കോഴിക്കോട് : ജോളിയുടെ കുറ്റകൃത്യവഴികളിലൂടെ ഒരു പഠനം.ജോളിയുടെ കുറ്റകൃത്യവഴികളിലൂടെ. താമരശേരി കൂടത്തായിയിൽ 14 വർഷത്തിനിടെ ഒരേ കുടുംബത്തിലെ ആറു പേർ കൊല്ലപ്പെട്ട സംഭവം ചർച്ചകളിൽ നിറയുമ്പോൾ മുഖ്യപ്രതി ജോളിയുടെ സ്വഭാവവും അവരെ കൊലപാതകത്തിലേക്കു നയിച്ച ഘടകങ്ങളും വിശകലനം ചെയ്തു വിദഗ്ധ പഠനം. ഓരോ കൊലപാതകത്തിലും ജോളിക്കു പ്രേരണയായ ഘടകങ്ങളെപ്പറ്റി മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് മുൻ ഡീനും പ്രഫസറുമായ ഡോ. വർഗീസ് വയലാമണ്ണിൽ ദേവസ്യയാണ് പഠനറിപ്പോർട്ട് പുറത്തിറക്കിയത്.
കൊലപാതകത്തിനുള്ള ഒരു വ്യക്തിയുടെ ചോദന കുറ്റക്കാരന്റെ മനസ്സിൽ (individual psyche) മാത്രമല്ല ഉള്ളത്. അതിനു സാമൂഹിക സംസ്കാരത്തിലുമുണ്ട് ഒരു സ്ഥാനം. ആ സംസ്കാരത്തിന് ഒരു കൊലപാതകിയുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കാനുള്ള ശേഷിയുമുണ്ട്. വേദനകളിൽ നിന്നുള്ള മോചനവും കരുത്തും അധികാരവും പദവിയും സ്വത്തും പണവും ലൈംഗികതയുമെല്ലാം ഉൾപ്പെട്ട സന്തോഷം തേടുന്നവരിലാണ് കൊലപാതക സ്വഭാവം ഏറ്റവും ശക്തമായി കേന്ദ്രീകരിച്ചിട്ടുണ്ടാവുക. സമൂഹം ഒരാൾക്കു ചാർത്തി നൽകിയ നിലയ്ക്കും വിലയ്ക്കും വേണ്ടിയാണ് കൊലപാതകമെന്നോർക്കണം. സമൂഹത്തിന്റെ നേരിട്ടല്ലാത്ത ഈ സ്വാധീനത്തിൽപ്പെട്ട്, സമൂഹം ‘അംഗീകരിക്കുന്ന’ സന്തോഷത്തിനു വേണ്ടിയാണ് പലരും കൊലപാതകം നടത്തുന്നത്. ആ സന്തോഷത്തിലേക്കാണ് കൊലപാതകി ശ്രദ്ധയൂന്നുന്നത്.
അധികാരവും സ്വാധീനവും മറ്റുള്ളവരിൽനിന്നു ബഹുമാനവും സ്വന്തമാക്കണമെന്ന ജോളിയുടെ ആഗ്രഹമായിരിക്കാം ക്രൂരമായ നീക്കങ്ങള്‍ക്കു പ്രേരിപ്പിച്ചതെന്നു പഠനത്തിൽ പറയുന്നു. ജോളിയുടെ മാനസികനില വിവിധ സാമൂഹിക ഘടകങ്ങളുമായി ചേർത്തു താരതമ്യം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്. പഠനത്തിൽ ഡോ. വർഗീസ് വയലാമണ്ണിൽ വെളിപ്പെടുത്തുന്ന കാര്യങ്ങളുടെ പ്രസക്ത ഭാഗങ്ങളിലേക്ക്.
പൊലീസ് പറയുന്നത് ഭർത്താവ് റോയി തോമസും അദ്ദേഹത്തിന്റെ മാതാപിതാക്കളും ഉള്‍പ്പെടെ ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയത് ജോളിയാണെന്നാണ്. സീരിയൽ കില്ലർമാരായ ജോൺ ബോഡ്കിൻ ആഡംസ്, ഡോ.ഹാരൾഡ് ഷിപ്മെൻ തുടങ്ങിയവരോടാണ് ജോളിയെ പൊലീസ് താരതമ്യം ചെയ്യുന്നത്. 2002നും 2016നും ഇടയ്ക്ക് ആറു കൊലപാതകം നടന്നതായി വ്യക്തമായിട്ടുണ്ട്. പ്രതിസ്ഥാനത്ത് നിലവിൽ ജോളിയുമാണ്. സംഭവം നടന്നതിനു പിന്നാലെ ജോളിയുമായി ബന്ധപ്പെട്ടാണു ചർച്ചകളെല്ലാം. സൈക്യാട്രിസ്റ്റുകളും ക്രിമിനോളജിസ്റ്റുകളും വിക്റ്റിമോളജിസ്റ്റുകളെല്ലാം അവരുടെ സ്വഭാവത്തെപ്പറ്റിയും കൊലയിലേക്കു നയിച്ച കാരണങ്ങളെപ്പറ്റിയും പഠിക്കാൻ ആരംഭിച്ചിരിക്കുന്നു.
കൂടത്തായി കൊലപാതകങ്ങളെക്കുറിച്ചു മനസ്സിലാക്കണമെങ്കിൽ ജോളിയുടെയും അവർ ചെയ്ത കുറ്റകൃത്യങ്ങളുടെയും പശ്ചാത്തലവും അറിയേണ്ടതുണ്ട്. ലഭിച്ച വിവരം പ്രകാരം ഇടുക്കിയിലെ ഒരു ഉൾപ്രദേശത്താണു ജോളി ജനിച്ചത്. സാമ്പത്തിക നിലവാരം പിന്നിൽ. പഠനത്തിൽ ശരാശരി മാത്രമായിരുന്ന ജോളി, അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷം പാലായിലെ പാരലൽ കോളജിലാണ് തുടർപഠനം നടത്തിയത്. 1993 ൽ തുടങ്ങിയ കൊമേഴ്സ് പഠനം 1996ൽ അവസാനിച്ചു. ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ താമരശേരി കൂടത്തായിയിൽ പോയപ്പോഴായിരുന്നു ജോളി റോയിയെ ആദ്യമായി കാണുന്നത്. പിൽക്കാലത്ത് ജോളിയുടെ ക്രൂരതയ്ക്ക് ഇരയായി മരിച്ച ഒരു വ്യക്തിക്കൊപ്പമായിരുന്നു കൂടത്തായിയിലേക്കുള്ള അവരുടെ ആദ്യയാത്ര.
ധനിക കുടുംബത്തിലെ അംഗമായിരുന്നു റോയി. മാതാപിതാക്കൾ അധ്യാപകർ, കുടുംബക്കാരെല്ലാം ഉയർന്ന വിദ്യാഭ്യാസം നേടിയവർ, കൂട്ടത്തിൽ ഒരാൾ യുഎസിൽ. റോയിയുടെയും ജോളിയുടെയും പ്രണയവിവാഹമായിരുന്നുവെന്നാണു വിവരം. വലിയ വീടും കാറുകളും മറ്റ് ആഡംബരങ്ങളുമെല്ലാം ജോളിക്ക് പുതിയ അനുഭവമായിരുന്നു. പെട്ടെന്നൊരുനാൾ കുടുംബത്തിലെ മറ്റുള്ളവരുമായി ജോളി സ്വയം താരതമ്യം ചെയ്യാന്‍ തുടങ്ങി. അതോടെ താൻ ജനിച്ചു വളർന്ന കുടുംബപശ്ചാത്തലത്തോട് അസ്വസ്ഥത തോന്നിത്തുടങ്ങിയിട്ടുണ്ടാകാം. ഈ അപകർഷതാബോധം മറികടക്കാനാണ് ജോളി കോഴിക്കോട് എൻഐടിയിൽ അധ്യാപികയാണെന്നു സ്വയം പ്രഖ്യാപിച്ചത്. രാവിലെ കാറിൽ സ്വയം ഡ്രൈവ് ചെയ്ത് എൻഐടിയിലേക്കാണെന്ന മട്ടിൽ യാത്ര ചെയ്യുന്നതിൽ അവർ ഏറെ ആനന്ദം കണ്ടെത്തുകയും ചെയ്തു.
‘ആഗ്രഹം’ കൊലപാതകത്തിലേക്ക്..
ഭർത്താവിന്റെ വീട്ടിൽ ജോളി അസൂയയോടെ കണ്ട വ്യക്തികളിൽ മുന്നിൽ റോയിയുടെ മാതാവ് അന്നമ്മയായിരുന്നു. അത്രയേറെ സ്വാധീനശക്തിയും അധികാരവുമുണ്ടായിരുന്നു അന്നമ്മയ്ക്ക് ആ വീട്ടിൽ. ജോളിക്കും അധികാരവും സ്വാധീനവും മറ്റുള്ളവരിൽനിന്നു ബഹുമാനവും സ്വന്തമാക്കണമെന്നുണ്ടായിരുന്നു. പക്ഷേ അന്നമ്മ വലിയ തടസ്സമായി. അങ്ങനെയാണ് അവരെ ഇല്ലായ്മ ചെയ്യാൻ പദ്ധതി തയാറാക്കുന്നത്. ഒരു സാധാരണ പെൺകുട്ടിക്ക്, അവളെ സംബന്ധിച്ചിടത്തോളം ഏറെ ഉയരെയുള്ള ഒരു പദവിയിലേക്ക് ഉയർന്നു വരാനുള്ള ആഗ്രഹത്തിൽ നിന്നായിരുന്നു ആദ്യ കൊലപാതകം.
2002 ലെ ജോളിയുടെ ആദ്യ കൊലപാതകത്തെ അധികാരത്തിനു വേണ്ടിയുള്ള ‘അട്ടിമറിശ്രമ’മെന്നു വിളിക്കേണ്ടി വരും. ആദ്യമായാണെന്നതിനാൽ ചില ഉത്കണ്ഠയും മാനസിക സംഘർഷങ്ങളും കുറച്ചു സങ്കടവുമെല്ലാം ജോളിക്കു തോന്നിയിട്ടുണ്ടാകാം. പക്ഷേ ആ കുറ്റകൃത്യത്തിൽ ജോളി സന്തോഷിച്ചിരിക്കാം. ഏറെ നാൾ കൊതിച്ച, താൻ ആഗ്രഹിച്ച അധികാര പദവിയിലേക്ക് എത്താൻ സഹായകരമായതാണ് ആ കൊലപാതകം എന്നതാവാം അതിനു കാരണം. മനുഷ്യൻ ചെയ്യുന്ന ഓരോ പ്രവൃത്തിക്കു പിന്നിലും അത്തരമൊരു സന്തോഷമോ സങ്കടമോ ചാലകശക്തിയായുണ്ടാകുമെന്ന് ബ്രിട്ടിഷ് ക്രിമിനോളജിസ്റ്റ് ജെറോമി ബേന്‍തം വ്യക്തമാക്കിയിട്ടുണ്ട്.
എത്രമാത്രം അധികം സന്തോഷമുണ്ടോ അത്രയേറെ കരുത്തോടെ തന്റെ ലക്ഷ്യം നേടാനുള്ള ആഗ്രഹവും ആ വ്യക്തിക്കുണ്ടാകും. 2008 ലായിരുന്നു ജോളിയുടെ അടുത്ത നീക്കം. ജോളിയും ഭർത്താവ് റോയിയും താമസിച്ചിരുന്ന പുരയിടം റോയിയുടെ പിതാവ് ടോം ജോസിന്റെ പേരിലായിരുന്നു. ആ സ്വത്ത് തന്റെ പേരിൽ സ്വന്തമാക്കുന്നിന്റെ ആനന്ദമായിരുന്നു ജോളിയുടെ അടുത്ത ലക്ഷ്യം. അങ്ങനെയാണ് ടോം ജോസിനെ ഇല്ലാതാക്കാൻ തീരുമാനിക്കുന്നത്. ആ മരണവും ജോളി മനസ്സിൽ ആഘോഷിച്ചിട്ടുണ്ടാകണം.
ഒരാൾക്കു കൈവരുന്ന അധികാരവും സ്വത്തുമെല്ലാം ലൈംഗിക താൽപര്യങ്ങളിലും മാറ്റം വരുത്താന്‍ പോന്നതാണ് -ലൈംഗിക വ്യതിചലനം അഥവാ സെക്‌ഷ്വൽ ഡീവിയൻസ് എന്നാണിതിനെ വിളിക്കുക. സമൂഹം അനുശാസിക്കുന്ന പരമ്പരാഗത രീതികളിൽനിന്നു വഴിമാറിയുള്ള ചിന്തയെന്നോ പ്രവൃത്തിയെന്നോ ആണ് ഈ വ്യതിചലനത്തെ സോഷ്യോളജിയിൽ നിർവചിക്കുന്നത്. ജോളിയും റോയിയും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നുവെന്നാണു പറയപ്പെടുന്നത്. ടോം ജോസിന്റെ ബന്ധുവും റോയിയുടെ കസിനുമായ ഷാജുവായിരുന്നു ജോളിയുടെ മനസ്സിൽ. അതിനാൽത്തന്നെ റോയിയുടെ ഭക്ഷണത്തിൽ സയനൈഡ് കലർത്തുന്നതിൽ യാതൊരു പശ്ചാത്താപവുമുണ്ടായിരുന്നില്ല ജോളിക്ക്. ഇതുവരെ നടത്തിയ ഒട്ടേറെ പഠനങ്ങൾ സൂചിപ്പിക്കുന്നത് വനിതാ കൊലയാളികൾ കൃത്യം നിർവഹിക്കാൻ ഏറ്റവുമധികം ഉപയോഗിച്ചത് വിഷമാണെന്നാണ്; ഭർത്താവിനെ കൊലപ്പെടുത്താൻ പ്രത്യേകിച്ച്.
അന്നമ്മയുടെ സഹോദരൻ മാത്യുവായിരുന്നു ജോളിയുടെ അടുത്ത ലക്ഷ്യം. മാത്യുവുമൊത്താണ് ആദ്യമായി ജോളി കൂടത്തായിയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തുന്നത്. അങ്ങനെയാണ് റോയിയെ പരിചയപ്പെടുന്നതും. റോയിയുടെ മരണത്തിൽ മാത്യുവിനു സംശയങ്ങളുണ്ടായിരുന്നു. അദ്ദേഹമാണ് പോസ്റ്റ്മോർട്ടം വേണമെന്ന് ആവശ്യപ്പെടുന്നതും. ഇത് ജോളിയെ കോപാകുലയാക്കി. ഷാജുവിനൊപ്പം എന്നെന്നും സന്തോഷജീവിതം ആഗ്രഹിച്ചു കാര്യങ്ങൾ മുന്നോട്ടു നീക്കിയ ജോളിക്കു മാത്യുവിനെ ഇല്ലാതാക്കേണ്ടത് അനിവാര്യമായി. ലൈംഗികവ്യതിചലനം കോപത്തിലേക്കു വഴിമാറുന്നതാണ് മാത്യുവിന്റെ കൊലപാതകത്തിൽ കണ്ടത്.