ബത്തേരി: നാടിനെ ഞെട്ടിച്ച സ്‌ഫോടനമാണ് ബത്തേരി നായ്ക്കട്ടിയില്‍ നടന്നത്. രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തില്‍ ഉപയോഗിച്ചത് ഉഗ്ര സ്‌ഫോടനശേഷിയുള്ള ജലാറ്റിന്‍സ്റ്റിക്കും ഡിറ്റണേറ്ററുമാണെന്ന് തെളിയുന്നു. മരണപ്പെട്ട ബെന്നിയുടെ കടയില്‍ നടത്തിയ പരിശോധനയില്‍ ഒരു ജലാറ്റിന്‍സ്റ്റിക്കും, ഡിറ്റണേറ്ററും പോലീസ് കണ്ടെടുത്തു. അതുകൊണ്ടുതന്നെ സ്‌ഫോടനത്തിനായി ഉപയോഗിച്ചതും ജലാറ്റിന്‍സ്റ്റിക്കും, ഡിറ്റണേറ്ററുമാണെന്ന് ഏകദേശം തെളിഞ്ഞിട്ടുണ്ട്.
നായ്ക്കട്ടി ഇളവന നസീറിന്റെ ഭാര്യ അമല്‍, നായ്ക്കട്ടി എളറോട്ട് സ്വദേശി ബെന്നി എന്നിവരാണു മരിച്ചത്. ശരീരത്തില്‍ സ്‌ഫോടകവസ്തു കെട്ടിവച്ചു പൊട്ടിച്ചാണു മരണമെന്നു പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ബെന്നിയുടെ ഫര്‍ണീച്ചര്‍ വര്‍ക്ഷോപ്പില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റണേറ്ററും പൊലീസ് കണ്ടെത്തി.
ബെന്നിയും അമലും ഏറെക്കാലമായി സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ 6 മാസമായി അമല്‍ സൗഹൃദം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ രാവിലെ ബെന്നി അമലിന്റെ വീട്ടില്‍ വന്നു. ഇനി വീട്ടില്‍ വരരുതെന്ന് പറഞ്ഞ് നാസര്‍ താക്കീത് ചെയ്തുവിട്ടു. എന്നാല്‍ നാസര്‍ ഉച്ചയ്ക്ക് പള്ളിയില്‍ പോയ സമയത്ത് ബെന്നി വീണ്ടുമെത്തി.
ഈ സമയം മുറ്റത്തു കര്‍ണാടകക്കാരനായ തൊഴിലാളി വിറക് കീറുന്നുണ്ടായിരുന്നു. ബെന്നി എത്തുന്നതിന് അല്‍പം മുന്‍പ് അടുത്ത വീട്ടില്‍നിന്ന് വെള്ളവുമെടുത്ത് അമല്‍ വീട്ടിലേക്ക് കയറിയിരുന്നു. സ്ഥലത്തെത്തിയ ബെന്നിയും വീട്ടിലേക്ക് കയറി. ഉടനെയായിരുന്നു സ്‌ഫോടനം.
ആത്മഹത്യ ചെയ്യാനൊരുങ്ങിയ ബെന്നി തിരഞ്ഞെടുത്ത വഴി അതിക്രൂരമായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. ബെന്നിയും അമലിന്റെ കുടുംബവും അടുപ്പത്തിലായിരുന്നു. നായ്ക്കട്ടിയില്‍ കഴിഞ്ഞ 10 വര്‍ഷമായി അക്ഷയകേന്ദ്രം നടത്തി വരികയായിരുന്നു നാസറും ഭാര്യ അമലയും.
മൂലങ്കാവ് സ്വദേശിയാണു ബെന്നി. ഫര്‍ണിച്ചര്‍ നിര്‍മ്മിച്ച് വില്‍പന നടത്തുന്നതിനിടെ നായ്ക്കട്ടിയില്‍ അക്ഷയകേന്ദ്രത്തിലും അമലയുടെ വീട്ടിലും സന്ദര്‍ശകനായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് അമലിന്റെ വീട്ടില്‍ ബെന്നി എത്തുമ്പോള്‍ ദേഹത്ത് സ്‌ഫോടകവസ്തു കെട്ടിയിരുന്നു.
മൂന്ന് പെണ്‍കുട്ടികളാണ് നാസര്‍- അമല്‍ ദമ്പതികള്‍ക്ക്. മൂത്ത രണ്ടു കുട്ടികള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഇളയ മകളുടെ കണ്‍മുന്നിലാണ് സ്‌ഫോടനമുണ്ടായത്. കുട്ടിയുടെ ദേഹത്ത് ഉമ്മയുടെ ശരീരം ചിന്നിച്ചിതറിയ മാംസക്കഷണങ്ങളും രക്തവും തെറിച്ചു.
മൃതദേഹങ്ങള്‍ പല കഷണങ്ങളായി മുറിയിലാകെ ചിതറിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. പൊലീസ് ഏറെ പ്രയാസപ്പെട്ടാണു ശരീരാവശിഷ്ടങ്ങള്‍ നീക്കിയത്. ദുരന്ത വാര്‍ത്തയുടെ നടുക്കം മാറാതെ അമ്പരപ്പിലാണു വയനാട്.