വിവാഹ ക്ഷണക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യണമെന്ന് അച്ചടിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഉത്തരാഖണ്ഡില്‍നിന്നുള്ള ജഗദീഷ് ചന്ദ്ര ജോഷിക്കാണ് ശനിയാഴ്ച കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. തന്റെ മകന്‍ ജീവന്റെ വിവാഹത്തിനുള്ള ക്ഷണക്കത്തിലാണ് ജഗദീഷ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യണമെന്ന് അഭ്യര്‍ഥന നടത്തിയത്. സമ്മാനങ്ങള്‍ കൊണ്ടുവരരുത്. വരനെയും വധുവിനെയും അനുഗ്രഹിക്കാന്‍ എത്തുംമുമ്പ് ഏപ്രില്‍ പതിനൊന്നിന് ദേശീയ താത്പര്യം മുന്‍നിര്‍ത്തി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യണം എന്നായിരുന്നു ക്ഷണിക്കപ്പെട്ടവരോട് കത്തിലെ അഭ്യര്‍ഥന.
ഇത് വ്യാപകമായി പ്രചരിച്ചതോടെ ബഗേശ്വര്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ജഗദീഷിനു നോട്ടീസ് അയച്ചു. ഇതോടെ മാപ്പുപറഞ്ഞ് ജഗദീഷ് രംഗത്തെത്തി. ക്ഷണക്കത്തില്‍ അച്ചടിക്കുന്നതിനായി ഈ വാചകങ്ങള്‍ തന്റെ മക്കളാണ് തനിക്കു നല്‍കിയതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോടു മാപ്പുചോദിക്കുമെന്നും ജഗദീഷ് പറഞ്ഞു. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോഷിഘോല ഗ്രാമത്തില്‍ പശു സംരക്ഷണ കേന്ദ്രം നടത്തുകയാണ് ജഗദീഷ്. ഏപ്രില്‍ പതിനൊന്നിനാണ് ഉത്തരാഖണ്ഡില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 22നാണ് ജഗദീഷിന്റെ മകന്റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്.