
വയനാട്: പനി ബാധിച്ച് വയനാട്ടില്‍ മൂന്ന് വയസുള്ള കുട്ടി മരിച്ചു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്ത് ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും ഉണ്ടായിരുന്നു. ഒരാഴ്ചക്കിടെ ജില്ലയില്‍ പനി ബാധിച്ചു മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് ഇത്.
ഇതോടെ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 95 ആയി. പനി ബാധിച്ച് കഴിഞ്ഞ ദിവസം ചികില്‍സ നേടിയത് പതിനായിരത്തിലേറെ പേരാണ്. ഈ മാസം ഇതുവരെ ഉള്ള പനി ബാധിതരുടെ എണ്ണം 261662 എന്നാണ് ആരോഗ്യവകുപ്പ് ഇന്നലെ പുറത്തുവിട്ട കണക്ക്. ഇവരില്‍ 1660 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി തളര്‍ത്തിയത് 142 പേരെയാണ്. ജലജന്യ രോഗങ്ങളും വയറിളക്ക രോഗങ്ങളും ബാധിച്ചത് 250050 പേരെയാണ്. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ പനി മരണങ്ങളുടെ നിരക്ക് ഉയര്‍ന്ന അവസ്ഥയാണ്.