സിനിമയിലെ മക്കള്‍ മഹാത്മ്യത്തിലേക്ക് വമ്പനൊരാള്‍ കൂടി എത്തുന്നു. വേറാരുമല്ല ബോളിവുഡ് സുന്ദരികളുടെ രോമാഞ്ചമായ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനാണ് കക്ഷി. സുഹാന കവര്‍ ഗേളായി അന്രാരാഷ്ട്ര മാസികയായ വോഗാണ് ഈ സൂചന നല്‍കിയിരിക്കുന്നത്.
പതിനെട്ടുകാരിയായ സുഹാനയുടെ ജീവിതത്തിലെ ആദ്യ അഭിമുഖവും മാഗസിനില്‍ പ്രസിദ്ധീകരിച്ചു. ബോളിവുഡ് താരങ്ങളുടെ മക്കളില്‍ മിക്കവരും വോഗില്‍ കവര്‍ചിത്രമായ ശേഷമാണ് സിനിമാപ്രവേശം നടത്തിയത്. മകളുടെ കവര്‍ചിത്രമുള്ള വോഗ് ഷാരൂഖ് തന്നെയാണ് പുറത്തിറക്കിയത്.
ഇപ്പോള്‍ ലണ്ടനില്‍ ഉന്നതപഠനം നടത്തുകയാണ് സുഹാന. പതിനാറാം വയസ്സില്‍ മാതാപിതാക്കളെ പിരിഞ്ഞ് ഒറ്റയ്ക്ക് ലണ്ടനില്‍ പോയി പഠിക്കാന്‍ തീരുമാനിച്ചത് ജീവിതത്തില്‍ വലിയ അനുഭവങ്ങള്‍ സമ്മാനിച്ചെന്ന് സുഹാന അഭിമുഖത്തില്‍ പറയുന്നു. പാപ്പിരാസികളുടെ ശല്യമില്ലാതെ തെരുവില്‍ ഒറ്റയ്ക്ക് കറങ്ങാനും ട്രെയിനില്‍ യാത്രചെയ്യാനുമെല്ലാം കഴിഞ്ഞു.
താന്‍ എന്തായാലും അഭിനയരംഗത്ത് ഒരുകൈ നോക്കുമെന്ന ഉറച്ച നിലപാടിലാണ് സുഹാന. കുട്ടിക്കാലത്തേ ഈ ആഗ്രഹം ഉണ്ടെങ്കിലും സ്‌കൂള്‍ നാടകത്തില്‍ തന്റെ അഭിനയം കണ്ടശേഷമാണ് മാതാപിതാക്കള്‍ അതിന് അനുമതി നല്‍കിയതെന്നും സുഹാന പറഞ്ഞു. താരപുത്രിയെന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും പതിനെട്ടുകാരി പറഞ്ഞു.