ഫസല്‍ വധക്കേസില്‍ നിര്‍ണ്ണായകമായ വെളിപ്പെടുത്തല്‍ പുറത്ത്; തങ്ങളാണ് വധിച്ചതെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പൊലീസിന് മൊഴി നല്‍കി

കണ്ണൂര്‍: വാര്‍ത്താ പ്രാധാന്യം നേടിയ ഫസല്‍ വധക്കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ ആര്‍എസ് എസ് പ്രവര്‍ത്തകരെന്ന് വെളിപ്പെടുത്തല്‍. എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസലിനെ വധിച്ചത് തങ്ങളാണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സിപിഎം നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും കേസില്‍ പങ്കില്ലെന്നും താനുള്‍പ്പെടുന്ന പ്രവര്‍ത്തകരാണ് വധത്തിന് പിന്നിലെന്നും മാഹി ചെമ്പ്ര സ്വദേശി സുബീഷ് കഴിഞ്ഞ ഒക്ടോബറില്‍ പോലീസിന് മൊഴി നല്‍കുന്ന വീഡിയോയാണ് ഇന്ന് പുറത്തു വന്നത്.

സിപിഎം പ്രാദേശിക നേതാവ് പടുവിലായി മോഹനന്‍ വധക്കേസില്‍ ചോദ്യം ചെയ്യവെയാണ് സുബീഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2014 ലെ ചിറ്റാരിപ്പറമ്പ് പവിത്രന്‍ കൊലക്കേസിലും തങ്ങള്‍ക്ക് പങ്കുണ്ടെന്ന് സുബീഷ് വെളിപ്പെടുത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതീഷ്, പ്രമേഷ്, ഷിനോയ് എന്നിവരും താനുമുള്‍പ്പെട്ട സംഘമാണ് ഫസല്‍ വധത്തിന് പിന്നിലെന്നാണ് സുബീഷിന്റെ മൊഴി. ആര്‍എസ്എസിന്റെ കൊടികളും ബാനറുകളും നശിപ്പിച്ചതിന് പ്രതികാരമായാണ് കൊലയെന്നും മൊഴിയില്‍ പറയുന്നുണ്ട്.

മൊഴിയുടെ ശബ്ദരേഖയും വീഡിയോയും അടങ്ങുന്ന തെളിവുകള്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി, ഡിജിപിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിച്ചിരുന്നു. സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് പുതിയ വെളിപ്പെടുത്തല്‍.
ഫസല്‍ വധക്കേസ് സി.ബി.ഐ.യാണ് അന്വേഷിക്കുന്നത്. കേസില്‍ എഴും എട്ടും പ്രതികളാണ് കാരായി രാജനും ചന്ദ്രശേഖരനും.

തലശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരനുമുള്‍പ്പെടെ എട്ട് സിപിഎം പ്രവര്‍ത്തകരാണ് ഫസല്‍ വധത്തിന് പിന്നിലെന്നായിരുന്നു സി.ബി.ഐ കണ്ടെത്തിയിരുന്നത്.
2006 ഒക്ടോബര്‍ 22ന് റംസാനിലെ അവസാനത്തെ നോമ്പ് ദിവസം പുലര്‍ച്ചെയാണ് പത്രവിതരണത്തിനു പോയ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയത്. സംഭവം ആര്‍.എസ്.എസ്സിന്റെ മേല്‍ കെട്ടിവച്ച് സാമുദായികസ്പര്‍ധ ഉയര്‍ത്തിവിടാന്‍ കാരായി രാജനും ചന്ദ്രശേഖരനും ശ്രമിച്ചതായി അന്ന് ആരോപണമുയര്‍ന്നിരുന്നു.

Top