ശിവജിയില്ല, അംബേദ്കറില്ല: മഹാരാഷ്ട്ര സര്‍ക്കാറിന്റെ കലണ്ടര്‍ വിവാദത്തില്‍

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ കലണ്ടര്‍ വിവാദത്തില്‍. സര്‍ക്കാര്‍ പുറത്തിറക്കിയ 2019ലെ കലണ്ടറില്‍ ഛത്രപതി ശിവജി മഹാരാജിന്റെയോ, മഹാത്മ ജോതിഭയുടെയോ, രാജര്‍ഷി ഷാഹു മഹാരാജിന്റെയോ ബി.ആര്‍ അംബേദ്ക്കറിന്റെയോ ചരമദിനം രേഖപ്പെടുത്തിയിട്ടില്ല. ഇതാണ് വിവാദങ്ങള്‍ക്ക് കാരണം. എന്നാല്‍ ഇത് പരിശോധിക്കാതെ സംസ്ഥാനത്തെ മുഴുവന്‍ ഗവണ്‍മെന്റ് ഓഫീസുകളിലേക്കും കലണ്ടര്‍ വിതരണം ചെയ്തു കഴിഞ്ഞു. സര്‍ക്കാര്‍ ഇതുവരെയും ഇതിനോട് പ്രതികരിച്ചിട്ടില്ല.
സര്‍ക്കാറിന്റെ ഈ നടപടിക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാധിക വയ്‌കെ പാട്ടീല്‍ ‘ഇത് ഒഴിവാക്കാന്‍ പറ്റാത്ത വീഴ്ച്ച’ എന്ന് അഭിപ്രായപ്പെട്ടു. ഇതിന് ഉത്തരവാദികള്‍ ആരൊക്കെയാണെന്നും അവര്‍ ചോദിച്ചു.

‘ ഈ (ബി.ജെ.പി-ശിവസേന) സര്‍ക്കാര്‍ വിഖ്യാതമായിട്ടുള്ള വ്യക്തികളുടെ പേരുകള്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങല്‍ക്കുവേണ്ടി ദൂരുപയോഗം ചെയ്തു, വാര്‍ഷിക കലണ്ടറില്‍ അവരെ അടയാളപ്പെടുത്തുന്നത് മറന്നു.’ രാധിക പറഞ്ഞു.
ഇത്തരം വ്യക്തികളെ അടയാളപ്പെടുത്താതെ കലണ്ടര്‍ ഇറക്കിയത് അംബേദ്ക്കറെയും ഫൂല്‍ക്കയേയും മറന്നുകൊണ്ട് ചരിത്രത്തെ അപമാനിച്ചതാവാമെന്നും ഇതിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസ് മാപ്പ് പറയണമെന്നും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ദനഞ്ജയ് മുണ്ടെ പറഞ്ഞു.

Top