കൊച്ചി:കൊല്ലം ശാസ്താംകോട്ടയിൽ വിസ്മയ ഭർതൃഗൃഹത്തിൽ മരണമടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺ കുമാറിന് ജാമ്യം നൽകണമെന്ന് വാദം .വിസ്മയ ജീവനൊടുക്കിയത് ഫോണ്‍ ഉപയോഗം വിലക്കിയതില്‍ മനം നൊന്താണെന്ന് പ്രതി കിരണ്‍കുമാറിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍. വിസ്മയ മണിക്കൂറുകള്‍ ഫോണില്‍ ചെലവഴിക്കാറുണ്ടെന്നും പരീക്ഷ അടുത്തതിനാല്‍ ഫേസ്ബുക്ക് ഉപയോഗം വിലക്കിയിരുന്നുവെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇതാണ് പ്രകോപനത്തിന് കാരണമായതെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ കിരണ്‍കുമാര്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് കിരണ്‍ പങ്കാളിയെ ശാരീരികവും മാനസികമായും മാനസികമായും ഉപദ്രവിച്ചതിന് തെളിവുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തെളിവായി വാട്ട്‌സ്ആപ്പ് സന്ദേശങ്ങളുടെ പകര്‍പ്പും നല്‍കിയിട്ടുണ്ട്. കിരണ്‍കുമാര്‍ നല്‍കിയ ജാമ്യാപേക്ഷ എതിര്‍ത്തായിരുന്നു സര്‍ക്കാരിന്റെ വാദം.സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ വിസ്മയയെ ഉപദ്രവിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. വിസ്മയ ബന്ധുവിനയച്ച ചിത്രങ്ങളും സന്ദേശങ്ങളും ഇതിലുള്‍പ്പെടുന്നു. മരണത്തില്‍ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ച് വിസ്മയ പ്രതി കിരണ്‍കുമാറിന്റെ ബന്ധുക്കള്‍ക്കും സന്ദേശമയച്ചിരുന്നു. കിരണിന്റെ സഹോദരി കീര്‍ത്തിയുടെ ഫോണില്‍ നിന്നാണ് വിസ്മയയുടെ ചാറ്റ് അന്വേഷണ സംഘം കണ്ടെത്തിയത്.