കേരളത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്; മലപ്പുറത്ത് റംസാന്‍ മസമായതിനാല്‍ ഹോട്ടല്‍ അടപ്പിച്ചതായി വ്യാജ പ്രചാരണം

തിരൂര്‍: വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ സംഘപരിവാര്‍ കേരളത്തില്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. റംസാന്‍ മാസത്തില്‍ തന്നെ ഇതിനായി ഗൂഢശ്രമം നടത്തുന്നതായാണ് വിവരം. മലപ്പുറത്ത് ക്ഷേത്രം തകര്‍ത്തത് ഉള്‍പ്പെടെ ഉള്ള പ്രശ്‌നങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും സംശയിക്കുന്നു. എന്നാല്‍ ഇത് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതോട് കൂടി പൊളിഞ്ഞ് പോകുകയായിരുന്നു.

എന്നാല്‍ റമദാന്‍ പ്രമാണിച്ച് ഹോട്ടല്‍ ബലമായി അടപ്പിച്ചെന്ന മറ്റൊരു വ്യാജപ്രചാരണം കഴിഞ്ഞ ദിവസം സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. ഇതും പൊളിഞ്ഞ് പോകുന്ന കാഴ്ച്ചയാണ് ഇപ്പോള്‍. വാടകക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മേല്‍വാടകക്കാരന്‍ ഒഴിയാന്‍ തീരുമാനിച്ച ഹോട്ടലിനെയാണ് റംസാന്‍ മാസമായതിനാല്‍ അടപ്പിക്കാന്‍ ശ്രമിച്ചു എന്ന് സംഘപരിവാര്‍ പ്രചരിപ്പിച്ചത്.

എന്നാല്‍ ജനം ടിവിയില്‍ അഭിമുഖം നല്‍കി മേല്‍വാടകക്കാരന്‍ രംഗത്തെത്തുകയും സമൂഹ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തതോടെയാണ് സംഭവം ചര്‍ച്ചയായത്. താഴെപ്പാലത്തെ ലീഗ് നിയോജക മണ്ഡലം ഓഫിസിന് താഴെയുള്ള ഒറ്റമുറി ഹോട്ടല്‍ നടത്തിയിരുന്ന താനൂര്‍ സ്വദേശിയാണ് വിവാദത്തിന് തിരികൊളുത്തിയത്. ലീഗ് കമ്മിറ്റിയില്‍ നിന്ന് മുറി വാടകക്കെടുത്തയാളില്‍നിന്ന് മേല്‍വാടകക്കെടുത്ത് ഹോട്ടല്‍ നടത്തുകയായിരുന്നു താനൂര്‍ സ്വദേശി.

കരാര്‍ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് യഥാര്‍ഥ വാടകക്കാരന്‍ പൊലീസിനെ സമീപിക്കുകയും സ്‌റ്റേഷനില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ താനൂര്‍ സ്വദേശി മുറി ഒഴിയാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ പൂട്ടുകയായിരുന്നു. എന്നാല്‍ റദമാന്‍ പ്രമാണിച്ച് ഹോട്ടല്‍ നിര്‍ബന്ധമായി അടപ്പിച്ചെന്ന് കാണിച്ച് താനൂര്‍ സ്വദേശി രംഗത്തെത്തുകയായിരുന്നു. സംഭവവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് മുസ്‌ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി. സൈതലവി മാസ് റ്റര്‍, ജനറല്‍ സെക്രട്ടറി വെട്ടം ആലിക്കോയ എന്നിവര്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.

ബീഫ് നിരോധനവും റമദാന്‍ ഒന്നിന് മലപ്പുറത്ത് ക്ഷേത്രം തകര്‍ത്തു എന്ന വ്യാജവാര്‍ത്ത പ്രചാരണത്തിന് ശേഷം സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ സൃഷ്ടിച്ച കെട്ടുകഥയാണ് വാര്‍ത്തക്ക് കാരണമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

മലപ്പുറത്തെ മതസൗഹാര്‍ദ്ദം തകര്‍ത്ത് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ ഒടുവിലത്തെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. നേരത്തെ അമ്പലം തകര്‍ത്തതുമായ ബന്ധപ്പെട്ട വിഷയത്തില്‍ സാമൂഹിക മാധ്യമങ്ങളീലൂടെ വന്‍തോതില്‍ വര്‍ഗീയ പ്രചരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ പൊലീസ് വളരെ പെട്ടെന്ന് പ്രതിയെ പിടിച്ചതോടെയാണ് വര്‍ഗ്ഗീയ ധ്രൂവീകരണശ്രമത്തിനുള്ള നീക്കം പാളിയത്.

Top