സാങ്കല്‍പ്പിക കിഡ്‌നാപ്പിങ് നടത്തി പണം തട്ടുന്നതാണ് അമേരിക്കയിലെ കള്ളന്മാരുടെ പുതിയ തന്ത്രം. വെര്‍ച്വല്‍ കിഡ്നാപ്പിങ് എന്ന പേരില്‍ പ്രചരിക്കുകയാണ് പുതിയ തന്ത്രം. കുറ്റവാളികളുടേതായ പരിശ്രമമോ അപായ സാധ്യതയോ ഒന്നും ഇതിനില്ല എന്നത് കൂടുതല്‍ തട്ടിക്കൊണ്ട് പോകലുകള്‍ക്ക് കാരണമാകുന്നു.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ഒരു ദിവസം ഉച്ചകഴിഞ്ഞ് 61-കാരന്‍ ജോണിനും അദ്ദേഹത്തിന്റെ ഭാര്യ ജെയ്നിനും അവരുടെ മകന്‍ ജോസഫിന്റെ നമ്പറില്‍ നിന്നു ഫോണ്‍ കോള്‍ ലഭിക്കുന്നു. മറുതലയ്ക്കല്‍ മകനല്ല. നിങ്ങളുടെ മകന്‍ ഞങ്ങളുടെ കസ്റ്റഡിയിലാണ്. അവനെ വിട്ടുകിട്ടണമെങ്കില്‍ ഞങ്ങള്‍ പറയുന്നതൊക്കെ ചെയ്യണം എന്നാണ് തട്ടിക്കൊണ്ടു പോകലുകാരുടെ ആവശ്യം. ആധി കയറിയ ജോണും ജെയിനും അവരുടെ കാറില്‍ കയറി മകന്റെ ഫോണില്‍ നിന്നു വിളിച്ചവര്‍ ആവശ്യപ്പെട്ട പല കാര്യങ്ങളും നഗരത്തിലൂടെ ഓടി നടന്നു നിറവേറ്റിക്കൊണ്ടിരുന്നു.
നിങ്ങള്‍ പൊലീസിനെയെങ്ങാനും വിളിച്ചല്‍ മകന്റെ മൃതദേഹം മാത്രമെ കാണൂവെന്ന് ഇടയ്ക്കിടയ്ക്ക് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കാനും വില്ലന്മാര്‍ മറന്നില്ല. ജോണും ജെയ്നും ഇടയ്ക്കിടയ്ക്ക് ഫോണ്‍ വിളിച്ചിരിക്കുന്ന നമ്പറിലേക്കു നോക്കും. അതു മകന്റേതു തന്നെയാണ്. കൂടാതെ മറുതലയ്ക്കലുള്ളവര്‍ക്ക് തങ്ങളുടെ കുടുംബ കാര്യങ്ങളെക്കുറിച്ചും നല്ല വിവരമുണ്ട്. എവിടെയാണ് തങ്ങള്‍ ജീവിക്കുന്നത് തുടങ്ങിയ കാര്യങ്ങളടക്കം പലതും അവര്‍ക്കറിയാം. തട്ടിക്കൊണ്ടു പോകലുകാരുടെ പ്രധാന ആവശ്യം അവര്‍ക്ക് രണ്ടു പ്രീ-പെയ്ഡ് ഡെബിറ്റ് കാര്‍ഡുകള്‍ എടുത്തു കൊടുക്കണം എന്നതായിരുന്നു. അവ എടുത്ത ശേഷം കാര്‍ഡുകളുടെ നമ്പറുകള്‍ തട്ടിക്കൊണ്ടു പോയവര്‍ക്ക് അയച്ചു കൊടുത്ത ശേഷം അതിന്റെ തെളിവുകള്‍ ടോയ്ലറ്റിലിട്ട് വെള്ളമൊഴിച്ച് ഇല്ലാതാക്കുന്നതിന്റ വിഡിയോ വരെ എടുത്ത് അയച്ചു.
അവരുടെ പ്രകടനം അവസാനിച്ചപ്പോള്‍ എന്തായാലും ജോണ്‍ പൊലീസിനെ വിളിക്കാന്‍ തന്നെ തീരുമാനിച്ചു. പൊലീസുകര്‍ ഒരു സംഘം ചികിത്സാ വിദഗ്ധരുമായി ജോസഫിന്റെ വീട്ടിലേക്കു പാഞ്ഞു. അവരവിടെ എത്തിയപ്പോള്‍ ജോസഫ് ഒരു പ്രശ്നവുമില്ലാതെ ഇരിക്കുന്നതായാണ് കണ്ടത്. ഒന്നാന്തരം തട്ടിപ്പായിരുന്നു അരങ്ങേറിയത്. എന്നാല്‍, തങ്ങള്‍ക്ക് അതെല്ലാം അത്രമേല്‍ യാഥാര്‍ഥ്യമായാണ് അനുഭവപ്പെട്ടതെന്നാണ് ജോണ്‍-ജെയ്ന്‍ ദമ്പതികള്‍ സാക്ഷ്യപ്പെടുത്തിയത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയ്ക്കായി ആളുകള്‍ ഏതറ്റം വരെയും പോകുമെന്നറിയാവുന്നവരുടെ ചില കളികളാണിത്. എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായാല്‍ എന്തു ചെയ്യാന്‍ കഴിയുമെന്നാണ് പലരുമിന്ന് അന്വേഷിക്കുന്നത്.
സ്പൂഫിങ് അല്ലെങ്കില്‍ റോബോ-കോളിങ് എന്നു വിളിക്കുന്ന സാങ്കേതികവിദ്യയാണ് വ്യാജ തട്ടിക്കൊണ്ടു പോകലുകാര്‍ ഉപയോഗിച്ചത്. ഇത്തരം സംഭവങ്ങളുടെ എണ്ണം അമേരിക്കയില്‍ കൂടിക്കൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ പറയുന്നു. റോബോ-കോളിങ് നടത്തുന്നയാള്‍ക്ക്, കോള്‍ കിട്ടുന്നവരുടെ ഫോണില്‍ കാണുന്ന നമ്പര്‍ മാറ്റാന്‍ സാധിക്കുന്നു എന്നതാണ് ഇവിടെ സംഭവിക്കുന്നത്. പലരും തങ്ങളെക്കുറിച്ച് ആവശ്യത്തലേറെ വിശദാംശങ്ങള്‍ ഓണ്‍ലൈനിലും നല്‍കിയിരിക്കും. ഈ വിവരങ്ങളും ഫോണ്‍ നമ്പറും ചേര്‍ത്ത് കിഡ്നാപ്പിങ്ങിനു സമാനമായ ഒരു സാഹചര്യം റോബോ-കോള്‍ ലഭിക്കുന്നവരെ അനുഭവിപ്പിക്കുകയാണ് ക്രിമിനലുകള്‍ ചെയ്യുന്നത്.
സ്‌കൈപ് പോലെയുള്ള വോയ്സ്-ഓവര്‍-ഐപി (voice-over-IP ) സേനവനത്തിലൂടെയൊ ഇതിനുള്ള പ്രത്യേക ആപ്പുകളിലൂടെയോ ആണ് കോളുകള്‍ നടത്തുന്നത്. ഇത്തരം സേവനങ്ങളില്‍ വിളിക്കുന്നയാളുടെ നമ്പറായി ഏതു നമ്പറും കാണിക്കാനുള്ള അവസരമുണ്ട്. അത് വെറുതെയൊരു നമ്പറായിരിക്കാം, അഡ്രസ് ബുക്കിലെ നമ്പറായിരിക്കാം അല്ലെങ്കില്‍ ഒരു പാര്‍ലമെന്റ് മെംബറുടെ നമ്പറുമാകാം. ഇതെളുപ്പമുള്ള കാര്യമാണ്. ആര്‍ക്കും ചെയ്യുകയും ചെയ്യാം. ഇതേക്കുറിച്ചു പ്രതികരിക്കാന്‍ സ്‌കൈപ് വിസമ്മതിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം ചില കോളുകള്‍ ചില പ്രീ പെയ്ഡ് ഫോണുകളിലൂടെയും നടത്താം. അവയ്ക്ക് ഒരു തരത്തിലുമുള്ള റജിസ്ട്രേഷന്‍ ഉണ്ടായിരിക്കില്ല എന്നതിനാല്‍ അവയെ ഒരു വ്യക്തിയുമായി ബന്ധപ്പെടുത്താനാവില്ല.
ഇത്തരം ആക്രമണങ്ങളിലെ ഇരകള്‍ക്ക് ആയിരക്കണക്കിനു ഡോളര്‍ നഷ്ടമാകുന്നുവെന്നതു കൂടാതെ, വൈകാരികമായി നിലവിട്ടു പോകുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട്. ആക്രമികള്‍ ഇരയ്ക്ക് അത്രമേല്‍ ഇഷ്ടമുള്ള ആരുടെയെങ്കിലും നമ്പറായിരിക്കും ഉപയോഗിക്കുക. ഇത് ഇരയുടെ അഡ്രസ് ബുക്കില്‍ ഉണ്ടാകുകയും ചെയ്യും. ചില സംഭവങ്ങളിലെ ഇരകള്‍ പരയുന്നത് തങ്ങളുടെ പ്രിയപ്പെട്ടവര്‍ ഉറക്കെ കരയുന്നത് ബാക്ഗ്രൗണ്ടില്‍ കേട്ടുവെന്നാണ്. മാതാപിതാക്കളും മുത്തശ്ശന്മാരും മുത്തശ്ശികളുമൊക്കെ എന്തും ചെയ്തു പോകുന്ന അവസരങ്ങളാണല്ലോ ഇത്. എഫ്ബിഐ പറയുന്നത് ഇത്തരം എത്ര സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഇപ്പോള്‍ പറയാനാവില്ല എന്നാണ്. കാരണം വെര്‍ച്വല്‍ കിഡ്നാപ്പിങ്ങിന്റെ വിവരങ്ങള്‍ ദേശീയ തലത്തില്‍ ഒരുമിപ്പിച്ചു തുടങ്ങിയിട്ടില്ല. ഇര അയാള്‍ക്ക് അടുത്തുള്ള പൊലീസ് സ്റ്റേഷനിലായിരിക്കും പരാതിപ്പെടുക. ചില അവസരങ്ങളില്‍ പരാതിപ്പെടുക പോലുമില്ലെന്നും എഫ്ബിഐ പറയുന്നു.
എന്നാല്‍, ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ആക്രമികള്‍ ഏതെങ്കിലും ഒരു നമ്പറില്‍ വിളിക്കുന്ന രീതിയാണ് കൂടുതലത്രെ. ഹോട്ടല്‍ റൂമുകളിലോ, പണക്കാര്‍ താമസിക്കുന്ന ഇടങ്ങളിലോ ഉള്ള കോഡുകളും മറ്റും ഉപയോഗിച്ചായിരിക്കും വിളക്കുക. സമൂഹമാധ്യമ പോസ്റ്റുകള്‍ ആക്രമികള്‍ക്ക് അത്രമേല്‍ സഹായകമാകാറുമുണ്ടെന്ന് പറയുന്നു. ഇവിടെ നിന്നു തുടങ്ങി കൂടുതല്‍ സേര്‍ചുകള്‍ നടത്തി വിവരം ശേഖരിക്കുന്നു.
ഇത്തരം ആക്രമണങ്ങളെ ഫിഷിങ് (phishing) എന്ന് അറിയപ്പെടുന്ന ഇന്റര്‍നെറ്റിലൂടെയുള്ള തട്ടിപ്പിനു സമാനമായാണ് കാണുന്നത്. ഇരയ്ക്ക് അറിയാവുന്ന ആരുടെയെങ്കിലും നമ്പറില്‍ നിന്നെന്നു തോന്നിപ്പിക്കുന്ന കോളുകളാണ് വരുന്നത്. എന്തായാലും ആദ്യം കണ്ട ആക്രമണത്തിനിരയായ കുടുംബം ഇന്റര്‍നെറ്റില്‍ തങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ നീക്കം ചെയ്തു. ഇതിലൂടെ അപരിചിതര്‍ തങ്ങളുടെ കാര്യങ്ങള്‍ അറിയാതിരിക്കുമെന്നാണ് അവര്‍ പറയുന്നത്.