ഉത്തമ സന്താനങ്ങളെ ജനിപ്പിക്കാന്‍ ആര്‍എസ്എസ്‌ന്റെ ക്ലാസ്; ശാസ്ത്രീയത ചോദ്യം ചെയ്ത് കോടതി

കൊല്‍ക്കത്ത: ഉത്തമ സന്താനങ്ങളെ സൃഷ്ടിക്കാനുള്ള പദ്ധതിയുമായി സംഘപരിവാര്‍ സംഘടന. ആര്‍എസ്എസിന്റെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ ആരോഗ്യ ഭാരതിയാണ് വിവാദമായേക്കാവുന്ന പദ്ധതിയുടെ പ്രചാരകര്‍.

ഈ പദ്ധതിയുടെ ആചാര, പരീശീലന ക്രമങ്ങള്‍ വിശദീകരിക്കുന്നതിനായി ‘ഗര്‍ഭ സംസ്‌കാര്‍’ എന്ന പേരില്‍ പരിശീലന ശിബിരം കൊല്‍ക്കത്തയില്‍ നടത്താന്‍ പോകുകയാണ് ആരോഗ്യഭാരതി. വര്‍ഷങ്ങള്‍ക്കു മുമ്ബ് ഗുജറാത്തിലാണ് പദ്ധതി തുടങ്ങിയത്. 2015 മുതല്‍ ദേശവ്യാപകമായി വ്യാപിപ്പിച്ചു. ഇതുവരെ 450 ഉത്തമ സന്താനങ്ങളെ സൃഷ്ടിച്ചെന്ന് അവകാശപ്പെടുന്ന ആരോഗ്യ ഭാരതി, 2020 ഓടെ ഇത്തരം ആയിരക്കണക്കിനു കുട്ടികളെ ജനിപ്പിക്കുമെന്നും പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനായി സംഘപരിവാറിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുമായി ചേര്‍ന്നു ഗുജറാത്തിലും മധ്യപ്രദേശിലും ഗര്‍ഭ് വിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്രത്തിന്റെ 10 ശാഖകള്‍ ആരംഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലും ബംഗാളിലും കൂടുതല്‍ ശാഖകള്‍ തുറക്കും.

ഉത്തമ സന്തതികളെ സൃഷ്ടിക്കുന്നതിലൂടെ ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കുകയാണു ലക്ഷ്യമെന്നു ഗര്‍ഭ് വിജ്ഞാന്‍ സംസ്‌കാര്‍ ദേശീയ കണ്‍വീനര്‍ ഡോ. കരിഷ്മ മോഹന്‍ദാസ് നര്‍വാണി അറിയിച്ചു. ജര്‍മനിയില്‍നിന്ന് ആശയം ഉള്‍ക്കൊണ്ടാണ് പദ്ധതി രൂപീകരിച്ചത്. പ്രകൃത്യാ നടക്കുന്ന കാര്യങ്ങളിലെ ഇടപെടലല്ല പദ്ധതിയുടെ ഉദ്ദേശ്യം. ആയുര്‍വേദ തത്വങ്ങള്‍ക്ക് അധിഷ്ഠിതമായി അവ നടപ്പാക്കും. കുഞ്ഞുങ്ങളുടെ മാനസിക, ശാരീരിക ക്ഷമതകള്‍ എങ്ങനെ മെച്ചമാക്കാമെന്ന് ആയുര്‍വേദം വ്യക്തമായി പറയുന്നുണ്ട്. ആറാം മാസത്തോടെയാണ് ഗര്‍ഭസ്ഥശിശുക്കളുടെ ഐക്യു വികസിക്കുന്നത്. കൃത്യമായ ഭക്ഷണം, നല്ല കൃതികളുടെ വായനയും കേള്‍വിയും തുടങ്ങിവ ശരിയായ ക്രമത്തില്‍ അമ്മയ്ക്കു നല്‍കണം. അങ്ങനെ ഉത്തമസന്തതികളെ സൃഷ്ടിച്ചെടുക്കാം നര്‍വാണി വ്യക്തമാക്കി.

ഗര്‍ഭധാരണത്തിന് ശരിയായ സമയം ശാസ്ത്രം പറയുന്നുണ്ട്. ദമ്പതികളുടെ ജാതകവും ഗ്രഹനിലയും വച്ച് ഈ സമയം ഏതെന്ന് ഡോക്ടര്‍മാര്‍ പറയും ആരോഗ്യഭാരതി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. അശോക് കുമാര്‍ വാര്‍ഷ്‌ണെ പറഞ്ഞു. കുറഞ്ഞ ഐക്യുവും താഴ്ന്ന വിദ്യാഭ്യാസ നിലവാരവുമുള്ള മാതാപിതാക്കള്‍ക്കും മികച്ച ബുദ്ധിശക്തിയുള്ള കുഞ്ഞുങ്ങള്‍ ജനിക്കും. ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചാല്‍ കറുത്ത നിറമുള്ള മാതാപിതാക്കളുടെ കുട്ടിക്ക് നിറമുണ്ടാകും. ഉയരക്കുറവുള്ള മാതാപിതാക്കളുടെ കുട്ടിക്ക് ഉയരവുമുണ്ടാകും. ആരോഗ്യഭാരതി ദേശീയ കണ്‍വീനര്‍ ഡോ. ഹിതേഷ് ജാനി പറഞ്ഞു. ജാംനഗറിലെ ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാലയിലെ പഞ്ചകര്‍മ വിഭാഗം തലവനാണ് ഹിതേഷ് ജാനി.

2020 ആകുമ്പോഴേക്കും എല്ലാ സംസ്ഥാനങ്ങളിലും ഗര്‍ഭ് വിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്രം സ്ഥാപിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. എന്നാല്‍ ക്ലാസിന്റെ ശാസ്ത്രീയത ചോദ്യം ചെയ്ത് കൊല്‍ക്കത്ത ഹൈക്കോടതി രംഗത്തെത്തി. ആര്‍എസ്എസിന്റെ ആരോഗ്യവിഭാഗമായ ‘ആരോഗ്യഭാരതി’ നടത്തിയ വര്‍ക്ക് ഷോപ്പുകളുടെ ശാസ്ത്രീയത വ്യക്തമാക്കണമെന്നാണ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശം.

പശ്ചിമ ബംഗാളില്‍ ‘ഗര്‍ഭ സന്‍സ്‌കാര്‍ ‘ എന്ന പേരില്‍ രണ്ട് ദിവസങ്ങളിലായി ആര്‍എസ്എസ് സംഘടിപ്പിക്കുന്ന വര്‍ക്ക് ഷോപ്പുകളിലാണ് സമര്‍ത്ഥരായ കുട്ടികളെ ഗര്‍ഭം ധരിക്കാനുള്ള മാര്‍ഗങ്ങള്‍ ഉപദേശിച്ചത്. സമര്‍ത്ഥരായ കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള പരമ്പരാഗത ഗര്‍ഭധാരണ രീതികളാണ് സന്‍സ്‌കാരില്‍ വിശദീകരിക്കുന്നത്. ഈ ക്ലാസിന്റ ശാസ്ത്രീയത സംബന്ധിച്ച് തെളിവ് നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Top