ശ്രീനഗര്‍: പുല്‍വാമയില്‍ ചാവേര്‍ ആക്രമണം നടത്തിയ ജയ്ഷെ മുഹമ്മദ് ഭീകരന്‍ അദില്‍ ദാര്‍ പാകിസ്ഥാനിലെയും കാശ്മീരിലെയും തന്റെ നേതാക്കളുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടത് ഒരു അമേരിക്കന്‍ കമ്പനിയുടെ ‘വെര്‍ച്വല്‍ സിം’ ഉപയോഗിച്ചാണെന്ന് കണ്ടെത്തി. ഈ സേവനദാതാവായ കമ്പനിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടി ഇന്ത്യ അമേരിക്കന്‍ ഭരണകൂടത്തിന് കത്ത് നല്‍കും.
പാക് ഭീകരര്‍ ഓപ്പറേഷനുകള്‍ നടത്താന്‍ ഉപയോഗിക്കുന്ന പുതിയ സാങ്കേതിക വിദ്യയാണ് വെര്‍ച്വല്‍ സിം. സാമൂഹ്യമാദ്ധ്യമങ്ങളുമായി കണക്ട് ചെയ്യുന്ന കമ്പ്യൂട്ടര്‍ സൃഷ്ടിയായ ഒരു നമ്പരാണിത്.
പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് അദില്‍ ദാര്‍ അതിര്‍ത്തിക്കപ്പുറത്ത് പാകിസ്ഥാനിലുള്ള ജയ്ഷെ ഭീകര നേതൃത്വവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കാശ്മീര്‍ പൊലീസും കേന്ദ്ര ഏജന്‍സികളും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആക്രമണത്തിന്റെ പ്രധാന ബുദ്ധികേന്ദ്രമായ മുദാസിര്‍ ഖാനുമായും ഇയാള്‍ ബന്ധപ്പെട്ടിരുന്നു. മുദാസിര്‍ ഖാനെ പിന്നീട് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു.
ഈ നമ്പരിലേക്ക് ബന്ധപ്പെട്ട നമ്പരുകള്‍, അവ ആക്ടിവേറ്റ് ചെയ്തവരുടെ വിവരങ്ങള്‍, ഇന്റര്‍നെറ്റ് പ്രോട്ടോകാള്‍ അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെടും. അമേരിക്കയില്‍ നിന്ന് വെര്‍ച്വല്‍ സിം തരപ്പെടുത്താന്‍ പണം നല്‍കിയത് ആര്, അതിനായി വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചോ തുടങ്ങിയ കാര്യങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കുകയാണ്.
മുംബയ് ഭീകരാക്രമണത്തില്‍ ഭീകരര്‍ വ്യാജ ഐ.ഡി ഉപയോഗിച്ചിരുന്നു. മുംബയ് ആക്രമണ സമയത്ത് ആശയവിനിമയത്തിനുള്ള വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകാള്‍ ആക്ടിവേറ്റ് ചെയ്യാനായി കാള്‍ഫോണെക്സ് എന്ന കമ്പനിക്ക് വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ വഴി 229 ഡോളര്‍ അയച്ചതായി കണ്ടെത്തിയിരുന്നു. അധിനിവേശ കാശ്മീരില്‍ താമസക്കാരനായ ജാവേദ് ഇക്ബാല്‍ എന്നയാളാണ് പണം അയച്ചത്. ഇറ്റലിയിലെ ബ്രെസിയ എന്ന സ്ഥലത്തെ മദീന ട്രേഡിംഗ് എന്ന സ്ഥാപനത്തിലാണ് പണം എത്തിയത്. ഇറ്റലിയില്‍ കാല് കുത്തിയിട്ടില്ലാത്ത ഇക്ബാലിന്റെ പേരില്‍ ഈ സ്ഥാപനം മുന്നൂറോളം തവണ പണം അയച്ചു. ഇതുപോലെ നിരപരാധികളുടെ ഐ.ഡിയും പാസ്‌പോര്‍ട്ടുമൊക്കെ മോഷ്ടിച്ച് ഈ സ്ഥാപനം പണം അയച്ചിരുന്നു. സമാനമായ രീതിയില്‍ പുല്‍വാമ ആക്രമണത്തിലും പണമിടപാട് നടന്നോ എന്നാണ് അന്വേഷിക്കുന്നത്.
വെര്‍ച്വല്‍ സിം
- കമ്പ്യൂട്ടര്‍ പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഒരു നമ്പര്‍ സൃഷ്ടിക്കും
- ആ നമ്പര്‍ ഉപയോഗിക്കാന്‍ സേവനദാതാവായ കമ്പനിയുടെ ഒരു ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം
- ഈ നമ്പര്‍ വാട്ട്സാപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാദ്ധ്യമ സൈറ്റുകളുമായി ലിങ്ക് ചെയ്യുന്നു.
- സാമൂഹ്യ മാദ്ധ്യമ സൈറ്റുകളില്‍ നിന്നുള്ള വേരിഫിക്കേഷന്‍ കോഡ് സമാര്‍ട്ട് ഫോണില്‍ കിട്ടുന്നതോടെ വെര്‍ച്വല്‍ സിം ഉപയോഗിക്കാന്‍ കഴിയും.
- ഭീകരന്‍ ഉപയോഗിച്ചത് + 1 എന്ന കോഡില്‍ തുടങ്ങുന്ന നമ്പരായിരുന്നു
- +1 അമേരിക്കയുടെ കോഡ് നമ്പരാണ്