തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നികത്താന്‍ ശ്രമിച്ച മെത്രാന്‍ കായലില്‍ പിണറായി സര്‍ക്കാര്‍ കൃഷിയിറക്കും. സര്‍ക്കാര്‍ ചിലവില്‍ കൃഷിയിറക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാറാണ് അറിയിച്ചത്. ഇതുസംബന്ധിച്ച് മുന്‍പത്തെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃഷി വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി.
മെത്രാന്‍ കായല്‍ പ്രദേശത്തും ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തുമാണ് കൃഷിയിറക്കുന്നത്. മന്ത്രിയും രാജുനാരായണ സ്വാമിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് കൃഷി നടപ്പാക്കാന്‍ തീരുമാനിച്ചത്.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് നികത്താന്‍ ഉത്തരവിടുകയും പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പിന്‍വലിക്കുകയും ചെയ്ത ഭൂമിയാണ് മെത്രാന്‍ കായല്‍. ഇത്തരം വിവാദ ഉത്തരവുകളുടെ പിന്നാമ്പുറത്തെക്കുറിച്ച് മന്ത്രിസഭാ ഉപസമിതി അന്വേഷിച്ച് വരുന്നതിനൊപ്പമാണ് കൃഷിക്കായി ഭൂമി ഉപയോഗിക്കാനുള്ള തീരുമാനം. ഇവിടങ്ങളിലെ കൃഷിയുടെ പ്രായോഗികതയെക്കുറിച്ചും കൃഷി ആരംഭിക്കാന്‍ നിയമ തടസമുണ്ടെങ്കില്‍ അതിനെക്കുറിച്ചും പഠിച്ച് ഈ ആഴ്ച തന്നെ പദ്ധതി സമര്‍പ്പിക്കാനാണ് കൃഷിവകുപ്പ് സെക്രട്ടറി രാജുനാരായണ സ്വാമിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അതിനുശേഷം മന്ത്രി നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് പദ്ധതിക്ക് തുടക്കം കുറിക്കും.
സംസ്ഥാനത്ത് ഒരു ലക്ഷം ഹെക്ടര്‍ സ്ഥലം കൃഷിചെയ്യാതെ വെറുതെ കിടക്കുന്നതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കെടുപ്പില്‍ ബോധ്യമായത്. ഇതില്‍ അമ്പതിനായിരം ഹെക്ടറിലെങ്കിലും ഉടന്‍ കൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മെത്രാന്‍ കായലും ആറന്മുള വിമാനത്താവള ഭൂമിയും തിരഞ്ഞെടുത്തതെന്നു മന്ത്രി അറിയിച്ചു.