വധശിക്ഷ തന്നെ !!നിര്‍ഭയ കേസിലെ പ്രതിക്ക് തൂക്കുകയര്‍ ഒരുങ്ങുന്നു ;റിവ്യൂ ഹര്‍ജി സുപ്രീംകോടതി തള്ളി.

ന്യുഡൽഹി : നിര്‍ഭയ കേസിലെ പ്രതി സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതി അക്ഷയ് സിങ്ങിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. വധശിക്ഷയ്ക്കെതിരെ അക്ഷയ് നല്‍കിയ പുനഃപരിശോധനാഹര്‍ജി തള്ളി. ജസ്റ്റിസ് ആര്‍.ഭാനുമതി അധ്യക്ഷയായ മൂന്നംഗബെഞ്ചിന്റേതാണ് വിധി. മുകേഷ് കുമാര്‍, വിനയ്, പവന്‍ കുമാര്‍ എന്നിവരുടെ ഹര്‍ജികള്‍ നേരത്തേ തള്ളിയിരുന്നു.അതേസമയം, തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് അക്ഷയുടെ അഭിഭാഷകന്‍ പറഞ്ഞു. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് സോളിസിറ്റിര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ ബോധിപ്പിച്ചു.

ഒരാളെയും കൊലപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് പ്രതി അക്ഷയ് സിങ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. രാവിലെ അര മണിക്കൂര്‍ വാദം കേട്ട ശേഷം സുപ്രീംകോടതി വിധി പറയാന്‍ മാറ്റിവച്ചു. ശേഷമാണ് ഉച്ചയ്ക്ക് വിധി പ്രസ്താവിച്ചത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് ശിക്ഷ വിധിച്ചത്. നിര്‍ഭയക്കൊപ്പമുള്ള യുവാവ് ആക്രമിക്കപ്പെട്ടിരുന്നു. ഇയാള്‍ മാധ്യമങ്ങളോട് സംഭവം വിശദീകരിക്കുന്നതിന് പണം വാങ്ങിയെന്ന ആരോപണമുണ്ട്. ഇതെല്ലാം പരിശോധിക്കണമെന്നും പ്രതി ആവശ്യപ്പെട്ടു. എന്നാല്‍ ഇതെല്ലാം വ്യത്യസ്തമായ കാര്യങ്ങളാണെന്നും പരിഗണിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി സുപ്രീംകോടതി ഹര്‍ജി തള്ളി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിവ്യൂ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ കഴിഞ്ഞദിവസം പിന്‍മാറിയിരുന്നു. നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്കാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. മൂന്നു പേര്‍ നേരത്തെ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ വേളയില്‍ അക്ഷയ് സിങ് റിവ്യൂ ഹര്‍ജി നല്‍കിയിരുന്നില്ല. ഇയാള്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹര്‍ജി സമര്‍പ്പിച്ചത്. വിചാരണ കോടതി വിധിച്ച വധശിക്ഷ ദില്ലി ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ ശരിവച്ചിരുന്നു. ഇതിനെതിരെ കേസിലെ പ്രതികളായ മുകേഷ്, പവന്‍, വിനയ് എന്നിവര്‍ കഴിഞ്ഞ വര്‍ഷം റിവ്യൂ ഹര്‍ജി നല്‍കി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സുപ്രീംകോടതി ഈ ഹര്‍ജികള്‍ തള്ളി. വിധി പുനഃ പരിശോധിക്കേണ്ട ആവശ്യമില്ലെന്നാണ് അന്ന് സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയത്.

Top