ഇന്ത്യകണ്ട ഏറ്റവും വലിയ ഭീകരവാദി: തെഹല്‍ക്കയുടെ വിവാദ ലേഖനം

1993ലെ ബോംബെ സ്‌ഫോടനത്തിലെ പ്രതി യാക്കൂബ് മേമനെ തൂക്കികൊന്നതിനെതിനെ തുടര്‍ന്ന് ഉയര്‍ന്നിട്ടുള്ള രോഷം അത്രയെളുപ്പമൊന്നും അടങ്ങില്ല. ചിലര്‍ ഇതില്‍ ആഹ്ലാദം പ്രകടിപ്പിക്കുമ്പോള്‍, മറ്റുചിലര്‍ വധശിക്ഷയുടെ പ്രാകൃതത്വത്തെ ചൊല്ലി പ്രതിഷേധിക്കുന്നു. എന്നാല്‍ ഭീകരവാദ ഗ്രൂപ്പുകള്‍ക്കെതിരെ ‘ഏറ്റവും ഫലപ്രദമായ ഒരു സന്ദേശം’ നല്‍കാന്‍ വേണ്ടിയാണ് മേമനെ വധിച്ചതെന്ന ഭരണകൂടന്റെ വാദമുഖങ്ങളെ അംഗീകരിക്കാത്ത ഒരു ചെറുവിഭാഗവുമുണ്ട്.

അവരാകട്ടെ ഭീകരവിരുദ്ധ നീക്കത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ ഭരണകൂടം ടാര്‍ഗെറ്റ് ചെയ്യുന്നതില്‍ വളരെയധികം മനോവിഷമമുള്ളവരുമാണ്. ഇന്ത്യന്‍ ജനതയെ തീവ്രവാദവല്‍ക്കരിക്കുന്ന ഇസ്‌ലാമിക സായുദ്ധസേനയെ അപലപിക്കുന്ന പോലെ തന്നെ അപലപിക്കേണ്ടതാണ് ഹിന്ദുത്വ രാഷ്ട്രീയവും എന്ന വസ്തുതയെ നിരാകരിക്കുന്ന ഒന്നാണ് ഈ ഭീകര വിരുദ്ധനീക്കത്തിന്റെ അന്തസത്ത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാബറി മസ്ജിദ് തകര്‍ക്കുന്ന വേളയില്‍ മുസ്‌ലീങ്ങളെ കൂട്ടക്കുരുതി നടത്തിയത്, അതുണ്ടാക്കിയ പ്രകോപനത്തെ തുടര്‍ന്ന് സംഭവിച്ച ബോംബ് സ്‌ഫോടനത്തേക്കാള്‍ വളരെ ചെറിയ ഭീകരപ്രവര്‍ത്തനമാകുന്നത് എങ്ങനെയാണ് എന്നതായിരുന്നു ഭരണകൂടം ഇന്നോളം അഭിസംബോധനചെയ്യുന്നതില്‍ പരാജയപ്പെട്ട ലളിതമായ ഒരു ചോദ്യം.
മറ്റൊരു രീതിയില്‍ ചോദിച്ചാല്‍, അധോലോക ഗ്രൂപ്പുകളുടെ ബോംബുണ്ടാക്കലും അതുപയോഗിച്ചുള്ള അക്രമങ്ങളും കൂടുതല്‍ തീവ്രമായ കുറ്റകൃത്യമാകുകയും ഹിന്ദുത്വ ആശയങ്ങളോട് കൂറുപുലര്‍ത്തികൊണ്ടും പൊതുസ്ഥാപനങ്ങളിലെ ഔദ്യോഗിക സ്ഥാനമാനങ്ങളിലിരുന്നുകൊണ്ടും നേതാക്കള്‍ ആഹ്വാനം നടത്തുന്നതനുസരിച്ച് സംഘടിത ആള്‍ക്കൂട്ടം വാളുകളും പെട്രോള്‍ കാനുകളും എല്‍.പി.ജി സിലിണ്ടറുകളുമുള്‍പ്പെടെ ഉപയോഗിച്ച് നടത്തുന്ന കിരാതമായ കൊലപാതകങ്ങളും കലാപങ്ങളുമൊക്കെ ഭരണകൂടത്തിന്റെ കണ്ണില്‍ താരതമ്യേന ചെറിയ കുറ്റകൃത്യങ്ങളാവുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?

ആദ്യവിഭാഗത്തില്‍ പെട്ട ‘തീവ്രവാദികളെ’ ഭരണകൂടം വേട്ടയാടുകയും പീഡിപ്പിക്കുകയും ഏറ്റുമുട്ടലിലൂടെയോ തൂക്കിയോ കൊല്ലുകയും ചെയ്യുമ്പോള്‍, രണ്ടാമത്തെ വിഭാഗത്തെ അഥവാ കലാപത്തിന്റെ കച്ചവടക്കാരെ അധികാരത്തിലേറ്റുകയും അവര്‍ മരിക്കുമ്പോള്‍ ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആദരിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണ്?

യാക്കൂബ് മേമനോടും ബോംബെ സ്‌ഫോടന കേസിലെ മറ്റുള്ളവരോടും സ്വീകരിച്ച സമീപനത്തിലെയും സ്‌ഫോടനത്തിന് മുന്നേ നടന്ന മുസ്‌ലീം വിരുദ്ധ കലാപം നടത്തിയതില്‍ കുറ്റക്കാരെന്ന് ബി.എന്‍. ശ്രീകൃഷ്ണ കമ്മീഷന്‍ കണ്ടെത്തിയ ബാല്‍ താക്കെറെയോടും ശിവസൈനികരോടും സ്വീകരിച്ച സമീപനത്തിലെയും ഇരട്ടത്താപ്പ് ഇന്ത്യന്‍ ഭരണകൂടത്തിന്റ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളുടെ ഒരു ഉദാഹരണമാണ്.

ഒരു വശത്ത് യാക്കൂബ് മേമന് വധശിക്ഷയും മറുവശത്ത് ശിവസേന മേധാവി ബാല്‍ താക്കറെ മരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിയ ഔദ്യോഗിക ബഹുമാനവും ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ വിവേചനത്തിന്റെയും ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം എന്ന് വിളിക്കപ്പെടുന്നതിലെ മുന്‍വിധികളുടെയും ഏറ്റവും ശക്തമായ അടയാളമാണ്.

ഒരു പ്രത്യേക രാഷ്ട്രീയാദര്‍ശം വ്യാപിപ്പിക്കുന്നതിനായി ജനങ്ങളെ ഏത് മാര്‍ഗമുപയോഗിച്ചും ഭയപ്പെടുത്തുന്നതിനെ സാധൂകരിക്കുന്ന വിശ്വാസസംഹിത എന്ന് തീവ്രവാദത്തെ നിര്‍വ്വചിക്കാമെങ്കില്‍, ബോംബെ കലാപം പോലുള്ള മുസ്‌ലീം വിരുദ്ധ കലാപങ്ങള്‍ എങ്ങനെയാണ് അധോലോക ഇസ്‌ലാമിക ഗ്രൂപ്പുകള്‍ നടത്തുന്ന ബോംബ് സ്‌ഫോടനത്തേക്കാള്‍ ചെറുതാവുന്നത്? ഇതേ രീതിയില്‍ 1984ലെ സിക്ക് വിരുദ്ധ കലാപത്തെയും നോക്കികാണാം.

ബോംബെ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പാക്കിസ്ഥാനുമായുള്ള ബന്ധം സ്ഥാപിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ യാക്കൂബ് മേമന്‍ ഒരു ഭീകരവാദിയായായിരുന്നോ? 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ പേരില്‍ കലികയറിയ ‘പൊതുമനസാക്ഷി’യെ തൃപ്തിപ്പെടുത്തുന്നതിന് തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു ഒരു തീവ്രവാദിയായിരുന്നോ? ഒരു അന്വേഷണ ഏജന്‍സിയും ഇക്കാര്യം സംശയലേശമന്യേ തെളിയിച്ചിട്ടില്ല. എന്നാല്‍ ഇതൊന്നും ഇവരെ തൂക്കികൊല്ലുന്നതില്‍നിന്നും ഇന്ത്യന്‍ ഭരണകൂടത്തെ തടഞ്ഞില്ല.

നീതി നടപ്പിലാക്കപ്പെട്ടുവെന്നും അതില്‍ ആഹ്ലാദിക്കാനുമാണ് ഇവരെ കൊന്നതിനുശേഷം ഭരണാധികാരികള്‍ നമ്മോട് ആഹ്വാനം ചെയ്തത്. ഭരണകൂടത്തിന്റെ ഈ നിഷ്ഠൂര കൊലപാതകങ്ങള്‍ ബോധ്യപ്പെടാത്തവരെ ‘ദേശവിരുദ്ധരായി’ മുദ്രകുത്തി. ഭരണകൂടം നടപ്പിലാക്കുന്ന കൊലപാതകങ്ങളോടുള്ള നിലപാടുകള്‍ എങ്ങനെയാണ് രാജ്യസ്‌നേഹത്തിന്റെ അളവുകോലാകുന്നത് എന്ന ചോദ്യമാണ് ഈ സാഹചര്യത്തില്‍ ഉയരുന്നത്.

ദേശസുരക്ഷയുമായും ഭീകരവാദവുമായും ബന്ധപ്പെട്ടുള്ള ഭരണകൂടം പ്രചരിപ്പിക്കുന്ന ‘മുഖ്യധാരാ’ ആഖ്യാനങ്ങളെ ചോദ്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭൂരിപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിക്കപ്പെടുന്ന ആള്‍ക്കൂട്ടം നടത്തുന്ന ന്യൂനപക്ഷ വിരുദ്ധ കൂട്ടക്കുരുതികളെയും, ഇത്തരത്തിലുള്ള കൂട്ടക്കുരുതികള്‍ക്ക് പ്രതികാരം ചെയ്യാന്‍ ഒരവസരം വാഗ്ദാനം ചെയ്തുകൊണ്ട് അധോലോക സംഘങ്ങള്‍ മുസ്‌ലീങ്ങളെ റിക്രൂട്ട്‌ചെയ്ത് നടത്തുന്ന ബോംബ് സ്‌ഫോടനങ്ങളെയും രണ്ട് രീതിയില്‍ കൈകാര്യം ചെയ്യുന്ന ഭരണകൂടത്തിന്റെ ഇരട്ടത്താപ്പാണ് മറ്റെന്തിനേക്കാളും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നത്. ഈ ഇരട്ടത്താപ്പാണ് ഒരു സമുദായത്തെ മൊത്തം മുഖ്യധാരയില്‍ നിന്ന് അകറ്റുന്നത്. യഥാര്‍ത്ഥത്തില്‍ ഇതേക്കാള്‍ ‘ദേശവിരുദ്ധമായി’ മറ്റെന്തുണ്ട്?

ഹിന്ദുത്വ സായുധ സംഘങ്ങള്‍ ബാബരി മസ്ജിദ് തകര്‍ത്ത ശേഷം താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ ബോംബെയുടെ തെരുവുകള്‍ ഭരിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം അനുവദിച്ചിരുന്നില്ല എങ്കില്‍ ബോംബ് സ്‌ഫോടനം പോലും നടക്കുമായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യത്തെ പറയാതെ ബോംബെ സ്‌ഫോടനത്തെ കുറിച്ച് സംസാരിച്ചാല്‍ ഒരിക്കലും ചരിത്രം നമുക്ക് മാപ്പുതരില്ല.

ജനങ്ങളുടെ മനസ്സില്‍ ഭീതി വിതയ്ക്കുകയാണ് ഭീകരവാദത്തിന്റെ രാഷ്ട്രീയം എന്നാണെങ്കില്‍ യാക്കൂബ് മേമന്‍ താക്കറെയെക്കാള്‍ കൂടുതല്‍ ജനങ്ങളില്‍ ഭീതി വിതച്ചിട്ടുണ്ടാകുമോ? 199293 കാലത്തെ കലാപത്തിന്റെ ഉത്തരവാദിയെന്ന് ശ്രീകൃഷ്ണ കമ്മീഷന്‍ കണ്ടെത്തിയ വ്യക്തിയാണ് ബാല്‍ താക്കറെ.

ബാബ്‌റി മസ്ജിദ് തകര്‍ത്തത് ‘എന്റെ പയ്യന്മാരാണെ’ന്ന് പരസ്യമായി പറഞ്ഞ് ഞെളിഞ്ഞ വ്യക്തികൂടിയാണ് അദ്ദേഹം. 1993ലെ ബോംബെ സ്‌ഫോടനത്തിലേയ്ക്ക് നയിക്കുന്ന സംഭവപരമ്പരകളില്‍ കുറ്റവാളിയാണ് താക്കറെ എന്നതിന് തെളിവുകളുടെ ധാരാളിത്തമുള്ളപ്പോഴും അദ്ദേഹം നേതൃത്വം നല്‍കുന്ന പാര്‍ട്ടി പിന്നീട് മഹാരാഷ്ട്രയുടെ നിയന്ത്രണം കൈയാളി എന്നുമാത്രമല്ല, മരണശേഷം അദ്ദേഹത്തെ ദേശീയ പതാകയില്‍ പൊതിഞ്ഞ് രാഷ്ട്രം ആദരിക്കുകയും ചെയ്തു.
ബാബ്‌റി മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് ഇയാളെ നിയന്ത്രിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ ബോംബെ കലാപമോ, അതുകൊണ്ടുതന്നെ ബോംബ് സ്‌ഫോടനമോ ഉണ്ടാകുമായിരുന്നില്ല.

എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്; യൂക്കൂബ് മേമന്‍ ‘ദേശവിരുദ്ധനെ’ന്ന് പഴികേട്ടപ്പോള്‍ താക്കെറെയാവട്ടെ ദേശീയ നായകനായി വാഴ്ത്തപ്പെടുകയായിരരുന്നു. ഇത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്വഭാവത്തെക്കുറിച്ച് നമുക്കെന്താണ് പറഞ്ഞുതരുന്നത്? ഭരണഘടന ആവശ്യപ്പെടുന്നതുപോലെ, നമ്മളെല്ലാം അവകാശപ്പടുന്നപോലെ യഥാര്‍ത്ഥത്തില്‍ മതേതരത്വവും ജനാധിപത്യവുമാണോ ഇവിടെ നടപ്പിലാക്കപ്പെടുന്നത്? നിയമത്തിന്റെ കണ്ണില്‍ എല്ലാവരും സമന്‍മാരായി കാണുന്ന ഒരു രാജ്യമാണോ യഥാര്‍ത്ഥത്തില്‍ നമ്മുടേത്?

ഈ രാജ്യത്ത് നടന്ന ഏറ്റവും നിഷ്ഠൂരമായ ഭീകരവാദ പ്രവൃത്തനങ്ങള്‍ക്ക് നിധാനമായ താക്കറെയുടെ കുറ്റകൃത്യങ്ങളെ വീണ്ടും പരിശോധിക്കാന്‍ നമ്മളെ നിര്‍ബന്ധിക്കുകയാണ് യാക്കൂബിന്റെ വധം. ഒരു കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ നിന്നും ജനങ്ങളെ ഇളക്കിവിടുന്ന ഒരാളായി മാറിയ താക്കറെ എന്തുകൊണ്ട് ഏറ്റവും വലിയ ഭീകരവാദിയായി ഗണിക്കപ്പെടുന്നില്ല? ഇന്ത്യ എന്ന ആശയത്തെ തന്നെ ഇല്ലായ്മ ചെയ്യുന്നതില്‍ എറ്റവും കൂടുതല്‍ പങ്കുവഹിച്ചിട്ടുള്ള ഒരാളായി അയാളെ എന്തുകൊണ്ട് മനസിലാക്കുന്നില്ല?

ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ വിവേചനപരമായ സമീപനത്തിന്റെ പ്രതീകമായാണ് ബാല്‍താക്കറെ നിലകൊള്ളുന്നത്. ബോംബെ കലാപത്തില്‍ 600ലധികം മുസ്‌ലീങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ അതിലുള്ള താക്കറെയുടെ പങ്ക് ഇന്ത്യയുടെ രാഷ്ട്രീയസാമുഹ്യ വരേണ്യവിഭാഗത്തിന്റെ ‘പൊതു മനസാക്ഷി’യെ അല്‍പവും അസ്വസ്തമാക്കിയില്ല.

ബോംബെയില്‍ താമസിക്കുന്ന തെക്കെ ഇന്ത്യക്കാര്‍ക്കെതിരെയും വടക്കെ ഇന്ത്യക്കാര്‍ക്കെതിരെയും ശിവസേനക്കാര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടപ്പോഴും, അതിനാല്‍ തന്നെ ഒത്തിരിപ്പേര്‍ക്ക് നഗരം വിട്ട് പോകേണ്ട ഗതികേടുണ്ടായപ്പോഴും ഈ വിഭാഗത്തിന് അല്ലലൊന്നും ഉണ്ടായില്ല. ഈ പ്രവര്‍ത്തനങ്ങളുടെയൊക്കെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ ശിവസേനയെ സ്വാഭാവികമായും ഒരു ക്രിമിനല്‍ സ്ഥാപനമെന്ന നിലയിലായിരുന്നു കണക്കാക്കേണ്ടിയിരുന്നത്. എന്നാല്‍ ഹൈന്ദവ ആഘോഷദിനമായ (1966ലെ) ഒരു ദുസര ദിനത്തില്‍ താക്കറെ ആരംഭിച്ച ശിവസോനയെ ഇന്ത്യന്‍ ഭരണകൂടം ഒരു മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കുകയാണ് ചെയ്തത്.

തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കെതിരായ താക്കറെയുടെ വിഷലിപ്തമായ നീക്കങ്ങളാണ് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കൃഷ്ണ ദേശായിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. ബോംബെയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരടിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കൃഷ്ണ ദേശായി. കോണ്‍ഗ്രസിന്റെയും അവരുടെ പോലീസിന്റെയും സഹായത്തോടെ ബോംബെയിലെ തൊഴിലാളി പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ തന്റെ കുടിലമായ നീക്കങ്ങള്‍കൊണ്ട് താക്കറെയ്ക്ക് സാധിച്ചു.

പിന്നീട് ദളിതുകളെയും ദളിത് പ്രസ്ഥാനങ്ങളെയടക്കം ടാര്‍ഗറ്റ് ചെയ്യുന്ന വിധം ഭയപ്പെടുത്തുന്ന ഒരു വന്‍ശക്തിയായി ശിവസേന വളര്‍ന്നുവരുന്നതില്‍ കോണ്‍ഗ്രസ് ഉത്തരവാദിയായിത്തീര്‍ന്നത് അങ്ങനെയാണ്. അങ്ങേയറ്റം അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാകുന്ന ജാതികളുടെ ഐക്യപ്പെടല്‍ എപ്പോഴും ഒരു ഭീഷണിയായിക്കണ്ട കോണ്‍ഗ്രസിന്റെ ആശീര്‍വാദത്തോടെ തന്നെയായിരുന്നു അതും.

എല്ലാ വലതുപക്ഷ ഹിന്ദു സംഘടനകളും പങ്കുവെയ്ക്കുന്ന ഒരു സവിശേഷത അവയെല്ലാം അതി തീവ്രമായ മുസ്‌ലീം വിരുദ്ധരാഷ്ട്രീയമാണ് ഉയര്‍ത്തുന്നത് എന്നതാണ്. 1960കളുടെ തുടക്കം മുതലേ മുസ്‌ലീങ്ങള്‍ക്കെതിരെ തങ്ങളുടെ തോക്കുപയോഗിക്കാനാണ് ശിവസൈനികരും പപരിശീലനം നേടിയത്. മുസ്‌ലീങ്ങള്‍ ദേശവിരുദ്ധരാണെന്ന് താക്കറെ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. മുസ്‌ലീം ഭൂരിപക്ഷ പ്രദേശങ്ങള്‍ ‘മിനി പാക്കിസ്ഥാന്‍’ എന്ന് അധിക്ഷേപാര്‍ത്ഥത്തില്‍ വിശേഷിപ്പിക്കപ്പെട്ടു. ഭീവണ്ടിയില്‍ 1970 മെയ് 7,8 ദിവസങ്ങളില്‍ നടന്ന മുസ്‌ലീം വിരുദ്ധ കലാപത്തില്‍ താക്കറെയുടെ പങ്ക് വ്യക്തമായിരുന്നു. എന്നിട്ടും അയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരും തയ്യാറായില്ല.

തുടര്‍ന്നുള്ള ദശകങ്ങളില്‍ അവര്‍ അഴിച്ചുവിട്ട അക്രമത്തിന്റെയും ഭീഷണികളുടെയും രാഷ്ട്രീയത്തിന് തടയിടാന്‍ ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ധൈര്യം കാണിച്ചില്ല. ഇതാണ് ബാബ്‌റി മസ്ജിദ് തകര്‍ത്തതിനുശേഷം അങ്ങേയറ്റം ജുഗുപ്‌സാവഹമായ രീതിയില്‍ മുസ്‌ലിങ്ങളെ കൊന്നോടുക്കിയ കലാപം നയിക്കാന്‍ ശിവസേനയ്ക്ക് ധൈര്യം നല്‍കിയത്.

മുസ്‌ലീങ്ങളെ കൂട്ടക്കുരുതി ചെയ്ത തന്റെ ‘പിള്ളേരുടെ’ ചെയ്തിയില്‍ പരസ്യമായി അഭിമാനം കൊള്ളുന്ന താക്കറെയെയാണ് പിന്നീട് രാജ്യം കണ്ടത്. 1992 ഡിസംബറിനും 1993 ജനുവരിക്കുമിടയില്‍ ബേംബെയില്‍ ആഞ്ഞടിച്ച ആക്രമണങ്ങളില്‍ ശ്രീകൃഷ്ണ കമ്മീഷന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് ശേഷവും അയാള്‍ തന്റെ മാതോശ്രിയെന്ന ഭവനത്തില്‍ ഇരുന്ന് ബോംബെയെ നിയന്ത്രിക്കുന്നത് തുടര്‍ന്നു. ഇതായിരുന്നല്ലോ 1993 മാര്‍ച്ചില്‍ സ്‌ഫോടനം നടത്തുന്നതിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചത്.

ഇന്ത്യ ഒരു ബഹുമത രാഷ്ട്രമാണെന്ന കാര്യം ഒരിക്കലും ഹിന്ദു വലതുപക്ഷം അംഗീകരിക്കുന്ന കാര്യമല്ല.താക്കറെയെ ഭീകരനായി മനസ്സിലാക്കാതിരിക്കുകയും, അഫ്‌സല്‍ഗുരുവിനെയും യാക്കുബ് മേമനെയും ഭീകരവാദത്തിനെതിരായ പോരാട്ടത്തിന്റെ പേരുപറഞ്ഞ് തൂക്കികൊല്ലുകയും ചെയ്യുമ്പോള്‍, യഥാര്‍ത്ഥത്തില്‍ ഭരണകൂടം, ഭരണഘടനയെയും അത് വിഭാവന ചെയ്ത ബഹുസ്വരതയെയും അപകടപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്.

ഭീകരതയ്‌ക്കെതിരായ പോരാട്ടം മുന്നോട്ടുപോകണമെങ്കില്‍ താക്കറെയേയും അയാളുടെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന, ഇന്ത്യയുടെ മതേതരജനാധിപത്യ ആശയങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്ന ഇത്തരക്കാരെ ആദരിക്കുന്ന സമീപനം ഭരണകൂടം അവസാനിപ്പിക്കണം. യാക്കൂബ് മേമനെ പോലുള്ളവരെ ഭരണകൂടം നിഷ്ഠൂരമായി കൊലപെടുത്തുമ്പോഴെല്ലാം, താക്കറെയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ പൗരരെന്ന നിലയിലുള്ള കടമ പാലിക്കുന്നതില്‍ നമ്മള്‍ വീഴ്ച വരുത്തുന്നുവെന്നു കൂടിയാണ് അര്‍ത്ഥം.
കടപ്പാട് : തെഹല്‍ക്ക

Top