെ എഴുതി വാങ്ങാൻ ബ്ലേഡ് മാഫിയ ശ്രമിച്ചെന്നും കുടുംബാംഗങ്ങൾ ആരോപണം ഉന്നയിക്കുന്നുണ്ട്. പലിശക്കാർ പണം മടക്കിനൽകാൻ അനുവദിച്ചിരുന്ന അവസാനദിവസമാണ് വേലുക്കുട്ടി ആത്മഹത്യ ചെയ്തത്.
2016ലാണ് മൂന്ന് ലക്ഷം രൂപ ബ്ലേഡുകാരിൽ നിന്നു വാങ്ങിയത്. പലപ്പോഴായി പത്ത് ലക്ഷത്തിലധികം തിരികെ നൽകി. ഇതിനിടയിൽ മാഫിയ സംഘം വീട്ടിലെത്തി ബന്ധുക്കളെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നു.
ഭീഷണിപ്പെടുത്തി പ്രോമിസറി നോട്ടും ചെക്കും ഒപ്പിട്ട് വാങ്ങി. വേലുക്കുട്ടിക്ക് സ്വന്തമായുണ്ടായിരുന്ന മുപ്പത്തി ഏഴ് സെന്റ് സ്ഥലം കൈക്കലാക്കാനായിരുന്നു ബ്ലേഡുകാരുടെ നീക്കം. ഇരുപത് ലക്ഷം നൽകിയില്ലെങ്കിൽ സ്ഥലം എഴുതി നൽകണമെന്നായിരുന്നു മുന്നറിയിപ്പ്.
എന്നാൽ പണം നൽകാമെന്നറിയിച്ചിരുന്ന ദിവസമാണ് വേലുക്കുട്ടി ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്.വേലുക്കുട്ടിയുടെ മരണ വിവരമറിഞ്ഞിട്ടും ബ്ലേഡ് മാഫിയ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നു. പാലക്കാട് നഗരത്തിലെ മൂന്ന് വട്ടിപ്പലിശക്കാരാണ് വേലുക്കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയത്.