കൊച്ചി:വാളയാര്‍ ദളിത് പെണ്‍കുട്ടികള്‍ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു .സമൂഹ മനസാക്ഷിയെ ഞെട്ടിക്കുകയും വന്‍ പ്രതിഷേധം ഉയരുകയും ചെയ്ത വാളയാര്‍ കേസ് സംബന്ധിച്ച നടപടികളെല്ലാം നിഷ്‌ക്രിയമാകുന്ന തലത്തിലേക്ക് ഇപ്പോള്‍ എത്തിയിരിക്കുകയാണ് എന്നും സുധീരൻ കത്തിൽ ചൂണ്ടിക്കാട്ടി .
2017 ജനുവരി 13 ന് നടന്ന് 52 ദിവസങ്ങള്‍ക്ക് ശേഷം പാലക്കാട് ജില്ലയില്‍ വാളയാറിലെ ദരിദ്ര ദളിത് കുടുംബത്തിലെ 13, 9 എന്നീ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണവും തുടര്‍ന്നുള്ള പ്രോസിക്യൂഷന്‍ നടപടികളും ആസൂത്രിതമായി അട്ടിമറിക്കപ്പെട്ടതിനെതിരെ ശക്തമായ പ്രതികരണമാണ് സമൂഹമദ്ധ്യേ ഉയര്‍ന്നത്.വാളയാര്‍ കേസ് അന്വേഷണ ചുമതലയുള്ള ഡി.വൈ.എസ്.പി എം.ജെ.സോജന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കുറ്റകരവും മനപ്പൂര്‍വവുമായ വീഴ്ചയാണ് ഇക്കാര്യത്തില്‍ വരുത്തിയത് എന്നും സുധീരൻ കത്തിൽ ആരോപിച്ചു .
ആവശ്യമായ തെളിവുകള്‍ ശേഖരിക്കാതെയും യഥാര്‍ത്ഥ സാക്ഷികളെ കോടതി മുമ്പാകെ കൊണ്ടുവരുന്നതില്‍ കള്ളക്കളി നടത്തിയും വന്ന സാക്ഷികളെ കൊണ്ട് പരസ്പര വിരുദ്ധമായി മൊഴി നല്‍കിപ്പിച്ചും പ്രതികളെ രക്ഷിക്കാനായി ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തില്‍ നടത്തിയ സംഘടിത ശ്രമങ്ങളും ഇതിനെല്ലാം കൂട്ടുനിന്ന പ്രോസിക്യൂഷന്‍ നടപടികളും അധികാരികളുടെ ഗൂഢ നീക്കങ്ങളുമാണ് പ്രതികള്‍ രക്ഷപെടുന്നതിനുള്ള സാഹചര്യം ഒരുക്കിയത്.
പോലീസിലും പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥരിലും വിശ്വാസം നഷ്ടപ്പെട്ട ഒരു സ്ഥിതിവിശേഷം സംജാതമായതിന്റെ അടിസ്ഥാനത്തിലാണ് ഈ കേസില്‍ നീതിപൂര്‍വ്വവും നിഷ്പക്ഷവും സത്യസന്ധവുമായ പുനരന്വേഷണം സി.ബി.ഐ. നടത്തണമെന്ന ആവശ്യം സാര്‍വത്രികമായി ഉയര്‍ന്നുവന്നത്.
പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടാല്‍ അതിനെല്ലാം സര്‍ക്കാര്‍ സന്നദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.എന്നാല്‍ ഇക്കാര്യം എവിടെയുമെത്താതെ പ്രതികള്‍ രക്ഷപെടുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്. തന്നെയുമല്ല പ്രതികള്‍ കുട്ടികളുടെ അമ്മ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപം വന്നിട്ടുണ്ട്.
അതുകൊണ്ട് ഈ കേസ് ബഹു. ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ സി.ബി.ഐ.യെക്കൊണ്ട് പുനരന്വേഷണം നടത്തണമെന്ന് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയില്‍ ആവശ്യപ്പെടാന്‍ തയ്യാറാകണം. കേസ് അടിയന്തരമായി പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കാനും ഇനിയും വൈകരുത്.
വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ആസൂത്രിതമായി പ്രവര്‍ത്തിച്ച ഡി.വൈ.എസ്.പി. സോജനെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ കേസെടുത്ത് നിയമാനുസൃതമുള്ള പരമാവധി ശിക്ഷ ഉറപ്പുവരുത്തണം. ടിയാനെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും വേണം എന്നും സുധീരൻ ആവശ്യപ്പെട്ടു .
ഇക്കാര്യത്തില്‍ പ്രതികള്‍ക്കായി കരുക്കള്‍ നീക്കിയ സര്‍വ്വതലത്തിലുള്ളവര്‍ക്കെതിരെയും അനുയോജ്യമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവുകയും വേണം.അടിയന്തര നടപടികള്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും ,വാളയാര്‍ ദളിത് പെണ്‍കുട്ടികള്‍ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് ‘ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറം’ നടത്തിവരുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ് എന്നും സുധീരൻ കത്തിൽ ആരോപിച്ചു.