ബെംഗളൂരു : ഇന്ത്യയുടെ എക്കാലത്തെയും വലിയ അഭിമാനനേട്ടത്തിന് മണിക്കൂറുകൾമാത്രം അകലെ. ഇതുവരെ ആരും എത്തിപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്കും രണ്ടരയ്ക്കുമിടയിൽ ഇന്ത്യയുടെ ചന്ദ്രയാൻ-രണ്ടിന്റെ ഭാഗമായ ലാൻഡർ ഇറങ്ങും. 47 ദിവസംകൊണ്ട് 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ലാൻഡർ ലക്ഷ്യത്തിലേക്കെത്തുന്നത്.
ജൂലൈ 22നു ഭൂമിയിൽ നിന്നു പുറപ്പെട്ട ലാൻഡർ ഒന്നരമാസം കൊണ്ട് 3.84 ലക്ഷം കിലോമീറ്റർ ദൂരം പിന്നിട്ട് ചന്ദ്രന്റെ ഉപരിതലത്തിൽ തൊടാനൊരുങ്ങുകയാണ് ലാൻഡർ വിക്രം. ശനിയാഴ്ച ചരിത്രമുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ ബെംഗളൂരു പീനിയയിലെ ഇസ്‌റോ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. കേരളത്തിൽനിന്നു 2 പേരുൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 70 വിദ്യാർഥികളും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. സോഫ്റ്റ് ലാൻഡിങ്ങിനു വേണ്ട നിർദേശം അപ്‌ലിങ്ക് ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഇന്നലെ നടന്നതെന്ന് ഇസ്‌റോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന) ചെയർമാൻ ഡോ. കെ.ശിവൻ അറിയിച്ചു. പേടകത്തിന്റെ പ്രവർത്തനങ്ങളെല്ലാം തൃപ്തികരമാണ്.
ചന്ദ്രയാൻ രണ്ടിന്റെ നിയന്ത്രണവും നിരീക്ഷണവും ഏകോപിപ്പിക്കുന്നത് ബെംഗളൂരുവിലെ പീനിയ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‍വർക്ക് കേന്ദ്രത്തിലെ (ഇസ്ട്രാക്) മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ നിന്നാണ്. ചന്ദ്രോപരിതലത്തിൽ ദൗത്യം ഇറങ്ങുന്ന ചരിത്രമൂഹൂർത്തത്തിനു ലോകം സാക്ഷ്യം വഹിക്കുന്നതും ഇവിടെ നിന്നു തന്നെ. ചന്ദ്രയാൻ കൈമാറുന്ന സന്ദേശങ്ങൾ ബെംഗളൂരു ബയലാലുവിലുള്ള ഡീപ് സ്പേസ് നെറ്റ്‍വർക്ക് ആന്റിനകൾ സ്വീകരിച്ച ശേഷം ഇസ്ട്രാക്കിനു കൈമാറുന്നു. റേഡിയോ തരംഗത്തിന്റെതിനു സമാനമായ വേഗത്തിലാണ് സന്ദേശങ്ങൾ ഇവിടുത്തെ 18 മീറ്റർ, 32 മീറ്റർ ഭീമൻ ആന്റിനകൾ സ്വീകരിക്കുന്നത്.