ഡബ്ല്യുസിസി നല്‍കിയ കേസില്‍ താരസംഘടനയായ എഎംഎംഎയ്ക്ക് ഹൈക്കോടതി നോട്ടീസ്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന്‍ രൂപീകരിച്ചിട്ടുള്ള ആഭ്യന്തര പരിഹാര സമിതി നിയമം അനുശാസിക്കുന്ന പ്രകാരമാണോ രൂപീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാനാണ് നോട്ടീസില്‍ പറയുന്നത്.
താരസംഘടനയില്‍ ഇപ്പോഴുള്ള കമ്മിറ്റി നിയമപ്രകാരമുള്ളതല്ലെന്നാണ് ഡബ്ല്യുസിസിയുടെ പരാതി. ഈ വാദം കണക്കിലെടുത്താണ് സംഘടനയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഡബ്ല്യു.സി.സി അംഗങ്ങളായ റിമാ കല്ലിങ്കലിന്റെയും പത്മപ്രിയയുടെയും ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്.
ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്നും എഎംഎംഎയില്‍ ഇപ്പോഴുള്ള കമ്മിറ്റി നിയമപ്രകാരമുള്ളതല്ലെന്നും ഡബ്ല്യുസിസി വാദിച്ചു. കമ്മിറ്റിയിലെ മൂന്നംഗങ്ങളും സിനിമാ മേഖലയില്‍ തന്നെയുള്ളവരാണ്. പുറത്തുനിന്നുള്ള അംഗം സമിതിയില്‍ വേണമെന്ന നിബന്ധന അമ്മ പാലിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചയ്ക്കകം മറുപടി നല്‍കാനാണ് താരസംഘടനയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.