തിരുവനന്തപുരം: അഡ്മിഷന്‍ സമയത്ത് അനധികൃതമായി സ്‌കൂളുകള്‍ പിരിച്ചെടുത്ത പണം പിടിയില്‍. വിജിലന്‍സ് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും അനധികൃതമായി പിരിച്ചെടുത്ത ലക്ഷങ്ങള്‍ പിടിയിലായത്. തിരഞ്ഞെടുത്ത 45ഓളം എയ്ഡഡ് സ്‌കൂളുകളിലും 15ഓളം പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലുമാണ് വിജിലന്‍സ് പരിശോധന നടത്തിയത്.
മിക്ക സ്‌കൂളുകളിലും വ്യാപക ക്രമക്കേടാണ് കണ്ടെത്തി. പ്ലസ്‌വണ്‍ അഡ്മിഷന് വേണ്ടി പി.ടി.എ ആവശ്യപ്പെട്ട പ്രകാരം പതിനായിരങ്ങളുമായി വന്ന രക്ഷിതാക്കളില്‍ നിന്ന് വിജിലന്‍സ് പണം പിടിച്ചെടുത്തു. ആലപ്പുഴ ജില്ലയിലെ വിവിധ മാനേജുമെന്റ് സ്‌കൂളുകളില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം പിടിച്ചു. പണം വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിച്ചതാണെന്ന് വിജിലന്‍സ് അറിയിച്ചു. ചില സ്‌കൂളുകളില്‍ പി.ടി.എ ഫണ്ടിന് പുറമേ 10,00 രൂപ കൂടി കുട്ടികളില്‍ നിന്നും പിരിക്കുന്നുവെന്നും പി.ടി.എക്കായി പിരിക്കുന്ന പണം ബാങ്ക് അക്കൗണ്ടില്‍ നിഷേപിക്കാതെ സ്‌കൂകളില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നതെന്നും വിജിലന്‍സ് അറിയിച്ചു.
ഉയര്‍ന്ന വിജയശതമാനവും ഗുണ നിലവാരവും പുലര്‍ത്തുന്ന സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റുകള്‍ സ്‌കൂള്‍ പ്രവേശന സമയത്ത് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പ്രവേശനം ലഭിക്കുന്നതിന് വേണ്ടി അനധികൃതമായി വന്‍ തുക വാങ്ങുക, എയ്ഡഡ് സ്‌കൂളിലെ അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിലുള്ള നിയമനങ്ങളുടെ അംഗീകാരം നല്‍കുന്നതില്‍ നടക്കുന്ന വ്യാപക ക്രമക്കേടുകള്‍, റിട്ടയര്‍മെന്റ് ഒഴിവുകള്‍ നികത്തുന്നതിന് വേണ്ട ഫയലുകളില്‍ കൃത്യമായ കാരണം കൂടാതെ മാസങ്ങളോളം വരുത്തുന്ന അനാവശ്യ കാലതാമസം തുടങ്ങിയവക്കെതിരെ കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.