ഒന്നരവയസ്സുകാരിയെ കൊന്ന കേസിലും ജോളിയുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി.

കൊച്ചി:കൂടത്തായി കൂട്ടകൊലക്കേസിൽ മുഖ്യപ്രതി ജോളിയുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി.ഒന്നര വയസ്സുകാരി ആൽഫൈനെ കൊലപ്പെടുത്തിയ കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളിയത്. പ്രോസിക്യൂഷൻ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളിൽ അവിശ്വാസ്യത ഉണ്ടെന്ന പ്രതിഭാഗം വാദം വിചാരണക്കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പ്രതി ചെയ്ത കുറ്റകൃത്യം ഗുരുതര സ്വഭാവമുള്ളതെന്നു വിലയിരുത്തിയ കോടതി ജാമ്യഹർജി തള്ളുകയായിരുുന്നു.2014 മെയ് 3 നാണ് രണ്ടാം ഭർത്താവ് ഷാജുവിന്റെ മകൾ ഒന്നര വയസ്സുള്ള ആൽഫൈനെ ജോളി കൊലപ്പെടുത്തുന്നത് . വിവാഹ ശേഷം കുഞ്ഞ് തടസ്സമാകുമെന്ന് കണ്ടാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

കൂടത്തായി കൊലപാതക പരമ്പര കേസിലെ റോയ് തോമസ്, സിലി വധക്കേസുകളാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. കുറ്റപത്രം ചുമത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭ വാദമാണ് ഈ മാസം 14 ന് വീണ്ടും നടക്കുക. ഇരു കേസുകളിലും ജോളിയാണ് മുഖ്യപ്രതി.

റോയ് തോമസ് വധക്കേസില്‍ ജോളിയടക്കം അഞ്ച് പ്രതികളാണുള്ളത്. ജോളിയുടെ സുഹൃത്ത് എം.എസ്. മാത്യു, സ്വര്‍ണ്ണപ്പണിക്കാരനായ പ്രജുകുമാര്‍, പ്രാദേശിക സിപിഎം നേതാവായിരുന്ന കെ.മനോജ് കുമാര്‍, നോട്ടറി സി.വിജയകുമാര്‍ എന്നിവരാണ് ഈ കേസിലെ മറ്റ് പ്രതികള്‍. കുടുംബ സ്വത്ത് കൈവശപ്പെടുത്താന്‍ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ജോളി ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.കൊലപാതകത്തിന് ജോളി ഉപയോഗിച്ച സയനൈഡ് നല്‍കിയത് എം.എസ് മാത്യുവാണെന്ന് കണ്ടെത്തിയതോടെയാണ് ഇയാള്‍ പ്രതിയായത്. മാത്യുവിന് സയനൈഡ് എത്തിച്ച് നല്കിയത് പ്രജുകുമാറാണെന്ന് കണ്ടെത്തിയതോടെ ഇയാളും പ്രതിയായി. സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ കൂട്ടുനിന്നതാണ് മനോജിനെതിരെയുള്ള കുറ്റം.

കൂടത്തായി കൊലപാതക കേസിലെ മുഖ്യ പ്രതിയായ ജോളിക്ക് തക്കതായ ശിക്ഷ തന്നെ ഉറപ്പാക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വടകര റൂറല്‍ എസ്പി കെജി.സൈമണ്‍ വ്യക്തമാക്കിയിരുന്നു .കേസില്‍ ജോളിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും കെജി.സൈമണ്‍ പറഞ്ഞിരുന്നു . ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞു .ഈ കേസിലെ പ്രധാന സാക്ഷികള്‍ റോയ് തോമസിന്‍റെ മക്കളാണെന്നും മക്കളുടെ മൊഴി നിര്‍ണായകമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം ജോളി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നും എസ്പി പറഞ്ഞു.

കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തിയാണ് ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്.കേസില്‍ 1800 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. 246 സാക്ഷികളാണുള്ളത്. 322 ഡോക്യുമെന്റ്‌സും 22 മെറ്റീരിയല്‍ ഒബ്‌ജെക്ട്‌സും സമര്‍പ്പിച്ചു. കേസില്‍ നാല് പ്രതികളാണ് ഉള്ളത്. ജോളി ഒന്നാം പ്രതിയും, എംഎസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജുകുമാര്‍, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍. കേസില്‍ മാപ്പ് സാക്ഷികള്‍ ഇല്ല.

കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്. ഇതോടെയാണ് മരണത്തിന്‍റെ ചുരുളഴിയുന്നത്‌.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ ആല്‍ഫൈന്‍ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്. 2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍.

Top