ലക്ഷങ്ങളായിരുന്നു മുന്‍ സ്പീക്കര്‍ ശക്തന്റെ യാത്രാച്ചെലവ്; പ്രതിമാസം ഒരുലക്ഷം രൂപയുടെ വ്യാജബില്‍ ഉണ്ടാക്കി സമര്‍പ്പിക്കും

lof804gt

തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ എന്‍ ശക്തനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. വ്യാജബില്‍ ഉണ്ടാക്കി ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് ശക്തനെതിരെയുള്ള കേസ്. യാത്രച്ചെലവ് ഇനത്തില്‍ ശക്തന്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചാണ് സര്‍ക്കാരില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റിയത്.

ഇതു സംബന്ധിച്ച് ദ്രുതപരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ഉത്തരവിട്ടതായിട്ടാണ് റിപ്പോര്‍ട്ട്. യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ഡെപ്യൂട്ടി സ്പീക്കര്‍, സ്പീക്കര്‍ പദവികളിലിരിക്കേ ശക്തന്‍ പ്രതിമാസം ശരാശരി ഒരുലക്ഷം രൂപ ലഭിക്കത്തക്കവിധം വ്യാജബില്‍ സമര്‍പ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ യാത്രാപ്പടി വാങ്ങിയതല്ലാതെ, പലയിടങ്ങളിലും അദ്ദേഹം പോകുകയുണ്ടായില്ലെന്നും ഇപ്രകാരം ഒരേദിവസം പലയിടങ്ങളില്‍ പോയെന്നവകാശപ്പെട്ട് ബില്‍ സമര്‍പ്പിക്കുകയായിരുന്നുവെന്നാണ് സൂചനകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും മന്ത്രിമാരും ഉള്‍പ്പെടെയുള്ള വിവിഐപികളുടെ യാത്രാവിവരങ്ങള്‍ സ്പെഷല്‍ ബ്രാഞ്ച് പോലീസിനെ അറിയിക്കണമെന്നാണു നിയമം. എന്‍ ശക്തന്‍ നല്‍കിയ രേഖകളും സമര്‍പ്പിച്ച ബില്ലുകളും തമ്മില്‍ പൊരുത്തക്കേട് കണ്ടെത്തിയതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്. ശക്തന്‍ ഡെപ്യൂട്ടി സ്പീക്കറും സ്പീക്കറുമായിരുന്ന കാലയളവിലെ യാത്രാരേഖകള്‍ വിവരാവകാശനിയമപ്രകാരം നല്‍കാനും സര്‍ക്കാര്‍ കൂട്ടാക്കിയിരുന്നില്ല.

സംസ്ഥാന സ്പീക്കറെന്ന നിലയില്‍ ജി. കാര്‍ത്തികേയന്‍ യാത്രപ്പടി ഇനത്തില്‍ ചെലവാക്കിയതിന്റെ ഇരട്ടിയിലേറെയായിരുന്നു അതേകാലയളവില്‍ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ശക്തന്റെ യാത്രാച്ചെലവ്. പലപ്പോഴും അതു മൂന്നിരട്ടിവരെയായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം കഴിഞ്ഞ മേയ് ഏഴിനു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിന് പിന്നാലെ അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് ദ്രുതപരിശോധനയാവശ്യപ്പെട്ടു കത്ത് നല്‍കുകയായിരുന്നു.

എന്നാല്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍റെഡ്ഡി അതിന്മേല്‍ നടപടിയെടുത്തിരുന്നില്ല. യാത്രാരേഖകളിലെ കൃത്രിമം പുറത്തുവന്നതോടെ ശക്തന്‍ സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഒരിക്കല്‍പ്പോലും ശക്തനോ യു.ഡി.എഫ്. നേതൃത്വമോ പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കാട്ടാക്കട മണ്ഡലത്തില്‍ ശക്തന്‍ 849 വോട്ടിനു പരാജയപ്പെട്ടിരുന്നു.

Top