സ്ത്രീകളോടും കുട്ടികളോടും ഉള്ള ക്രൂരത താലിബാനിൽ തുടരുകയാണ് .അതിനിടെ താലിബാൻ അണികൾക്ക് സ്ത്രീകളോടുള്ള മനോഭാവം മാറിയിട്ടില്ല അതിനാൽ സ്ത്രീകൾ ജോലിക്ക് പോകരുത് എന്ന മുന്നറിയിപ്പ് . അഫ്ഗാൻ യുവതികൾ വീട്ടിലിരിക്കണമെന്ന് താലിബാൻ. ജോലിക്കാരായ യുവതികളെ ബഹുമാനിക്കാൻ അണികൾ പഠിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ താത്കാലികമായി അവർ വീടുകളിൽ കഴിയണമെന്നുമാണ് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് അറിയിച്ചത്. സുരക്ഷക്കായി കൃത്യമായ സംവിധാനം ആകുന്നത് വരെ വീടുകളിൽ തുടരണമെന്നാണ് നിർദ്ദേശം.
വനിതാ സർക്കാർ ജോലിക്കാരെ തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുമെന്ന് സബീഹുല്ല മുജാഹിദ് അറിയിച്ചു. എന്നാൽ ഇപ്പോൾ അവർ വീടുകളിൽ തുടരണം. മുൻപ് അഫ്ഗാനിസ്ഥാനെ താലിബാൻ ഭരിച്ചിരുന്നപ്പോൾ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിച്ചിരുന്നില്ല. എന്നാൽ ഇത്തവണ അങ്ങനെയാവില്ല എന്ന് താലിബാൻ അറിയിച്ചിരുന്നു. ശരീഅത്ത് നിയമത്തിനു കീഴിൽ സ്ത്രീകൾക്ക് ജോലി ചെയ്യാനും പെൺകുട്ടികൾക്ക് പഠിക്കാനുമുള്ള സ്വാതന്ത്ര്യം നൽകുമെന്നും താലിബാൻ വ്യക്തമാക്കി.
അതേസമയം, അഫ്ഗാനിസ്ഥാനിൽ മാധ്യമപ്രവർത്തകന് താലിബാന്റെ ക്രൂരമർദ്ദനമേറ്റു. അഫ്ഗാനിസ്ഥാനിലെ ആദ്യ സ്വതന്ത്ര ന്യൂസ് ചാനലായ ടോളോ ന്യൂസിലെ റിപ്പോർട്ടർ സിയാർ യാദ് ഖാനാണ് മർദനമേറ്റത്. സിയാർ യാദ് ഖാൻ മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. ഇത് നിഷേധിച്ച് അദ്ദേഹം തന്നെ രംഗത്തെത്തി. കാബൂളിലെ ന്യൂ സിറ്റിയിൽവച്ച് താലിബാൻ സംഘം തന്നെയും ക്യാമറാമാനേയും ആക്രമിക്കുകയായിരുന്നുവെന്ന് സിയാർ ട്വീറ്റ് ചെയ്തു. ക്യാമറ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിക്കുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. ചിലർ താൻ മരിച്ചതായി റിപ്പോർട്ട് ചെയ്തു. അത് തികച്ചും വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.
മറ്റൊരു ട്വീറ്റിൽ താൻ എന്തുകൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്ന് വ്യക്തമല്ലെന്ന് സിയാർ പറഞ്ഞു. താലിബാൻ നേതാക്കളുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ട്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ഭീഷണിയായി വേണം ഇതിനെ കരുതാനെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്താനിൽ താലിബാൻ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോൾ വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്താനിലെ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്കയും ബ്രിട്ടനും. കാബൂൾ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നാണ് തങ്ങളുടെ പൗരന്മാർക്ക് ഇരുരാജ്യങ്ങളും നൽകിയിരിക്കുന്ന നിർദേശം.