ജമ്മുവില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു; കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരും

ശ്രീനഗർ: ജമ്മുവില്‍ അഞ്ച് ജില്ലകളില്‍ സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു. ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുര്‍ എന്നീ ജില്ലകളിലാണ് 12 ദിവസങ്ങള്‍ക്ക് ശേഷം 2 ജി ഇന്‍റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചത്. ജമ്മുവില്‍ പലയിടത്തും ഇന്‍റര്‍നെറ്റ് ബന്ധം പുനസ്ഥാപിച്ചെങ്കിലും കശ്മീര്‍ താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ മാറ്റമില്ലാതെ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ശനസുരക്ഷാ ക്രമീകരണങ്ങള്‍ തുടരുകയും ചെയ്യും.

ഭരണഘടനയില്‍ കശ്മീരിന് പ്രത്യേക പദവി നിഷ്കര്‍ഷിക്കുന്ന 370 ാം വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു കശ്മീരിലെ മൊബൈല്‍- ഇന്‍റര്‍നെറ്റ് ബന്ധത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി സര്‍ക്കാര്‍ വിഭജിക്കുകയും ചെയ്തിരുന്നു. പാക് ഭീകരവാദികള്‍ ടെലികോം സേവനങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം കൊണ്ടുവന്നത്. ജമ്മു കശ്മീരിലെ ടെലികോം-ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ വൈകാതെ പുനസ്ഥാപിക്കുമെന്ന് ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രമണ്യം നേരത്തെ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കശ്മീരിലെ ടെലികോം നിയന്ത്രണങ്ങളില്‍ ഇടപെടാന്‍ തയ്യാറല്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രദേശത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാരിന് സാവകാശം നല്‍കണമെന്നായിരുന്നു കോടതിയുടെ നിലപാട്.

Top