തിരുവനന്തപുരം :ബി.ജെ.പിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെയും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെയും യു.ഡി.എഫ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെയും വിലയിരുത്തലാകും വരാന്‍ പോകുന്ന നിയസഭാ തിരഞ്ഞെടുപ്പെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. കേരള എന്‍.ജി.ഒ. അസോസിയേഷന്റെ സംസ്ഥാന പഠന ക്യാമ്പ്നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഡവലപ്‌മെന്റ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ തലത്തില്‍ ബി.ജെ.പി. മതേതരത്തെ ദുര്‍ബലപ്പെടുത്തി ഇന്ത്യന്‍ ജനതയെ ഒരു ഇരുണ്ട യുഗത്തിലേക്ക് നയിക്കുമ്പോള്‍,കേരളത്തില്‍ സി.പി.എം. അക്രമത്തിന്റെ പാതയിലാണ്. അക്രമരാഷ്ട്രീയം ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ സി.പി.എമ്മും ബി.ജെ.പി.യും ഒളിഞ്ഞും തെളിഞ്ഞും രഹസ്യബന്ധം പുലര്‍ത്തിയിട്ടുണ്ട്. അതു പല സാഹചര്യത്തിലും പ്രകടമായിട്ടുണ്ട്. ഇനിയും അതിനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല. അതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും സുധീരന്‍ പറഞ്ഞു. ഇവര്‍ തമ്മിലുള്ള രാഷ്ട്രീയ സാമ്യതയാണ് അതിനു കാരണമെന്നും സുധീരന്‍ പറഞ്ഞു.
ബംഗാളില്‍ സി.പി.എം. നേതൃത്വം കോണ്‍ഗ്രസിന്റെ സഹായം തേടുമ്പോള്‍ കേരളത്തില്‍ കാലഹരണപ്പെട്ട പഴയനിലപാടില്‍ ഉറച്ചുനിന്ന് അതിനെ എതിര്‍ക്കുകയാണ് ഇവിടുത്തെ നേതാക്കള്‍. പി.ബി.യിലെ ചില നേതാക്കളും കേരള ഘടകത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നു. കേരളത്തില്‍ അക്രമരാഷ്ട്രീയത്തില്‍ മാറ്റം വരുത്താനും തെറ്റുതിരുത്താനും സി.പി.എം. തയ്യാറാകുന്നില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജനപ്രതിനിധി കൂടിയായ ടി.എന്‍. പ്രതാപനു നേരെയുള്ള ആക്രമണം. സി.പി.എം. നേതാക്കള്‍ കൊലക്കേസുകളില്‍ പ്രതികളാകുന്നതും ഇതുകൊണ്ടാണ്. നേതാക്കള്‍ കൊലക്കേസില്‍ പ്രതികളാകുമ്പോള്‍ രക്തസാക്ഷി പരിവേഷം നല്‍കി രാഷ്ട്രീയ സംരക്ഷണം ഒരുക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്.
കേരളത്തില്‍ ഉത്തരേന്ത്യയിലേത് സമാനമായി വോട്ടു രേഖപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ്കണ്ണൂരിലെ പല ബൂത്തുകളിലും നടക്കുന്നത്. അതിനു കാരണം സി.പി.എം. അനുകൂലികളായ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചോദിച്ചുവാങ്ങുന്നതിലാണ്. ഇവര്‍ ഇക്കൂട്ടര്‍ക്ക് ആവശ്യമായ ഒത്താശ ചെയ്തുകൊടുക്കുന്നു. അതിനു തടയിടാന്‍ വലതുപക്ഷ സര്‍വ്വീസ് സംഘടനകള്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ സജീവ സാന്നിദ്ധ്യം ഉണ്ടാകണമെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പങ്കാളിത്തം ഉണ്ടാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍. രവികുമാര്‍, ജനറല്‍ സെക്രട്ടറി എന്‍.കെ. ബെന്നി., രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയര്‍ക്ടര്‍ എ. ഹിദുര്‍ മുഹമ്മദ്, എസ്.സി- എസ്.റ്റി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ.കെ. ശശി.,ക്യാമ്പ് ഡയറക്ടര്‍ എസ്.റ്റി. ഗോപകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.