തെറ്റുകുറ്റങ്ങൾ എണ്ണിപ്പറഞ്ഞ് നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചു വി.എം സുധീരൻ; ബിജെപിയെ നേരിടാൻ കോൺഗ്രസ് ശക്തമായി രംഗത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ടു വർഷം പൂർത്തീകരിക്കുന്ന മോഡി സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ കെ.പി.സി.സി. പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ നാളെ (മെയ് 26ന്) രണ്ടു വർഷം പൂർത്തിയാകുമ്പോൾ ജനങ്ങളെ തീർത്തും നിരാശരാക്കിയിരിക്കുകയാണെന്ന്ു ആരോപിക്കുന്ന സുധീരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ എണ്ണിയെണ്ണി പറയുകയാണ് ചെയ്യുന്നത്.
രാജ്യത്തെ ജനങ്ങൾക്ക് നല്ല ദിനങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി അവരെ ക്രൂരമായി വഞ്ചിക്കുന്ന നടപടികളാണ് ഒന്നിനു പുറകെ മറ്റൊന്നായി സ്വീകരിച്ചു വരുന്നത്. അതുകൊണ്ട് എൻ.ഡി.എ സർക്കാരിന്റെ രണ്ടാം വാർഷികം ജനവഞ്ചനയുടെ രണ്ടാം വാർഷികമായിരിക്കുകയാണ്.
രാജ്യത്തെ ഏറ്റവും കടുത്ത വിലക്കയറ്റത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലയും ഇന്ധനവിലയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെന്നത് എല്ലാരും അംഗീകരിക്കുന്നതാണ്. ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില നന്നേ കുറഞ്ഞിട്ടും അതിന് ആനുപാതികമായി ആഭ്യന്തരവിപണിയിൽ പെട്രോളിന്റെയും ഡീസലിന്റെയും വിലകുറയ്ക്കാൻ തയ്യാറായില്ല. വില കുറച്ചിരുന്നെങ്കിൽ നിത്യോപയോഗ സാധനങ്ങളുടെ വില എത്രയോ കുറയുമായിരുന്നു. ജനങ്ങൾക്ക് അത് ആശ്വാസകരവുമാകുമായിരുന്നു. മോദി അധികാരമേൽക്കുമ്പോൾ ഒരു ബാരൽ ക്രൂഡ് ഓയിലിന് 104.78 ഡോളറായിരുന്നെങ്കിൽ ഇന്നത്തെ വില 48.62 ഡോളറാണ്. ഇത് ഒരുസമയത്ത് 30 ഡോളറിൽ താഴെയായിരുന്നുവെന്നതും ഓർക്കേണ്ടതുണ്ട് എന്നിട്ടും വില കുറയ്ക്കാതെ അനങ്ങാപ്പാറ നയം സ്വീകരിച്ച മോഡി ജനങ്ങളെ ക്രൂരമായി കബളിപ്പിക്കുകയായിരുന്നു. ഇതിനു പുറമേയാണ് 9 തവണ എക്‌സൈസ് ഡ്യൂട്ടി വർദ്ധിപ്പിച്ച് ഏതാണ്ട് ഒരു ലക്ഷം കോടി രൂപ ജനങ്ങളിൽ നിന്ന് തട്ടിയെടുത്തത്.
മോഡി ഭരണത്തിൽ രാജ്യസുരക്ഷ പോലും ഭദ്രമല്ലായെന്നത് പത്താൻ കോട്ട് സൈനിക കേന്ദ്രത്തിൽ ഭീകരർ നുഴിഞ്ഞു കയറിയ സംഭവം വ്യക്തമാക്കുന്നു. എത്ര ഗുരുതരമായ പിഴവാണ് രാജ്യരക്ഷാ മന്ത്രാലയത്തിന് ഇക്കാര്യത്തിൽ ഉണ്ടായത്.
ജവഹർലാൽ നെഹ്‌റു വിഭാവനം ചെയ്ത് വിജയകരമായി മുന്നോട്ടു നീക്കിയ ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ട് നീതി ആയോഗ് രൂപീകരിച്ചത് ഈ സർക്കാരിന്റെ തലതിരിഞ്ഞ നയങ്ങളുടെ ഭാഗമാണ്. ആസൂത്രണ കമ്മീഷൻ ഇല്ലാതായതോടെ കേന്ദ്രസംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സാമ്പത്തിക സന്തുലിതാവസ്ഥ ഇല്ലാതായി. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ പലതും നിർത്തലാക്കി. എഴുപതോളം പദ്ധതികൾ ഉണ്ടായിരുന്നത് മുപ്പത് എണ്ണമായി ചുരുക്കി. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്കുള്ള സംസ്ഥാന വിഹിതത്തിൽ കുറവുവരുത്തി. സംസ്ഥാനത്തിന്റെ കുടിവെള്ള പദ്ധതിയിൽ ലഭിക്കേണ്ട കേന്ദ്രവിഹിതം വെട്ടികുറച്ചു. ഐ.സി.ഡി.എസിന് കേന്ദ്രബജറ്റിൽ 16000 കോടി രൂപ വകയിരുത്തിയത് ഇപ്പോഴത് നേർ പകുതിയാക്കി. അങ്കനവാടികളുടെ പ്രവർത്തനത്തെ ഇത് പ്രതികൂലമായി ബാധിക്കും. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ചു. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റം കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കും.
പ്രവാസികളോട് അവഗണനയാണ്. അവർക്കായി യു.പി.എ. കൊണ്ടുവന്ന പ്രവാസികാര്യ വകുപ്പ് നിർത്തലാക്കി. ഇത് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചത് കേരളത്തെയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വന്നിരിക്കുകയാണ്.
മോദിഭരണത്തിൽ കാർഷികമേഖലയും തളർന്നു. കർഷകപക്ഷത്തുനിന്ന് യു.പി.എ. സർക്കാർ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കൽ നിയമം കോർപ്പറേറ്റുകൾക്ക് അനുകൂലമായി കേന്ദ്രസർക്കാർ ഭേദഗതി ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കേന്ദ്രസർക്കാരിന് പിന്നോട്ടു പോകേണ്ടിവന്നു. പ്രധാനമന്ത്രിയുടെ കേരള സന്ദർശനവേളയിൽ കർഷകരെ സഹായിക്കുമെന്ന് പ്രഖ്യാപിച്ചതെല്ലാം കേവലം പാഴ് വാക്കായി. റബ്ബർകർഷകരെ രക്ഷിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി അനിയന്ത്രിതമായ ഇറക്കുമതി തടയാനോ ന്യായവിലയ്ക്ക് റബർ സംഭരണത്തിന് ഒരു രൂപ പോലും തന്ന് സംസ്ഥാനത്തെ സഹായിക്കുന്നതിനോ തയ്യാറായില്ല. 1000 കോടി രൂപയുടെ വിലസ്ഥിരതാഫണ്ട് കേന്ദ്രസർക്കാരിന്റെ പക്കലുള്ളപ്പോഴാണ് ഈ സമീപനം. കർഷകരോട് ഇത്രയും ക്രൂരതകാട്ടിയ കാലമില്ല. പാമോയിലിന്റെ അനിയന്ത്രിതമായ ഇറക്കുമതിമൂലം നാളികേരകർഷകർ ദുരിതത്തിലാണ്. ഏലം, കാപ്പി, തേയില, കുരുമുളക് കർഷകരെയും തിരിഞ്ഞുനോക്കിയില്ല.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ജവാഹർലാൽ നെഹ്രുവിന്റെ കാലം മുതൽക്കുള്ള തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതാനാണ് നീക്കം. ഇതിനെതിരെ തൊഴിലാളിസമൂഹം സമരരംഗത്താണ്.
തീരദേശമേഖലയെ തകർക്കാൻ കടലിനെയും കടലോരങ്ങളെയും കോർപ്പറേറ്റുകൾക്ക് പണയപ്പെടുത്തുന്നു. ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് മീനാകുമാരി റിപ്പോർട്ട് മരവിപ്പിച്ചെങ്കിലും ഡോ. അയ്യപ്പൻ കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണ്. തീരദേശ സംസ്ഥാനങ്ങളുടെയോ, മത്സ്യത്തൊഴിലാളികളുടെയോ പ്രതിനിധികൾ കമ്മിറ്റിയിലില്ല. ഇതിനെതിരെയും ശക്തമായ പ്രതിഷേധം ഉയർന്നു വന്നിരിക്കുന്നു.
രാജ്യത്തെ വർഗീയഭ്രാന്താലയമാക്കാനാണ് മോദി ശ്രമിക്കുന്നത്. മോദിഭരണത്തിൽ വർഗീയ ഫാസിസ്റ്റുകൾ അഴിഞ്ഞാടുകയാണ്. ആരെന്ത് കഴിക്കണം ആരെന്ത് ധരിക്കണം ആരെന്ത് എഴുതണം ആരെന്ത് സംസാരിക്കണം എന്ന് വർഗീയഫാസിസ്റ്റുകൾ കല്പിക്കുന്നു. അതനുസരിച്ചില്ലെങ്കിൽ ജീവിക്കാനുള്ള അവകാശംപോലും നിഷേധിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ചാതുർവർണ്യത്തിന്റെ ഇരുണ്ടകാലത്തേക്ക് രാജ്യത്തെ കൊണ്ടുപോകാൻ ശ്രമിക്കുന്നു. മോദി അധികാരത്തിൽവന്നുകഴിഞ്ഞ് രാജ്യത്തിന്റെ പലഭാഗങ്ങളിലായി 650 ഓളം സാമൂഹ്യസംഘർഷങ്ങളുണ്ടായി. ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള ദുഷ്ടലാക്കാണ് മോദിക്കും കൂട്ടർക്കും.
രാജ്യത്തെ ഫെഡറൽ സംവിധാനത്തെ തകർത്ത് ഏകാധിപത്യശൈലിയാണ് മോഡി പിന്തുടരുന്നത്. ആ രീതിയാണ് അരുണാചൽപ്രദേശിലും ഉത്തരാഖണ്ഡിലും നാം കണ്ടത്. ഉത്തരാഘണ്ഡ് വിഷയത്തിൽ കേന്ദ്രത്തിന് കനത്ത പ്രഹരമാണ് സുപ്രീം കോടതി വിധിയിലൂടെ ഉണ്ടായത്.
രാജ്യത്ത് ജനദ്രോഹനയങ്ങൾ നടപ്പിലാക്കിയതും വർഗ്ഗീയഭ്രാന്ത് വളർത്തിയെടുക്കാൻ ശ്രമിക്കുന്നതും പ്രാകൃതമായ ഒരു കാലത്തേക്ക് ഭാരതത്തെ തിരിച്ചു കൊണ്ടുപോകാൻ ശ്രമിച്ചു വരുന്നു എന്നതുമാണ്് മോദി ഭരണത്തിന്റെ ബാക്കിപത്രം. ഇതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയർത്തി മോഡിസർക്കാരിന്റെ ജനദ്രോഹ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തുന്നതിന് എല്ലാ ജനാധിപത്യ മതേതരത്വ വിശ്വാസികളും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top