ലണ്ടന്‍ന്മ വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് അറസ്റ്റില്‍. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍നിന്നാണ് അസാന്‍ജിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി അസാന്‍ജിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 2010 ല്‍ യുഎസ് സര്‍ക്കാരിന്റെ നയതന്ത്ര രേഖകള്‍ ചോര്‍ത്തി വിക്കിലീക്സില്‍ പ്രസിദ്ധീകരിച്ചതിന് അന്വേഷണം നേരിടുന്ന അസാന്‍ജ് 2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയാണ്.
ബലാത്സംഗ കേസില്‍ പ്രതിയായ അസാഞ്ജ് ഏഴ് വര്‍ഷത്തോളമായി ഇവിടെ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു. ഇക്വഡോര്‍ സര്‍ക്കാരിന്റെ അനുമതിയോടെയാണ് അറസ്റ്റെന്ന് ലണ്ടന്‍ മെട്രോപോളിറ്റന്‍ പോലീസ് പറഞ്ഞു. അടുത്ത കാലത്ത് ഇക്വഡോര്‍ സര്‍ക്കാരിന് അസാഞ്ജിനോടുള്ള നീരസമാണ് അഭയം നല്‍കിയത് പിന്‍വലിക്കാനുള്ള കാരണമെന്നാണ് വിലയിരുത്തുന്നത്. അസാഞ്ജിന് അഭയം നല്‍കാനുള്ള തീരുമാനം തങ്ങള്‍ പിന്‍വലിച്ചതായി ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മൊറിനോ പറഞ്ഞു.
2010ല്‍ അമേരിക്കയുടെ പ്രതിരോധ രഹസ്യ രേഖകള്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ കോളിളക്കമുണ്ടാക്കിയ നിരവധി വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നതിലൂടെയാണ് ഓസ്ട്രേലിയന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ ജൂലിയന്‍ അസാഞ്ജ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്. വിവിധരാജ്യങ്ങളിലെ മാധ്യമങ്ങളിലൂടെയും സ്വന്തം വെബ്‌സൈറ്റിലൂടെയും ഒരുകോടിയിലേറെ രേഖകള്‍ പ്രസിദ്ധീകരിച്ചു. 2006 ല്‍ ആരംഭിച്ച വിക്കിലീക്സ് പലതവണ നിരോധിച്ചുവെങ്കിലും പല ഇന്റര്‍നെറ്റ് വിലാസങ്ങളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. അമേരിക്ക അസാഞ്ജിനെതിരെ ക്രിമിനല്‍ അന്വേഷണം ആരംഭിക്കുകയും അദ്ദേഹത്തെ പിടികൂടാന്‍ വിവിധ രാജ്യങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു. അസാഞ്ജിനെ പിടികൂടുക എന്നത് തങ്ങളുടെ പ്രധാന ആവശ്യമാണെന്ന് അമേരിക്ക പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
2012-ലാണ് അസാഞ്ജിന്റെ പേരില്‍ സ്വീഡന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 2012 ജൂണ്‍ 29-ന് കോടതിയില്‍ കീഴടങ്ങണമെന്നായിരുന്നു നിര്‍ദേശം. കോടതിയില്‍ കീഴടങ്ങാന്‍ തയ്യാറായിട്ടില്ലാത്തതിനാലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സ്വീഡന്റെ നിര്‍ദേശപ്രകാരം 2010 ഡിസംബറില്‍ ബ്രിട്ടനാണ് അസാഞ്ജിനെ അറസ്റ്റുചെയ്തത്. പിന്നീട് ജാമ്യത്തില്‍വിട്ടു. സ്വീഡനിലേക്ക് നാടുകടത്താതിരിക്കാന്‍ നടത്തിയ നിയമയുദ്ധം പരാജയപ്പെട്ടു. ഇതോടെയാണ് അറസ്റ്റ് ഒഴിവാക്കാന്‍ ഇദ്ദേഹം ഇക്വാഡോര്‍ എംബസിയില്‍ അഭയം തേടിയത്.
ഓസ്‌ട്രേലിയക്കാരനായ അസാഞ്ജിന്റെ പേരില്‍ 2010 ഓഗസ്റ്റിലാണ് യുവതി ബലാത്സംഗ ആരോപണമുന്നയിച്ചത്. സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ നടന്ന വിക്കിലീക്‌സ് സമ്മേളനത്തിന് ഏതാനും ദിവസംമുമ്പ് അസാഞ്ജ് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ആരോപണം അസാഞ്ജ് നിഷേധിച്ചു. 2016 നവംബറില്‍ സ്വീഡിഷ് കുറ്റാന്വേഷകര്‍ എക്വഡോര്‍ എംബസിയിലെത്തി അസാഞ്ജിനെ ചോദ്യംചെയ്‌തെങ്കിലും കേസില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. കേസിന്റെ നിയമസാധുത 2020 ഓഗസ്റ്റിലാണ് അവസാനിക്കുക.