നീതി നടപ്പാക്കുന്നതില്‍ കാലതാമസം പാടില്ലെന്ന് ഉപരാഷ്ട്രപതി. ചീഫ് ജസ്റ്റിസിന് മറുപടിയുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: നീതി നിര്‍വ്വഹണത്തിന് കാലതാമസമുണ്ടാവരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. തെലങ്കാനയിലെ പൊലീസ് ഏറ്റുമുട്ടൽ സംബന്ധിച്ചു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ പ്രതികരണത്തിനു മറുപടി പറയുകയായിരുന്നു ഉപരാഷ്ട്രപതി. നീതി തൽക്ഷണം ലഭിക്കുന്നതല്ലെന്നും പ്രതികാരരൂപേണ നടപ്പാക്കുമ്പോൾ അതിന്റെ സത്ത നഷ്ടമാകുമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ നീതി തൽക്ഷണം ലഭിക്കില്ലെന്നു പറഞ്ഞതു ശരിയാണെങ്കിലും അത് അനന്തമായി നീളരുതെന്നു ഉപരാഷ്ട്രപതി പറഞ്ഞു.

നീതി പ്രതികാരമായാല്‍ നീതിയുടെ സ്വഭാവം നഷ്ടപ്പെടുമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ താന്‍ ശ്രദ്ധിച്ചിരുന്നെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. എന്നാല്‍ നീതി നിര്‍വ്വഹണത്തില്‍ സ്ഥിരമായി കാലതാമസം ഉണ്ടാകാന്‍ പാടില്ല. എല്ലാവരും അവരവരുടെ കര്‍ത്തവ്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നീതി എന്നത് പ്രതികാരമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പറഞ്ഞിരുന്നു. നീതി എന്നത് തത്ക്ഷണം ലഭിക്കുന്ന കാര്യമല്ല. നീതി പ്രതികാരമായാല്‍ അതിന്റെ ഗുണം നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.‘കേസുകൾ തീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നതിൽ സംശയമില്ല. എന്നാൽ, നീതി തൽക്ഷണം നടപ്പാക്കാൻ കഴിയുന്നതല്ല. ഒരിക്കലും അത് പ്രതികാരത്തിന്റെ രൂപത്തിലായിക്കൂടാ. പ്രതികാരത്തിലൂടെ നീതി നടപ്പാക്കുമ്പോൾ അതിന്റെ ആത്മാവ് നഷ്ടപ്പെടുമെന്നു ഞാൻ വിശ്വസിക്കുന്നു. നിലവിലുള്ള മാർഗങ്ങൾ ശക്തിപ്പെടുത്തിയും പുതിയവ ആവിഷ്കരിച്ചും ജനങ്ങൾക്കു താങ്ങാവുന്നതും വേഗത്തിലുള്ളതുമായ നീതിനിർവഹണ സംവിധാനം ഒരുക്കാൻ രാഷ്ട്രം പ്രതിജ്ഞാബദ്ധമാണ്.

അതേസമയം, വ്യവഹാരങ്ങൾ കുറയ്ക്കുന്നതിനും നടപടി ആവശ്യമാണ്. ഒത്തുതീർപ്പിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു നിയമമുണ്ട്. എന്നാൽ, മധ്യസ്ഥതയിൽ ഡിഗ്രിയോ ഡിപ്ലോമയോ നൽകുന്ന കോഴ്സുകളൊന്നും രാജ്യത്തില്ല’ – ചീഫ് ജസ്റ്റിസ് പറഞ്ഞു. തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഘം ചെയ്ത് കൊല്ലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നതിനെ പ്രകീര്‍ത്തിക്കുന്ന പൊതുവികാരത്തെ ശരിവച്ച് ഉന്നത അഭിഭാഷകരും രാഷ്ട്രീയനേതാക്കളും വരെ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് നീതിയെക്കുറിച്ചുള്ള ജനാധിപത്യ മതേതര സങ്കല്‍പങ്ങള്‍ എന്താണെന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഓര്‍മിപ്പിച്ചത്.

Top