കുമ്മനം ഇല്ലാത്ത വട്ടിയൂർക്കാവിൽ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ എൽഡിഎഫ് ശ്രമം; മേയർ ബ്രോയെ ഇറക്കിക്കളിക്കാൻ സിപിഎം

തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് എത്തിക്കഴിഞ്ഞിരിക്കുകയാണ്. അഞ്ചിടത്താണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധേയമായ മണ്ഡലമായി വട്ടിയൂർക്കാവ് മാറുകയാണ്. മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പരസ്യപ്രസ്താവന നടത്തിയതോടെ സ്ഥിതിഗതികൾ മാറിമറിയുകയാണ്.

കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകളിലായി വട്ടിയൂർക്കാവിൽ മൂന്നാസ്ഥാനത്താണ് ഇടതുപക്ഷം എത്തുന്നത്. ഈ നാണക്കേട് മാറ്റാനാണ് ഇത്തവണ സിപിഎം ശ്രമിക്കുക.  തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് പ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തത്. ചൊവ്വാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ അന്തിമ തീരുമാനമുണ്ടാകും.

സാമുദായിക സമവാക്യങ്ങള്‍ നോക്കാതെ ഒരു പരീക്ഷണം എന്ന നിലയില്‍ പ്രശാന്തിനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. ഈ വര്‍ഷം പ്രളയമുണ്ടായപ്പോള്‍ സാഹയമെത്തിക്കുന്നതിനുള്ള സാധനസാമഗ്രികള്‍ സമാഹരിച്ചതിന്റെ പേരില്‍ വലിയ അഭിന്ദനങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. യുവജനങ്ങള്‍ക്കിടയില്‍ പ്രശാന്തിന് നല്ല പിന്തുണയുള്ളതിനാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്.

കുമ്മനത്തിൻ്റെയും കെ. മുരളീധരൻ്റെയും അഭാവത്തിൽ മണ്ഡലത്തിൽ നഷ്ടപ്പെട്ടുപോയ പ്രതാപം തിരിച്ചുപിടിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. എന്നാൽ കുമ്മനം രാജശേഖരൻ തന്നെ വട്ടിയൂർക്കാവിൽ മത്സരിക്കണമെന്നാണ് ആർ.എസ്.എസ് നേതൃത്വത്തിൻ്റെ അഭിപ്രായം. ഇത് നിരസിക്കാന്ർ കുമ്മനത്തിന് ആകില്ലെന്ന യാഥാർത്ഥ്യവും മുന്നിൽ നിൽക്കുകയാണ്.

Top