തിരുവനന്തപുരം: വിഴിഞ്ഞം സമരം പരിഹരിക്കാൻ ചർച്ച വേണമെന്ന് ലത്തീൻ അതിരൂപത. ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ലത്തീൻ സഭ. കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷമുണ്ടാകാനുള്ള കാരണങ്ങൾ വിശദീകരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഇന്ന് സർക്കുലർ വായിച്ചു. പ്രകോപനപരമായ സാഹചര്യങ്ങളാണ് വിഴിഞ്ഞത്ത് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്ന് സർക്കുലറിലെ വിമർശനം.
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരത്തോടുള്ള സംസ്ഥാന സർക്കാരിന്റെ നിസംഗ മനോഭാവം പ്രതിഷേധാർഹമാണെന്നും ആർച്ച് ബിഷപ്പിന്റെ സർക്കുലറിൽ വിമർശിക്കുന്നു. സമവായത്തിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. ഉന്നയിച്ച 7 ആവശ്യങ്ങളിൽ അനുഭാവപൂർവം പരിഗണിക്കണമെന്നും പളളികളിൽ സർക്കുലർ വായിച്ചു. കർദിനാൾ ബസേലിയോസ് മാർ ക്ലീമിസിന്റെ നേതൃത്വത്തിൽ നടത്തുന്ന അനുനയ ശ്രമങ്ങളെ സഭ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
വിഴിഞ്ഞം തുറമുഖ സമരത്തിൽ സർക്കാരും സമവായം തേടുന്നുണ്ട്. പോലീസ് സ്റ്റേഷൻ അക്രമം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ ഒരു അറസ്റ്റ് ഒഴികെ മറ്റ് നടപടിയിലേക്ക് ഇതുവരെ പോലീസ് കടന്നിട്ടില്ല. കേന്ദ്രസേനയെ വിന്യസിക്കുന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും ആശയവിനിമയം നടത്തി തീരുമാനമെടുക്കാമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
ഉന്നതതലത്തിൽ തന്നെ അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണ്. ബസേലിയോസ് മാർ ക്ലിമിസ് കത്തോലിക്ക ബാവയുടെ മധ്യസ്ഥതയിൽ ചീഫ് സെക്രട്ടറി, ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ എന്നിവർക്കിടയിലെ ആശയവിനിമയമാണ് ഒരു വഴി. ഗാന്ധി സ്മാരക നിധി നേതൃത്വവും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് ശശി തരൂർ എംപിയുടെ ഇടപെടലുമുണ്ട്. സംഘർഷത്തിലേക്ക് പോകാതെ കാര്യങ്ങൾ രമ്യമായി പരിഹരിക്കണം എന്നാണ് ഏവരുടെയും നിലപാട്. അടുത്ത ഏഴിന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
നിർമ്മാണം മുടങ്ങുന്ന ഓരോ ദിവസവും രണ്ടുകോടി രൂപ വീതം എന്ന നിലയ്ക്കാണ് നഷ്ടപരിഹാരത്തുക ഉയരുന്നത്. കോടികൾ നിക്ഷേപിച്ച ശേഷം പദ്ധതി അവസാനിപ്പിക്കണമെന്ന് പറയുന്നത് പ്രായോഗികമല്ല എന്ന നിലപാടിലാണ് വിഷയം പരിഹരിക്കാൻ ഇടപെടുന്നവരും. സമരസമിതിയുടെ ഭാഗമായ ഒരു വിഭാഗം വൈദികർ നിർമ്മാണം നിർത്താതെ ഒത്തുതീർപ്പിനില്ല എന്ന നിലപാടിലാണ്. കേന്ദ്രസേന വരുന്നതിനോട് സംസ്ഥാനത്തിന് ഇപ്പോഴും പൂർണ്ണമായ യോജിപ്പില്ല.
കേന്ദ്രസേന വരുന്നതിൽ എതിർപ്പില്ലെന്ന് കോടതിയെ അറിയിച്ചെങ്കിലും അത്തരമൊരു നിലയിലേക്ക് പോകുന്നതിനു മുൻപ് പ്രശ്നം പരിഹരിക്കണം എന്ന് സർക്കാർ ആഗ്രഹിക്കുന്നു. തീരെ നിവൃത്തിയില്ലെങ്കിൽ സംസ്ഥാന സർക്കാർ കളത്തിൽ നിന്ന് മാറും. പോലീസ് സ്റ്റേഷൻ അക്രമം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും ഒരു അറസ്റ്റിന് അപ്പുറത്തേക്ക് നടപടികൾ കടുപ്പിച്ചിട്ടില്ല. തോമസ് ജെ നെറ്റോയെ അഞ്ചു കേസുകളിൽ പ്രതിചേർത്തിട്ടുണ്ട്. ആകെ 168 കേസുകളാണ് സമരസമിതിക്ക് എതിരെ എടുത്തിട്ടുള്ളത്. അറസ്റ്റ് ചെയ്യേണ്ടവരുടെ ആദ്യഘട്ട പട്ടിക തയ്യാറായെങ്കിലും തുടർ നടപടി പോലീസ് വൈകിക്കുകയാണ്.