യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് വി.എം.സുധീരന്‍ രാജിവെച്ചു

തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് വി.എം.സുധീരന്‍ രാജിവെച്ചു. കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. രാജിക്കത്ത് ഇ -മെയിൽ വഴി കെ.പി.സി.സിക്കും യു.ഡി.എഫ് കൺവീനർ പി.പി.തങ്കച്ചനും അയച്ചു കൊടുത്തു. അതേസമയം രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് പി.പി.തങ്കച്ചന്‍ പറഞ്ഞു. കെപിസിസി നേതൃത്വത്തിനെതിരെ സുധീരന്‍ പരസ്യ പോരിലായിരുന്നു. മാണി ഗ്രൂപ്പിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ പരസ്യമായി സുധീരന്‍ എതിര്‍ത്തിരുന്നു.

രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് (എം)ന് നൽകിയതിനെ തുടർന്ന് സുധീരന്‍ കലാപക്കൊടി ഉയർത്തിയിരുന്നു. സീറ്റ് മാണിക്ക് കൊടുത്തതിൽ തനിക്കുള്ള കടുത്ത അതൃപ്തി സുധീരൻ പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നേതാക്കൾ പരസ്യപ്രസ്താവന നടത്തുന്നത് കെപിസിസി തടയുകയും ചെയ്തിരുന്നു. രാജിവയ്ക്കാനുള്ള കാരണം എന്താണെന്ന് കത്തിൽ സുധീരൻ വ്യക്തമാക്കിയിട്ടില്ല. മാണിക്ക് സീറ്റ് നൽകിയതിനെ ചൊല്ലി സുധീരൻ ഉയർത്തിയ വാദങ്ങൾക്ക് കോൺഗ്രസ് നേതൃത്വം ചെവി കൊടുത്തിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാത്രമല്ല, ഇതിന് പാർട്ടിയുടെ നേതൃത്വത്തിലുള്ള ആരും മറുപടി പറയേണ്ടെന്നും തീരുമാനിച്ചിരുന്നു. താൻ ഉന്നയിച്ച വിമർശനങ്ങളോടുള്ള കോൺഗ്രസിന്റേയും യു.ഡി.എഫിന്റേയും നിഷേധാത്മക നിലപാടാണ് സുധീരനെ രാജിവയ്ക്കുന്നതിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. കെപിസിസി പ്രസിഡ‌ന്റെന്ന നിലയിൽ തന്നെ പ്രവർത്തിക്കാൻ ഗ്രൂപ്പുകൾ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ അദ്ധ്യക്ഷ സ്ഥാനം സുധീരൻ രാജിവച്ചത്. പിന്നീട് കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി പങ്കെടുത്ത യു.ഡി.എഫ് യോഗത്തിൽ നിന്ന് അദ്ദേഹം ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.

Top