വിസ്മയ കേസ്; പ്രതി കിരൺകുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറങ്ങി..

കൊല്ലം വിസ്മയ കേസില്‍ പ്രതിയായ കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കി. ഇന്ന് വൈകിട്ടോടെയാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. പിരിച്ചുവിടാതിരിക്കാന്‍ പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ നോട്ടിസയച്ചിരുന്നു. മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് പിരിച്ചുവിട്ടുള്ള ഉത്തരവ് പുറത്തിറക്കിയത്

ഇക്കഴിഞ്ഞ ആറാം തീയതിയാണ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്. കേരള സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചായിരുന്നു നടപടി. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നില്ല. അന്വേഷണം പൂര്‍ത്തിയാകും മുന്‍പ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് അപൂര്‍വ നടപടിയാണ്. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുകയോ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയോ ഇല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്നാണ് കിരൺകുമാർ മറുപടിയിൽ പറഞ്ഞത്. കോടതി കണ്ടെത്തും മുൻപ് താൻ കുറ്റക്കാരനെന്ന് മോട്ടോർ വാഹന വകുപ്പ് വിധിക്കുന്നത് നിയമലംഘനമാണ്. സാമാന്യ നീതി തനിക്ക് ലഭിച്ചില്ല. മാധ്യമ ശ്രദ്ധ നേടാൻ വേണ്ടി മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് തയാറാക്കിയത്. തന്നെ സർവീസിൽ നിന്ന് നീക്കം ചെയ്യുക എന്നത് മാത്രമായിരുന്നു അന്വേഷണത്തിന്റെ ലക്ഷ്യം. ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ തന്റെ ഭാഗം നേരിട്ട് ബോധിപ്പിക്കാൻ കഴിഞ്ഞില്ലന്നും അതിനുള്ള അവസരം നൽകണമെന്നുമാണ് കിരൺകുമാറിന്റെ വിശദീകരണം.

ജൂണ്‍ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിരുന്നു.

വകുപ്പുതല അന്വേഷണത്തില്‍ കിരണിനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞതാണെന്നും വകുപ്പിന്റെ അന്തസിന് ഇടിവുണ്ടായെന്നും കിരൺകുമാറിനെ പിരിച്ചുവിട്ടത് അറിയിച്ച് കൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി ആന്റണി രാജു പറ‍ഞ്ഞിരുന്നു. സ്ത്രീധനത്തെ ചൊല്ലിയുടെ പീഡനത്തെ തുടര്‍ന്ന് ഭാര്യ മരണപ്പെട്ടത് മൂലം ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്.

Top