ദില്ലി: കർണാടക മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയിലും കടുത്ത നിലപാടറിയിച്ച് ഡികെ ശിവകുമാർ. സംസ്ഥാന മുഖ്യമന്ത്രി പദത്തിൽ ആദ്യ രണ്ട് വർഷം തന്നെ പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഈ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചു. ആദ്യത്തെ രണ്ട് വർഷം സിദ്ധരാമയ്യക്കും പിന്നീട് ഡികെ ശിവകുമാറിനും എന്നായിരുന്നു ഹൈക്കമാന്റ് ഫോർമുല. ഡികെ നിലപാട് വ്യക്തമാക്കിയതോടെ മുഖ്യമന്ത്രി പ്രഖ്യാപനം നീളാൻ സാധ്യതയുണ്ടെന്നാണ് വരുന്ന വിവരം. കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ ഇന്നും ഡല്‍ഹിയില്‍ തുടരും.
മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വരുമോ അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പദവിയിലേക്ക് എത്തുമോയെന്നതിലാണ് ആകാംക്ഷ. എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കുണ്ടെങ്കിലും ഡികെ ശിവകുമാറിനെ അനുനയിപ്പിച്ച ശേഷം മാത്രമേ പ്രഖ്യാപനം നടത്താനാകൂ. പദവി പങ്കിട്ടെടുക്കാമെന്ന ഫോര്‍മുല സിദ്ധ മുന്നോട്ട് വെച്ചെങ്കിലും ഡി കെ അതിന് തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ശിവകുമാര്‍ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും.അതേസമയം സോണിയ ഗാന്ധി ഇന്ന് ദില്ലിയിലെത്തില്ലെന്ന് വ്യക്തമായി. ഷിംലയിൽ നിന്ന് ഈ മാസം ഇരുപതിന് മാത്രമേ സോണിയാ ഗാന്ധി തിരിച്ചെത്തൂ.
കേന്ദ്ര ഏജൻസികളുടെ അന്വേഷണ നിഴലിൽ നിൽക്കുന്ന ഡികെ ശിവകുമാറിന്റെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിൽ ആശയകുഴപ്പമുണ്ട്. എന്നാൽ പാർട്ടിയെ പിന്നിൽ നിന്ന് കുത്താനില്ലെന്നും പാർട്ടി അമ്മയെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു. യോഗ്യനെങ്കിൽ പാർട്ടി അധിക ചുമതലകൾ നൽകും. ഒന്നിലും ആശങ്കയില്ല. തന്റെ ബിപി ഇപ്പോൾ നോർമൽ ആണെന്നും ആദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധിയെ നേരിൽ കാണുന്നതോടെ ശിവകുമാർ നിലപാടിൽ നിന്ന് അയയുമെന്നാണ് ദേശീയ നേതാക്കൾ കരുതിയത്.
സംസ്ഥാനത്ത് 85 കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യക്കുണ്ട്. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും നൽകി അനുനയിപ്പിക്കാനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. ആദ്യത്തെ രണ്ട് വർഷം താനും പിന്നീടുള്ള മൂന്ന് വർഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകട്ടെയെന്നാണ് സിദ്ധരാമയ്യ മുന്നോട്ട് വെച്ചിട്ടുണ്ട്. അതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കർണ്ണാടക നിരീക്ഷകരുമായി ചർച്ച തുടരും.