
ബാലലൈംഗിക പീഡനത്തെ ന്യായീകരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റിനെ പിന്തുണച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി വി ടി ബൽറാം എംഎല്‍എ. ഫേസ്ബുക്കിൽ പോസ്റ്റിലൂടെയോ കമന്റിലൂടെയോ താനായിട്ട് പറയുന്ന വാക്കുകൾക്കോ താൻ ഷെയർ ചെയ്യുന്ന പോസ്റ്റുകള്‍ക്കോ മാത്രമാണ് തനിക്ക് ഉത്തരവാദിത്വം ഉള്ളതെന്നാണ് ബല്‍റാമിന്‍റെ വാദം. മറ്റുള്ളവരുടെ പോസ്റ്റുകൾക്ക് നൽകുന്ന ലൈക്കിന് ആ പോസ്റ്റിന്റെ ഉള്ളടക്കത്തെ താൻ അംഗീകരിക്കുന്നു എന്ന് അർത്ഥമില്ലെന്നും ആ പോസ്റ്റ് കണ്ടു, അതിലെ ചർച്ചകൾ ഫോളോ ചെയ്യുന്നു, എന്നൊക്കെ മാത്രമേ ലൈക്കിൽ നിന്ന് അനുമാനിക്കേണ്ടതുള്ളൂവെന്നുമാണ് ഫേസ് ബുക്കിലെ പുതിയ പോസ്റ്റില്‍ ബല്‍റാം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന വി ടി ബല്‍റാം ഏറെക്കാലത്തിനു ശേഷമാണ് ഫേസ് ബുക്കില്‍ പ്രതികരണവുമായെത്തുന്നതെന്നും ശ്രദ്ധേയമാണ്. പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഫേസ്ബുക്കിൽ പോസ്റ്റിലൂടെയോ കമന്റിലൂടെയോ ഞാനായിട്ട് പറയുന്ന വാക്കുകൾക്ക് മാത്രമാണ് എനിക്ക് ഉത്തരവാദിത്തമുള്ളത്. മറ്റ് ആരുടെയെങ്കിലും പോസ്റ്റുകൾ ഞാൻ ഷെയർ ചെയ്താലും അതിന്റെ ഉള്ളടക്കത്തോട് പൊതുവിൽ എനിക്ക് യോജിപ്പുള്ളതായി കണക്കാക്കാവുന്നതാണ്. എന്നാൽ മറ്റുള്ളവരുടെ പോസ്റ്റുകൾക്ക് നൽകുന്ന ലൈക്കിന് ആ പോസ്റ്റിന്റെ ഉള്ളടക്കത്തെ ഞാൻ അംഗീകരിക്കുന്നു എന്ന് അർത്ഥമില്ല. ആ പോസ്റ്റ് കണ്ടു, അതിലെ ചർച്ചകൾ ഫോളോ ചെയ്യുന്നു, എന്നൊക്കെ മാത്രമേ ലൈക്കിൽ നിന്ന് അനുമാനിക്കേണ്ടതുള്ളൂ.
എന്റെ പിന്നാലെ നടന്ന് ചൊറിയാനും വായിൽ വിരലിട്ട് കുത്തി തങ്ങൾക്കാവശ്യമുള്ളത് പറയിപ്പിക്കാനും പിന്നീടതിന്റെ പേരിൽ കൂട്ടമായി ആക്രമിക്കാനും മാത്രം താത്പര്യമുള്ള സൈബർ ക്വട്ടേഷൻകാർക്കും ചില പ്രത്യേക മാധ്യമങ്ങൾക്കും അവരവരുടെ പണി തുടരാം. വിരോധമില്ല.