നവകേരള നിര്‍മ്മിതിക്കായി സിപിഎം നടത്തിയ ബക്കറ്റ് പിരിവിന്റെ കണക്ക് വിവരങ്ങള്‍ ചോദ്യം ചെയ്ത് വിടി ബല്‍റാം എംഎല്‍എ. സി.പി.എം സ്വരൂപിച്ച തുക എത്തേണ്ടിടത്ത് എത്തി എന്നതിന് എന്ത് തെളിവ് ആണുള്ളത്. പതിനെട്ട് കോടിയോളം രൂപയാണ് പൊതുജനം പിരിവായി നല്‍കിയതെന്ന് പാര്‍ട്ടി പുറത്ത് വിട്ട രേഖകള്‍ സൂചിപ്പിക്കുന്നത്. അതേ സമയം ഈ തുക പ്രാദേശിക ഘടകങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതാണ് സംശയം ജനിപ്പിക്കുന്നത്.
ഈ തുക ചേര്‍ത്ത് വച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി നേരിട്ട് മുഖ്യമന്ത്രിക്ക് നല്കിയിരുന്നുവെങ്കില് ഈ ആരോപണങ്ങള്‍ ഒഴിവാക്കാനാവുമായിരുന്നുവെന്നും വി.ടി.ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.നിലവില്‍ സി.പി.എം പിരിച്ചെടുത്ത ആകെ തുകയുടെ കണക്ക് മാത്രമേ പുറത്ത് വന്നുള്ളൂവെന്നും സുതാര്യത ഉറപ്പ് വരുത്താന്‍ അത് മാത്രം മതിയാവില്ലെന്നും അഭിപ്രായപ്പെടുന്ന വി.ടി.ബല്‍റാം പിരിഞ്ഞുകിട്ടിയത് മുഴുവന്‍ എത്തേണ്ടിടത്ത് എത്തിയോ എന്നതിന് എന്തെങ്കിലും കണക്കോ തെളിവോ ഉണ്ടോയെന്നും ആരോപണം ഉന്നയിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രളയത്തിന്റെ പേരില്‍ സിപിഎം പൊതുജനങ്ങളില്‍ നിന്ന് ബക്കറ്റ് പിരിവിലൂടെ സമാഹരിച്ച തുക 18 കോടിയിലധികമാണെന്ന് അവര്‍ തന്നെ പുറത്തുവിട്ട കണക്കുകളില്‍ കാണുന്നു. ജില്ല/ഏരിയ തിരിച്ച് പിരിച്ച കാശിന്റെ കിറുകൃത്യം കണക്കുകളൊക്കെ പാര്‍ട്ടി പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് പ്രാദേശിക ഘടകങ്ങള്‍ ഒറ്റക്കൊറ്റക്കായിട്ട് ആണത്രേ!
എന്തിനായിരിക്കും ഇങ്ങനെയൊരു വിചിത്ര രീതി പാര്‍ട്ടി സ്വീകരിച്ചത്? പ്രാദേശിക ഘടകങ്ങള്‍ സമാഹരിച്ച തുക എല്ലാം ചേര്‍ത്ത് പാര്‍ട്ടി സംസ്ഥാന നേതൃത്ത്വത്തിന് ഒന്നിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാമായിരുന്നില്ലേ? അങ്ങനെയായിരുന്നെങ്കില്‍ അതിന്റെ ഒറ്റ രശീത് പാര്‍ട്ടിക്ക് തന്നെ പുറത്തുവിടാമായിരുന്നില്ലേ? സംശയാലുക്കള്‍ക്ക് ആര്‍ടിഐ വഴിയും ഈ വിവരം ലഭിക്കുമായിരുന്നില്ലേ?
ഇതിപ്പോള്‍ പിരിച്ച കാശിന്റേതായി പാര്‍ട്ടി പറഞ്ഞ ഒരു കണക്കുണ്ട്. പക്ഷേ, സുതാര്യതക്ക് അത് മാത്രം പോരല്ലോ. പിരിഞ്ഞുകിട്ടിയത് മുഴുവന്‍ എത്തേണ്ടിടത്ത് എത്തിയോ എന്നതിന് എന്തെങ്കിലും കണക്കോ തെളിവോ ഉണ്ടോ?