കൊച്ചി:നീതിപൂർവ്വവും നിഷ്പക്ഷവുമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമായ കേരള പി.എസ്.സി വഴിവിട്ട പ്രവർത്തനങ്ങളിലൂടെയും ഇഷ്ടക്കാർക്ക് നൽകിയ മാർക്ക് ദാനത്തിലൂടെയും അതിൻറെ സർവ്വ വിശ്വാസ്യതയും തീർത്തും നഷ്ടപ്പെടുത്തിയിരിക്കുകയാണ്.അതിനാൽ നിലവിലുള്ള പി എസ് സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന് വിഎം സുധീരൻ ആവശ്യപ്പെട്ടു .
എഴുത്ത് പരീക്ഷയെ അർത്ഥശൂന്യമാക്കി അഭിമുഖത്തിൽ അധികം മാർക്ക് നൽകരുതെന്ന സുപ്രീം കോടതി വിധിയുടെയും വർഷങ്ങളായി പി.എസ്.സി തന്നെ അനുവർത്തിച്ച് വരുന്ന നയത്തിൻറെയും നഗ്നമായ ലംഘനത്തിലൂടെ ഇന്നത്തെ പി എസ് സി ചെയർമാനും അംഗങ്ങൾക്കും തൽസ്ഥാനത്ത് തുടരാനുള്ള ധാർമികവും നിയമപരവും ഭരണപരവുമായ അർഹത നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് നിലവിലുള്ള ചെയർമാനെയും അംഗങ്ങളെയും പിരിച്ചു വിടണം.
പി എസ് സി പരീക്ഷ നടത്തിപ്പിന്റെ കാര്യത്തിൽ നിലവിലുള്ള സ്ഥിതി ആശങ്കാജനകമാണെന്നും പരീക്ഷാ തട്ടിപ്പ് സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമുള്ള ഹൈക്കോടതിയുടെ നേരത്തെയുള്ള പരാമർശം കൂടുതൽ പ്രസക്തമായി ഇപ്പോൾ വന്നിരിക്കുകയാണ്.
നിലവിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം ഒട്ടും തൃപ്തികരമല്ലെന്ന് സ്ഥിരീകരിക്കുന്ന സാഹചര്യമാണുള്ളത്.സ്വതന്ത്ര അന്വേഷണം എന്ന ഹൈക്കോടതി നിർദ്ദേശം അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാരിൻറേത്.അതുകൊണ്ട് ഇനിയെങ്കിലും ഒട്ടും വൈകാതെ പി എസ് സി പരീക്ഷ തട്ടിപ്പിനെ കുറിച്ചും മാർക്ക് ദാനത്തെ കുറിച്ചും സിബിഐ അന്വേഷണം നടത്തുക തന്നെ വേണം.