അഹമ്മദാബാദ്: ഇന്ത്യയിലും സിക്ക വൈറസ സ്ഥിരീകരിച്ചു. മനുഷ്യ ശരീരത്തില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സിക്ക വൈറസ് ഇന്ത്യയിലെ ഗുജറാത്തിലാണ് സ്ഥിരീകരിച്ചത്. അഹമ്മദാബാദില്‍ ഒരു ഗര്‍ഭിണിയുള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ബിജെ മെഡിക്കല്‍ കോളേജില്‍ നടത്തിയ ആര്‍ടി-പിസിആര്‍ ടെസ്റ്റ് വഴിയാണ് സിക വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. കൊതുകുകള്‍ വഴി വെെറസ് പടരുന്നതിനാല്‍ ഗുജറാത്തില്‍ രോഗം പടരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ ഡോ.ദീപക് ബി സക്‌സേന പറഞ്ഞു. ഗര്‍ഭിണികളില്‍ സിക വൈറസ് ബാധിച്ചാല്‍ കുട്ടികളുടെ തല ചുരുങ്ങുന്ന മൈക്രോസെഫലി എന്ന അവസ്ഥയ്ക്ക് കാരണമാകും. സിക വൈറസ് തടയാന്‍ പ്രത്യേക വാക്‌സിനേഷനോ മരുന്നോ നിലവിലില്ലാത്തതിനാല്‍ രോഗം പകരാതിരിക്കാന്‍ പ്രത്യേക മുന്‍കരുതലെടുക്കണമെന്ന് നിര്‍ദേശമുണ്ട്.
ഡെങ്കി പടര്‍ത്തുന്ന ഈഡിസ് കൊതുകു തന്നെയാണ് സിക വൈറസ് പടര്‍ത്തുക. നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന വൈറസാണ് സിക. കൊതുകുകള്‍ വഴിയാണ് സിക പടരുന്നത്. വൈറസ് ബാധ ശക്തമായാല്‍ മരണംവരെ സംഭവിക്കാം. ഡെങ്കി വൈറസിന്റെ കുടുംബത്തില്‍ പെടുന്ന സികയ്ക്കും ഡെങ്കിയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് കാണപ്പെടുക.